വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷന് ലോക നിലവാരത്തിലേക്കുയര്‍ത്താന്‍ തയ്യാറെടുത്ത് മോദി സര്‍ക്കാര്‍. ഇതിന് വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐ.ആര്.എസ്.ഡി.സി അധികൃതര്‍ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ പദ്ധതിയുള്ള സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനുള്ളത്. ഏകദേശം 600 കോടി രൂപയ്ക്കാണ് പ്രവര്‍ത്തനം നടത്തുക. സ്റ്റേഷനോട് ചേര്‍ന്ന തരിശ് പുറമ്പോക്കുള്പ്പെടെയുള്ള പ്രദേശം ഉള്‍പ്പെടുത്തിയാണ് വികസനം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശിവഗിരിയുടെയും വര്‍ക്കലയുടെയും വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി സന്യാസി ശ്രേഷ്ഠരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ലോക ടൂറിസം ഭൂപടത്തിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയുടെ നിലവാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.
തീര്‍ത്ഥാടന ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാന്‍ വര്‍ക്കലയിലേക്കും ശിവഗിരിയിലേക്കുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നത് നല്ല കാര്യമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയുള്ള ഒരു റിപ്പോര്‍ട്ടും അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രത്തിന് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും അഭിപ്രായം ചോദിച്ചിട്ടുണ്ട്. വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കുവാന്‍ വേണ്ടിയുള്ള മെമ്മോറാണ്ടം ഒഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എം.ഒ.യു) സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്താല്‍ ഐ.ആര്.എസ്.ഡി.സിയുമായി റെയില്‍വേ സ്റ്റേഷന് വികസനത്തില്‍ എം.ഒ.യു ഒപ്പിടുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കും.
Discussion about this post