കേന്ദ്ര എന്‍.ഡി.എ സര്‍ക്കാരിന്റെ ആറാമത്തേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളാല്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവധിയിലാണ്. അരുണ്‍ ജെയ്റ്റിലയുടെ അഭാവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ് അവതരണത്തിന് മുന്നോടിയായി പീയൂഷ് ഗോയല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. മുന്പുണ്ടായിരുന്നു എന്‍.ഡി.എയുടെ ബജറ്റുകളെല്ലാം തന്നെ അവതരിപ്പിച്ചത് അരുണ്‍ ജെയ്റ്റ്ലിയായിരുന്നു.
- രാജ്യത്ത് പണപ്പെരുപ്പം കുറക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. പണപ്പെരുപ്പ് നിലവില്‍ 4 ശതമാനത്തില്‍ താഴെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തിന് തടയിട്ടില്ലായിരുന്നെങ്കില്‍ ജനങ്ങള്‍ 40 ശതമാനം കൂടുതല്‍ പണം ചിലവാക്കേണ്ടി വന്നേനെയെന്ന് അദ്ദേഹം പറഞ്ഞു.
- ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ജി.ഡി.പിയുടെ വളര്‍ച്ചാ നിരക്ക് മറ്റേത് സര്‍ക്കാരിനെക്കാള്‍ കൂടുതലാണ് നിലവിലുള്ളത്.
- പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജനയുടെ കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ റോഡുകളുടെ നിര്‍മ്മാണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഈ പദ്ധതിക്ക് വേണ്ടി 19,000 കോടിയാണ് ബജറ്റില്‍ അനുവദിച്ചത്. ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് അവരുടെ സ്കൂളുകളിലേക്ക് ബസില്‍ പോകാന്‍ യോഗ്യമായ റോഡുകള്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
- ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ 50 കോടി ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കും. ഇതിനോടകം 10 ലക്ഷം പേര് ഈ പദ്ധതിയിലൂടെ ആരോഗ്യ പരിപാലനം നേടി. രാജ്യത്തെ 22ാമത്തെ എയിംസ് ഹോസ്പിറ്റല്‍ ഹരിയാണയില്‍ വരുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.
- കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയും അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും താങ്ങുവില 1.5 ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നുവെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ഇത് 22 കാര്‍ഷിക വിളകള്‍ക്കും ബാധകമാണ്.
- ഇത് കൂടാതെ 2 ഹെക്ടറില്‍ താഴെ കാര്‍ഷിക ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 6,000 രൂപ പ്രതിവര്‍ഷം നല്കുന്നു. ഇത് മൂന്ന് ഗഡുക്കളിലായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരും. ഇതിലൂടെ 12 കോടി ചെറുകിട കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. 75,000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
- ഫിഷറീസിന് വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ തുടങ്ങുന്നതായിരിക്കും. കന്നുകാലി കര്‍ഷകര്‍ക്കും മത്സ്യകൃഷി ചെയ്യുന്നവര്‍ക്കും 2 ശതമാനം പലിശ ധനസഹായമായി നല്‍കും. ഇത് കൂടാതെ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കും 2 ശതമാനം പലിശ ധനസഹായമായി ലഭിക്കും. വായ്പ കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്ന പക്ഷം 3 ശതമാനം പലിശ ധനസഹായമായി നല്‍കുന്നതായിരിക്കും.
- വണ്‍ റാങ്ക് വണ്‍ പെന്ഷന് (ഒ.ആര്.ഒ.പി) പദ്ധതി മോദി സര്‍ക്കാര്‍ നടപ്പിലാക്കി. പദ്ധതിയുടെ കീഴില്‍ 35,000 കോടി രൂപ ഇതിനോടകം സൈനികര്‍ക്ക് നല്കി. കൂടാതെ സൈനിക ശമ്പളത്തില്‍ വര്‍ധനവുമുണ്ടാകും. പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയിലധികമായെന്ന് പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.
- നിലവില്‍ ഹൈവേകളുടെ നിര്‍മ്മാണത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ ഓരോ ദിവസവും 27 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മ്മിക്കപ്പെടുന്നത്.
