മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളം നിസ്സഹായനായിരുന്നുവെന്ന് ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രം വെളിപ്പെടുത്തുമെന്ന് നടും ബി.ജെ.പി എം.പിയുമായ പരേശ് രാവല്‍ അഭിപ്രായപ്പെട്ടു. മന്മോഹന് സിംഗിന്റെ പേര് മോശമാക്കപ്പെട്ടുവെങ്കില് അതിന് കാരണം കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിത്രത്തിന് വിലക്കേര്‍പ്പെടുത്താനാകില്ലെന്നും പരേശ് രാവല്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കിയിട്ടുണ്ടെങ്കില് അതിന്റെ പ്രദര്‍ശനം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിനെതിരെ ഒരു എതിര്‍പ്പ് പ്രകടിപ്പിക്കാത്തവര്‍ എങ്ങനെയാണ് ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളതെന്ന് ചിത്രത്തിന്റെ ടീസറില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ഇന്ത്യയില്‍ കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരും അടിച്ചമര്‍ത്തപ്പെടുകയാണെന്ന നടന് നസിറുദ്ദിന്‍ ഷായുടെ വിമര്‍ശനത്തിനെതിരെയും പരേശ് രാവല്‍ സംസാരിച്ചു. ഈ രാജ്യം ജീവിക്കാന്‍ യോഗ്യമല്ലായെന്ന നസിറുദ്ദിന്‍ ഷായുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പരേശ് രാവല്‍ വ്യക്തമാക്കി. ഇന്ത്യ ജീവിക്കാന്‍ യോഗ്യമല്ലായെന്ന് പറഞ്ഞതിന് ശേഷവും നസിറുദ്ദിന്‍ ഷാ സുരക്ഷിതമായി ജീവിക്കുന്നുണ്ടെന്ന വസ്തുത തന്നെ ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ടെന്നതിന്റെ തെളിവാണെന്ന് പരേശ് രാവല്‍ ചൂണ്ടിക്കാട്ടി.
Discussion about this post