ഇടമുറിയാ സംഗീതം പോലെ, ഇടതെറ്റാത്ത മേളപെരുക്കം പോലെ പെയ്തിറങ്ങുന്ന, മഴക്കാലത്ത് രാജനഗരിയായ തൃപ്പൂണിത്തുറ സംഗീതവും താളമേള നാട്യവും പെയ്തിറങ്ങുന്ന പകലിരവിനായി ഒരുങ്ങുകയാണ്. മഴയ്ക്കൊപ്പം കലയെ ചേര്‍ത്ത് പിടിക്കുന്ന പൂര്‍ണോജ്ജ്വലം-2015 എന്ന പേരിലുള്ള മണ്‍സൂണ്‍ ഫെസ്റ്റിന് ഈ മാസം 21ന് തുടക്കമാകും. 28 വരെ നീളുന്ന കലയുടെ പകലിരവുകളില്‍ പ്രശസ്ത ക്രിക്കറ്റ് താരം സൗരവ് ഗാംഗൂലിയുടെ ഭാര്യയും പ്രശസ്ത ഒഡീസി നര്‍ത്തകിയുമായ ഡോണ ഗാംഗുലി, കിരാന ഘരാന ശൈലിയിലെ പ്രമുഖയായ പ്രശസ്ത സംഗീതജ്ഞയുമായ കുസും ഷിന്‍ഡെയുടെ ശിഷ്യയുമായ സാവന്റി സാഥി തുടങ്ങിയ പ്രമുഖ കലാ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. വേദധ്വനി കള്‍ച്ചറല്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.
21നു രാവിലെ 10 മണിക്ക് പഞ്ചവാദ്യ രംഗത്തെ പ്രശസ്തരായ ചേര്‍പ്പുളശേരി ശിവന്, കരിയന്നൂര്‍ നാരായണന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു നയിക്കുന്ന പഞ്ചവാദ്യത്തോടെയാണ് പൂര്ണ്ണോജ്ജ്വലത്തിനു തുടക്കം കുറിക്കുക. വൈകിട്ട് 5 മണിക്കു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം 7 മണിക്ക് ‘കിരാന ഘരാന’ ശൈലിയിലെ പ്രമുഖയും പ്രസിദ്ധസംഗീതജ്ഞയുമായ കുസും ഷിന്‍ഡേയുടെ ശിഷ്യയുമായ സാവനി ഷിന്റെ സാഥിയുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാനി സംഗീത കച്ചേരി അരങ്ങേറും. രാഹുല്‍ ഗോലെ ഹാര്‍മോണിയത്തിലും രത്നശ്രീ തബലയിലും നിരക്കും.
22ന് വൈകിട്ട് 7 മണിക്ക് സോപാന സംഗീതത്തിലെ ശ്രദ്ധേയ യുവ കലാകാരനായ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതത്തിനു ശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ നയിക്കുന്ന തായമ്പക അരങ്ങേറും.
23നു വൈകിട്ട് 7 മണിക്ക് കര്‍ണ്ണാടക സംഗിത രംഗത്തെ പ്രഗത്ഭയായ നിത്യശ്രീ മഹാദേവന്റെ കച്ചേരി അരങ്ങേറും. ഡി. കെ പട്ടാമ്പാളിന്റെയും, പാലക്കാട് മണി അയ്യരുടേയും പൗത്രിയായ നിത്യശ്രീ കൃഷ്ണലീല എന്ന ആശയത്തെ ആസ്പദമാക്കിയാണ് കച്ചേരി. വയലിന് എം എ കൃഷ്ണസ്വാമി, മൃദംഗം ചേര്‍ത്തല അനന്തകൃഷ്ണന്, ഘടം ഉടുപ്പി ബാലകൃഷ്ണന്.
24ന് 7 മണിക്ക് കണ്ണന് കുളങ്ങര വനിതാസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളിക്കു ശേഷം പൈങ്കുളം നാരായണന് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കും.
25നു വ്യാഴാഴ്ച പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം ബാലിവധം കൂടിയാട്ടം അവതരിപ്പിക്കും.
