നിയമസഭയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ വേണ്ടിയുള്ള അടിയന്തിര പ്രമേയത്തിന്റെ ചര്‍ച്ച തുടങ്ങി. വി.ഡി.സതീശന് എം.എല്‍.എയാണ് അടിയന്തര പ്രമേയം മുന്നോട്ട് വെച്ചത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി.ഡി.സതീശന് ഉന്നയിച്ചിരിക്കുന്നത്.
പ്രളയം കഴിഞ്ഞ് 100 ദിനങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ നടത്താനായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തില്‍ 20,000ത്തിലധികം വീടുകള്‍ തകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് മൂലം താമസസൗകര്യം നഷ്ടപ്പെട്ടവര്‍ക്ക് പകരം താമസിക്കാന്‍ സര്‍ക്കാര്‍ ഒന്നും ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രളയ സമയത്ത് രക്ഷ പ്രവര്‍ത്തനത്തിന് വന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ നശിച്ചുവെന്നും അതിനും യാതൊരു നടപടിയും സര്ക്കാരെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയം മൂലം പതിനായിരത്തില്‍ അധികം കോടിയുടെ നെല്‍കൃഷി നശിച്ചുവെന്ന് കണക്കാക്കിയിട്ടുണ്ടെന്നും ഇതില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാട്ടെ കര്‍ഷകര്‍ക്ക് സ്പെഷ്യല്‍ പാക്കേജും നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെയും സര്‍ക്കാര്‍ വിലായിരുത്തിയില്ലെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പരാജയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൗഡ് ഫംണ്ടിംഗ് പദ്ധതി പാളിപ്പോയെന്നും കുടുംബശ്രീയുടെ ലോണ്‍ നിബന്ധന വായിച്ചാല്‍ ആര്‍ക്കും ലോണ്‍ എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പാവപ്പെട്ടവരെ കബിളിപ്പിച്ചപ്പോള് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച നവ കേരളം പദ്ധതി അര്‍ത്ഥമില്ലാത്ത ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു അന്താരാഷ്ട്ര ഏജന്‍സി 500 വീടുകള്‍ വെക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നുവെന്നും ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും വി.ഡി.സതീശന് പറഞ്ഞു. സര്‍ക്കാര്‍ ഒരു ലക്ഷം രൂപ മാത്രം നല്കിയാല് മതിയെന്ന ആശയം മുന്നോട്ട് വെച്ചിട്ടും പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദുരിതാശ്വാസത്തിനായി സര്‍ക്കാരിന് 4,385 കോടി കിട്ടിയിട്ട് 592 കോടി മാത്രമാണ് ചിലവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കിട്ടിയ തുകയുടെ അഞ്ചില്‍ ഒന്ന് തുക പോലും സര്‍ക്കാര്‍ ചിലവാക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിദേശത്ത് പോയി വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന് പണം കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഗൗരവ പരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post