പ്രവാസിയോട് ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹര്‍ജിയിലില്ലെന്നും കേസിന്റെ അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ക്രൈംബ്രാഞ്ചിന് വിട്ട ഹൈക്കോടതി വിധിക്കെതിരെയായിരുന്നു പി.വി.അന്‍വര്‍ എം.എല്‍.എ ഹര്‍ജി സമര്‍പ്പിച്ചത്.
കര്‍ണാടകയില്‍ നടത്തുന്ന ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അന്‍വര്‍ പണം തട്ടിയെടുത്തുവെന്നാരോപിച്ച് ഏറനാട് സ്വദേശി സലിമായിരുന്നു പരാതി നല്‍കിയത്. മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് വിട്ട് നല്‍കുകയായിരുന്നു. കോടതി ഉത്തരവ് വസ്തുതകള്‍ മനസിലാക്കാതെയാണെന്നും അതിനാല്‍ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പുനഃപരിശോധിക്കേണ്ട വസ്തുതകള്‍ ഹര്‍ജിയിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പി.വി.അന്‍വര്‍ ഒരു എം.എല്‍.എ ആയതിനാല്‍ സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്ന് വിലയിരുത്തിയായിരുന്നു അന്വേഷണത്തിനുള്ള കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കേണ്ടത്. ഇതിനായി ഒരു മാസത്തിനുള്ളില്‍ ഡി.ജി.പി ഉത്തരവ് ഇറക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു.
Discussion about this post