- ഇന്ത്യയില്‍ നിലവില്‍ ആളില്ലാത്ത റെയില്‍വേ ക്രോസിംഗ് ഇല്ല. ഇക്കഴിഞ്ഞ വര്‍ഷമാണ് റെയില്‍വേ കണ്ട ഏറ്റവും സുരക്ഷിതമായ വര്‍ഷം.
- സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിലുള്ളവര്‍ക്കും വേണ്ടി നികുതി വെട്ടിക്കുറച്ചു. അതേസമയം നികുതി പിരിവ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 99.54 നികുതി റിട്ടേണും പരിശോധനയ്ക്ക് വിധേയമാക്കാതെ സ്വകീരിച്ചിട്ടുണ്ട്. റിട്ടേണുകള്‍ ഏറ്റവും വേഗത്തില്‍ പരിശോധിക്കാന്‍ വേണ്ട മാറ്റങ്ങള്‍ ആദായ നികുതി വകുപ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.
- സ്വാതന്ത്രത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണമാണ് ജി.എസ്.ടി. ഇതിലൂടെ ഇന്ത്യ ഒരൊറ്റ വിപണിയായി മാറി. സംസ്ഥാനങ്ങളിലൂടെയുള്ള ചരക്കിന്റെ നീക്കം സുഗമമായി. ഇതിന് നിര്‍ണ്ണായകമായത് ഇ-വെ ബില്ലുകളാണ്.
- ആദായ നികുതിയില്‍ ഇളവ് കൊണ്ടുവന്നു. ആദായ നികുതിയുടെ പരിധി 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നികുതിയിനത്തില്‍ റിബേറ്റ് ലഭിക്കും. ഇത് കൂടാതെ വാര്‍ഷിക വരുമാനം 6.5 ലക്ഷം രൂപ വരെയുള്ളവര്‍ പ്രൊവിഡന്റ് ഫണ്ടിലും ഓഹരിയിലും നിക്ഷേപിക്കുകയാണെങ്കില്‍ അവര്‍ക്കും നികുത അടക്കേണ്ടതായി വരില്ല.
- നികുതി രഹിത ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ന്നു. കൂടാതെ ഉയര്‍ന്ന വളര്‍ച്ച മൂലം ഇ.പി.എഫ്.ഒ അംഗത്വം 2 കോടിയായി ഉയര്‍ന്നു.
- പ്രധാന് മന്ത്രി ശ്രം യോഗി മന്ധന് പെന്ഷന് യോജന തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക് 3,000 രൂപ പ്രതിമാസം പെന്ഷന് ലഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സിന് ശേഷമായിരിക്കും ഇത് ലഭിക്കുക.
- ഉജ്ജ്വല പദ്ധതിയുടെ കീഴില്‍ ഇതിനോടകം 6 കോടി എല്‍.പി.ജി കണക്ഷനുകള്‍ സൗജന്യമായി നല്കി. ലക്ഷ്യമായ 8 കോടി ഗൃഹങ്ങള്‍ ഈ വര്‍ഷം തന്നെ നേടുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
- സ്റ്റാര്‍ടപ്പ് ഇന്ത്യയിലൂടെ ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ടപ്പ് കേന്ദ്രമായി ഇന്ത്യ മാറി.
- പ്രധാനമന്ത്രിയുടെ മുദ്ര യോജനയിലെ ഉപഭോക്താക്കളില്‍ 75 ശതമാനം പേരും സ്ത്രീകളാണ്. 26 ആഴ്ചയുടെ പ്രസവാവധിയും പ്രധാനമന്ത്രിയുടെ മാതൃത്വ യോജനയും സ്ത്രീകള്‍ക്ക് ശക്തി പകരുന്നുവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
- സര്‍ക്കാരിന്റെ കള്ളപ്പണ വിരുദ്ധ നിടപടികളിലൂടെ 1.3 ലക്ഷം കോടി രൂപ തിരിച്ച് ലഭിച്ചു. നോട്ട് നിരോധനം മൂലം ഒരു കോടി പേര് ആദായ നികുതിയടച്ചു.
Discussion about this post