കൊച്ചിയില്‍ സംഘടിപ്പിച്ച ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേല് സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി പരിഗണിച്ചതിന് ശേഷമാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
ലിംഗവിവേചനത്തിനെതിരെ ബോധവത്കരണം എന്ന രീതിയില്‍ സംഘടിപ്പിച്ച പരിപാടി സ്ത്രീകളെ അപമാനിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. പരിപാടിയുടെ ഭാഗമായി നടന്ന റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ.എസ്.മേനോനാണ് ഹര്‍ജി നല്‍കിയത്. പരിപാടിയുടെ മറൈന്‍ ഡ്രൈവിലുള്ള കവാടം തയ്യാറാക്കിയത് ദുഃസൂചനയോടെയാണെന്നും ഇതിന് മുന്നില്‍ ഇന്ത്യന്‍ ഭരണഘടന പ്രദര്‍ശിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മുന്‍പ് ഇതേ കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ശബരിമല സുപ്രീം കോടതി വിധി വന്നതിന് ശേഷം ആര്‍ത്തവം അയിത്തമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടി സംഘടിപ്പിച്ചത്. ആര്‍ത്തവം അയിത്തമല്ലായെന്ന പ്രചരണം നടത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ക്ക് തീവ്ര നിലപാടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ പരിപാടിയില്‍ നിന്ന് വിട്ടു നിന്നു. ജനുവരി 12, 13 തീയ്യതികളിലായിരുന്നു പരിപാടി നടന്നത്.
Discussion about this post