ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് മേഖലിയില്‍ മുസ്ലിംങ്ങള്‍ റംസാന് വ്രതം അനുഷ്ഠിക്കുന്നത് ചൈനിസ് സര്‍ക്കാര്‍ വിലക്കി. ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്ലിംകളോട് വ്രതം ആചരിക്കരുതെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം.
കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ നോമ്പനുഷ്ഠിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. ആരും നോമ്പനുഷ്ഠിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഹലാല്‍ റസ്റ്റോറന്റുകള്‍ റംസാന് കാലത്ത് പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചിടുന്ന ഇത്തരത്തിലുള്ള ഹോട്ടലുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ സിന്‍ജിയാങ് പ്രവിശ്യയിലെ മാരാല്ബെക്സിയില് പാര്‍ട്ടി അംഗങ്ങള്‍ നോമ്പനുഷ്ഠിക്കില്ലെന്ന്് വാചികമായും രേഖാമൂലവും ഉറപ്പുവാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രവിശ്യയില്‍ സമാന നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നു.
ഇതിനിടെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉയ്ഗൂര്‍ മുസ്ലിംകളുടെ വിശ്വാസത്തെ ചൈനീസ് ഭരണകൂടം രാഷ്ട്രീയവത്കരിക്കുന്നത് സംഘട്ടനത്തിന് വഴിമരുന്നിടുന്നതായി വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് വക്താവ് ദില്ക്സാത് റക്സിത് പറഞ്ഞു.
വിവാദ ഉത്തരവിനെക്കുറിച്ച് പ്രാദേശിക ഭരണകൂടം പ്രതികരിച്ചിട്ടില്ല. പ്രവിശ്യയില്‍ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. ചൈനയില്‍ രണ്ടു കോടി മുസ്ലിംകളുള്ളതില് ചെറിയ ശതമാനം മാത്രമാണ് വംശീയ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്ലിംകള്.
Discussion about this post