ജമ്മു കശ്മീരില്‍ ഇത്തവണ പതിവിലും മുന്‍പ് തന്നെ മഞ്ഞുവീഴ്ച തുടങ്ങിയതിനാല്‍ പ്രദേശത്ത് നുഴഞ്ഞുകയറ്റം നിലച്ചെന്ന് സൈന്യത്തിലെ അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തവണ നവംബര്‍ മൂന്ന് തന്നെ താഴ്വരയില് മഞ്ഞുവീഴ്ച തുടങ്ങിയിരുന്നു. ഇതിന് ശേഷം പ്രദേശത്ത് ഭീകരരുടെ നുഴഞ്ഞ് കയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കുന്നു.
മഞ്ഞ് വിഴുന്നത് മൂലം കശ്മീരിലെ ചുരങ്ങളും മലയിടുക്കുകളും സഞ്ചാര യോഗ്യമല്ലെന്ന് സൈന്യത്തിലെ മുതിര്‍ന്ന ഒരു ഓഫീസര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നുഴഞ്ഞുകയറ്റം നടത്തിയാല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ ഒക്ടോബറിന് മുന്‍പ് തന്നെ നുഴഞ്ഞ് കയറ്റം നടത്താന്‍ ശ്രമിക്കാറുണ്ടെന്ന് മറ്റൊരു സൈനിക ഓഫീസര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കശ്മീരില്‍ സൈന്യം അതീവ ജാഗ്രതയാണ് നിലനിര്‍ത്തുന്നത്. ചില ഭീകര സംഘടനകള്‍ മോശം കാലാവസ്ഥയിലും നുഴഞ്ഞുകയറ്റം നടത്താറുണ്ടെന്ന് സൈന്യം വിലയിരുത്തുന്നു.
2018ല്‍ നുഴഞ്ഞുകയറ്റത്തിനിടെ 47 ഭീകരരെയായിരുന്നു സൈന്യം വധിച്ചത്. കുപ്വാര, ഗുരേസ്, ഉറി, മചില്‍ എന്നീ പ്രദേശങ്ങളിലെ നിയന്ത്രണരേഖ മറികടന്നാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം മാത്രം രണ്ട് ഭീകരരെയായിരുന്നു സൈന്യം നുഴഞ്ഞുകയറ്റത്തിനിടെ വധിച്ചത്.
കശ്മീരില്‍ നിലവില്‍ 250 മുതല്‍ 300 വരെ ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈന്യം പോലീസും വിലയിരുത്തുന്നത്. ഈ കൊല്ലം 238 ഭീകരരെ വിവിധ ഏറ്റുമുട്ടലുകളില്‍ സുരക്ഷാ സൈനികര്‍ വധിച്ചിരുന്നു.
Discussion about this post