ശബരിമലയിലെ പോലീസ് നടപടികളെ ചോദ്യം ചെയ്ത് കൊണ്ട് ഹര്‍ജി നല്കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം. വില കുറഞ്ഞ പശസ്തിക്ക് വേണ്ടി ദുരുദ്ദേശപരമായ ഹര്‍ജിയാണ് ശോഭാ സുരേന്ദ്രന് നല്‍കിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പബ്ലസിറ്റി സ്റ്റണ്ട് നടത്താനുള്ള ശ്രമമാണിതെന്നും കോടതി വിമര്‍ശിച്ചു. പിഴയായി 25,000 രൂപ അടയ്ക്കാനും ശോഭാ സുരേന്ദ്രനോട് കോടതി നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ പോലീസ് നടപടിയില്‍ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും,വീഴ്ച വന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പിന്‍വലിച്ചു കൊണ്ട് നിരുപാധികം മാപ്പു പറയാം എന്ന ശോഭ സുരേന്ദ്രന്റെ അഭിഭാഷകന് പറഞ്ഞത് കോടതി അംഗീകരിച്ചില്ല. ഇത്തരം അനാവശ്യ ഹര്‍ജികള്‍ തടയുന്നതിന് സമൂഹത്തിനു ഒരു സന്ദേശം നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിഴയോട് കൂടി ഹര്‍ജി തള്ളിയത്.
ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെയും കേന്ദ്ര മന്ത്രിയെയും തടയുന്ന അവസ്ഥയുണ്ടായെന്ന് ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എ്നാല്‍ ഇത് പഴയ കേസുകളാണെന്നും അതും ഇതും കൂടി കൂട്ടി വായിക്കേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.
Discussion about this post