26നു വെള്ളിയാഴ്ച പ്രശസ്ത ഒഡീസി നര്‍ത്തകിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പത്നിയുമായ ഡോണ ഗാംഗുലിയും സംഘവും ഒഡീസി നൃത്തം അവതരിപ്പിക്കുന്നു.
27നു പുറപ്പാടോടുകൂടിയ സമ്പൂര്‍ണ്ണ ശ്രീരാമ പട്ടാഭിഷേകം കഥകളിയാണു പരിപാടി. പ്രശസ്തരായ 30ഓളം കലാകാരന്മാര് പങ്കെടുക്കുന്ന ഒരപൂര്‍വ്വ ദൃശ്യവിരുന്നായിരിക്കും ഈ പരിപാടി.
സമാപനദിനമായ 28നു അമ്പലപ്പുഴ സുരേഷ് വര്‍മ്മയുടെ ഓട്ടന്‍തുള്ളലോടെ വൈകിട്ട് 3 മണിക്ക് പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു ലിംക റിക്കോഡ് ജേതാവും തായമ്പകയിലെ ശ്രദ്ധേയനായ യുവകലാകാരനുമായ ശുകപുരം ദിലീപിന്റെ മലമക്കാവ് ശൈലിയിലുള്ള തായമ്പക അരങ്ങേറും. 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിനു ശേഷം 6.30 പ്രസിദ്ധ നര്‍ത്തകി ഡോ. നീനാ പ്രസാദ് മോഹിനിയാട്ടവും അവതരിപ്പിക്കും. മോഹിനിയാട്ടത്തിന്റെ ശുദ്ധിക്കു കോട്ടം തട്ടാതെ പുതിയ ആവിഷ്കാരങ്ങള്‍ക്കു സാധ്യതയൊരുക്കിയ ഗവേഷക കൂടിയാണ് ഡോ. നീനാ പ്രസാദ്. രാത്രി 8.30ന് ശുകപുരം ദിലീപിന്റെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോടെ പൂര്ണ്ണോജ്ജ്വലത്തിനു സമാപനം കുറിക്കും.
ഭാരതത്തിലെ പ്രമുഖ കലാകാരന്മാര് പങ്കെടുക്കുന്ന മികച്ച ഒരു ദൃശ്യ വിരുന്നാണ് മണ്‍സൂണ്‍ ഫെസ്റ്റിനായി വേദധ്വനി ഒരുക്കുന്നത്. എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.
ഭാരതീയ കലാ സാംസ്ക്കാരിക പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയില്‍ പാരമ്പര്യ ക്ലാസ്സിക്ക് കലാരൂപങ്ങളില്‍ ആസ്വാദനശീലം വളര്‍ത്തുന്നതിനും വേണ്ടി കേരളത്തിന്റെ കലാകേന്ദ്രവും പൈതൃക നഗരിയുമായ തൃപ്പൂണിത്തുറയിലെ ഒരു സംഘം കലാകാരന്മാാരും കലാസ്വാദകരും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള കൂട്ടായ്മയാണ് വേദധ്വനി കള്‍ച്ചറല്‍ ട്രസ്റ്റ്.
വര്‍ഷം തോറും നടത്തുന്ന പൂര്ണ്ണോജ്ജ്വലം എന്ന കലാമേളയ്ക്കു പുറമേ പ്രാദേശികമായി തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലുമുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അവശത അനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുകയും ട്രസ്റ്റിന്റെ ലക്ഷ്യമാണ്.. കവി എസ് രമേശന് നായര്‍, സംഗീതജ്ഞന് കെ.ജി ജയന് , കലാമണ്ഡലം കേശവ പൊതുവാള് , പി.എസ് രാമന് എന്നിവര്‍ ട്രസ്റ്റിന്റെ രക്ഷാധികാരികളാണ്. രഞ്ജിനി സുരേഷ്, ഋഷി പല്‍പ്പു, അരുണ്‍ കല്ല്യാത്ത് എന്നിവരാണ് ട്രസ്റ്റിന്റെ ഭാരവാഹികള്‍. ട്രസ്റ്റിന്റെ കീഴില്‍ കലാമണ്ഡലം കരുണാകരന് സ്മാരക കഥകളി പഠന ഗവേഷണ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Discussion about this post