മധ്യ പ്രദേശിലെ ഏക സമാജ്വാദി പാര്‍ട്ടി എം.എല്‍.എയ്ക്ക് മന്ത്രി പദവി നല്‍കാത്തതില്‍ പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഈ നിലപാട് മൂലം ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചേക്കില്ലെന്നും അഖിലേഷ് യാദവ് സൂചന നല്കി.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ സമാജ്വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും പിന്തുണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആവശ്യം വന്നിരുന്നു. ബി.എസ്.പി മധ്യപ്രദേശില്‍ രണ്ട് സീറ്റുകളായിരുന്നു നേടിയിരുന്നത്. എന്നാല്‍ ഇരു പാര്‍ട്ടികളിലെയും എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രി പദവി നല്‍കിയിരുന്നില്ല.
അഖിലേഷ് നയിക്കുന്ന സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും ചേര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ച് മത്സരിച്ചേക്കുമെന്ന് സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയേക്കാവുന്ന പ്രസ്താവനകള്‍ അഖിലേഷ് യാദവ് നടത്തിയിരിക്കുന്നത്.
ഇത് കൂടാതെ താന്‍ ഹൈദരാബാദില്‍ ചെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കാണുമെന്നും അഖിലേഷ് അറിയിച്ചു. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഒരു സഖ്യം രൂപീകരിക്കാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. നിലവില്‍ അഖിലേഷിന്റെ പ്രസ്താവനകളോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post