‘മന് കീ ബാത്ത്’ എന്ന പ്രതിമാസ റേഡിയോ പരിപാടി സര്‍ക്കാരിന്റെ കാര്യങ്ങളെല്ല മറിച്ച് രാജ്യത്തിന്റെ കാര്യങ്ങളാണ് പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ‘മന് കീ ബാത്തി’ന്റെ അന്‍പതാം എപ്പിസോഡാണ് നടന്നത്.
‘മന് കീ ബാത്ത്’ തുടങ്ങിയപ്പോള്‍ രാഷ്ട്രീയം അതിന്റെ ഭാഗമാകില്ലെന്ന് താന്‍ നിശ്ചയിച്ചിരുന്നുവെന്നും ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ തനിക്ക് ശക്തി നല്‍കിയത് ജനങ്ങളാണെന്നും മോദി വ്യക്തമാക്കി. ‘മന് കീ ബാത്ത്’ പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളോട് മോദി നന്ദി പറഞ്ഞു.
1998ല്‍ താന്‍ ഹിമാചലില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു ചെറിയ ചായക്കടയില്‍ ചായ കുടിക്കുന്ന നേരത്ത് ആ കടയിലെ കടക്കാരന് തനിക്ക് ഒരു മധുര പലഹാരം തന്നത് താന്‍ ഓര്‍ക്കുന്നുവെന്ന് മോദി പറഞ്ഞു. എന്തിനാണ് തനിക്ക് മധുര പലഹാരം തന്നതെന്ന് മോദി ചോദിച്ചപ്പോള്‍ അന്നാണ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വിവരം അറിയിച്ചതെന്ന് കടക്കാരന് പറഞ്ഞു. ഹിമാചലിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ജോലി ചെയ്യുന്ന ഒരാള്‍ റേഡിയോയിലൂടെ ഇക്കാര്യങ്ങളറിഞ്ഞ് സന്തോഷവാനാകുന്നത് കണ്ടപ്പോള്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് മോദി പറഞ്ഞു. ഈ സംഭവമാണ് തന്നെ ‘മന് കീ ബാത്ത്’ പോലൊരു റേഡിയോ പരിപാടി തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും മോദി വ്യക്തമാക്കി.
ശുചിത്വം, റോഡ് സുരക്ഷ, ലഹരി മുക്ത ഇന്ത്യ തുടങ്ങിയ കാര്യങ്ങളെപ്പറ്റി മാധ്യമങ്ങള്‍ വലിയ രീതിയില്‍ പ്രചരണം നടത്തിയെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്നത്തെ ഭാരതത്തിലെ യുവ ജനത വലിയ അഭിലാഷങ്ങള്‍ വെക്കുന്നവരാണെന്നും അത് രാഷ്ട്രത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
‘മോദി എന്ന വ്യക്തി വരുകയും പോകുകകയും ചെയ്യും. എന്നാല്‍ നമ്മുടെ സംസ്കാരവും നമ്മുടെ രാജ്യവും ഇവിടെ തന്നെയുണ്ടാകും,’ അദ്ദേഹം പറഞ്ഞു.
Discussion about this post