ക്രൂഡ് ഓയില്‍ വിലയിടിവ് രാജ്യത്തെ റവന്യു കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന ആശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വില കുറയുന്നത് വിലക്കയറ്റതോത് പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമല്ലോയെന്ന് ജനങ്ങളും നെടുവീര്‍പ്പിടുന്നു. എന്നാല്‍ വിലയിടിവ് തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയെ വൈകാതെ മാന്ദ്യം പിടികൂടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ എപ്രകാരമായിരിക്കും അത് പ്രതിഫലിക്കുക?
ഗള്‍ഫ് രാജ്യങ്ങളിലെ വരുമാനത്തിന്റെ 90 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്. കഴിഞ്ഞ ജൂണില്‍ 115 ഡോളര്‍ ഉണ്ടായിരുന്ന ബ്രന്റ് ക്രൂഡ് വില 60 ഡോളറിന് താഴെയെത്തിയിരിക്കുന്നു. ഇനിയും ഇടിഞ്ഞേക്കാമെന്നും വിപണിയില്‍നിന്നുള്ള വിലയിരുത്തലുകള്‍ സൂചന നല്‍കുന്നു.
ഒപെക് രാജ്യങ്ങള്‍ക്ക് (ഇറാന്‍ ഒഴികെ) എണ്ണ കയറ്റുമതിയിനത്തില്‍ ലഭിച്ച വരുമാനത്തില്‍ 2013നെ അപേക്ഷിച്ച് 2014ല്‍ 14 ശതമാനം ഇടിവുണ്ടായതായാണ് യു.എസ് എനര്‍ജി ഇന്‍ഫോര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. 70,000 കോടി ഡോളറാണ് 2014ല്‍ ഇതുവരെ ലഭിച്ച വരുമാനം. 2015ല്‍ 44,600 കോടി ഡോളറായി വരുമാനം കുറയുമെന്നാണ് വിലയിരുത്തല്‍. 2013ലെതിനേക്കാള്‍ 46 ശതമാനം ഇടിവ്. ഒപെകിലെ ചെറുകിട രാജ്യങ്ങളായ വെനെസുല, ഇറാഖ്, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ വരുമാനത്തെയാണ് എണ്ണവിലയിടിവ് ആദ്യംബാധിക്കുക. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇപ്പോള്‍തന്നെ റവന്യു കമ്മി അഭിമുഖീകരിക്കുകയാണ്.
ബജറ്റ് കമ്മികൂടി ആകുന്നതോടെ വമ്പന്‍ പദ്ധതികളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും. ഇത് ജനങ്ങളുടെ ധനവിനിമയശേഷിയെ കാര്യമായി ബാധിക്കും. ഗള്‍ഫിലെ നിര്‍മാണ മേഖലയില്‍മാത്രം 20 ലക്ഷത്തോളം മലയാളികളാണ് ജോലിചെയ്യുന്നത്. ഇവരുടെ തിരിച്ചുവരവും പുനരധിവാസവും കേരളത്തിന് താങ്ങാന്‍ കഴിയുമോ?
വിലയിടിവ് ഈരീതിയില്‍ തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബജറ്റ് കമ്മി നേരിടേണ്ടിവരുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ് സാമ്പത്തിക കമ്മിയ്ക്ക് വഴിയൊരുക്കുമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റീന ലഗാര്‍ഡെയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടിയന്തിരമായി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ് നിര്‍ദേശിക്കുന്നു. പൊതുവിനിയോഗത്തില്‍ കര്‍ശന നിയന്ത്രണം, വരുമാനത്തിനായി മറ്റുസ്രോതസുകള്‍ വികസിപ്പിക്കല്‍ എന്നിവ അനിവാര്യമാണെന്നാണ് മുന്നറിയിപ്പ്.
Discussion about this post