ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ പിരിച്ച് വിട്ടതിന് ശേഷം പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ശൗചാലയങ്ങളും കുടിവെള്ളവും സര്‍ക്കാരിന് ഒരുക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്തര്‍ക്ക് വിരിവെക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് അവിടെയുള്ളതെന്നും ഒരു ഓലപ്പുര കെട്ടാന്‍ പോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സര്‍ക്കാരും ബി.ജെ.പിയും ആര്.എസ്.എസും തമ്മില്‍ അവിശുദ്ധ കൂട്ട്കെട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഘടകക്ഷിയായ സി.പി.ഐയെപ്പോലും സര്‍ക്കാരിന് ബോധ്യപ്പെടുത്താനായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുപോലുള്ള സര്‍ക്കാര്‍ കാര്യങ്ങള്‍ ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ശബരിമലയില്‍ തെളിയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേള മാറ്റിവെച്ച് ശബരിമല വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. കാര്യങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായ നിയമസഭയില്‍ പോലും അതിന്റെ അവസരം നിഷേധിക്കപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post