കൊച്ചി അയ്യപ്പൻകാവ് എസ്എൻ എച്ച്എസ്സ്‌ക്കൂൾ മുറ്റത്ത് മരം നട്ടുള്ള ഉദ്ഘാടനത്തിനിടെയാണ് മമ്മൂട്ടിയുടെ മരങ്ങളെ കുറിച്ചുള്ള ‘വിജ്ഞാനം’ പുറത്ത് വന്നത്. വയനാട് മാനന്തവാടിയിൽ നടക്കുന്ന നാഷണൽ അഗ്രി ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഒരു ലക്ഷം വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടൻ മമ്മൂട്ടി.
സ്‌ക്കൂൾ അധികൃതർ മരങ്ങളെ കുറിച്ചെല്ലാം വലിയ അറിവുള്ളവരല്ല എന്ന കാരണത്താലെന്തോ നടനായി കൊണ്ടു വന്ന അശോകമരം മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതെന്ത് മരം എന്ന മമ്മൂട്ടിയുടെ ചോദ്യം കേട്ട് സംഘടകർ ഞെട്ടി. പിന്നീട് തിരക്കിട്ട് അധ്യാപകരിലൊരാള്‍ സ്‌ക്കൂൾ പരിസരത്ത് നിന്ന് ഒരു ആൽമരം വേരോടെ പിഴുത് കൊണ്ട് വന്നു. പക്ഷേ ഇതൊരു മരമല്ല എന്നായിരുന്നു നടന്റെ കണ്ടെത്തൽ. ഒടുവിൽ മനസ്സില്ലാ മനസ്സോടെ മരം നട്ട് മമ്മൂട്ടി ഉദ്ഘാടനം പൂർത്തിയാക്കി.
തുടർന്നു നടന്ന സമ്മേളനത്തിൽ തണലും ഫലങ്ങളും തരുന്ന മരങ്ങളാണ് നടേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു. മൈട്രീ ചാലഞ്ചിന്റെ ഭാഗമായി തന്നെ മരം നടാൻ നാടുമുഴുക്കെ വിളിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. മന്ത്രി പി.കെ. ജയലക്ഷ്മി, ഹൈബി ഈഡൻ എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഗതി എന്തായാലും മമ്മൂട്ടിയുടെ മരവിജ്ഞാനം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.
Discussion about this post