ന്യൂസിലണ്ടിനെതിരായ അവസാന ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് മിന്നുന്ന ജയം. 35 റണ്‍സിനാണ് അഞ്ചാം ഏകദിനം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിന്റെ വിജയ ലക്ഷ്യം മുന്നോട്ട് വച്ചു. കീവിപട 217 റണ്‍സ് എടുക്കുന്നതിനിടെ ചിറകറ്റു വീണു
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹലാണ് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയത്. 10 ഓവറില്‍ 41 റണ്‍സാണ് ഇന്ത്യന്‍ സ്പിന്നര്‍ വിട്ടു നല്‍കിയത്. പാണ്ഡ്യയും മുഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
44 റണ്‍സെടുത്ത നീഷം ആണ് ന്യൂസിലണ്ട് നിരയിലെ ടോപ് സ്ക്കോറര്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സ് നേടി. ഹാര്‍ദി പാണ്ഡ്യയും അമ്പാട്ടി റായിഡുവുമാണ് ഇന്ത്യയ്ക്ക് മെച്ചപ്പെട്ട് സ്കോര്‍ നല്‍കിയത്. 22 പന്തില്‍ നിന്നും 5 സിക്സുകളും 2 ഫോറുകളും അടിച്ച് പാണ്ഡ്യ 45 റണ്‍സ് നേടി. അമ്പാട്ടി റായിഡു 90 റണ്‍സ് നേടി. ഏകദിനത്തില്‍ റായിഡുവിന്റെ പത്താമത്തെ അര്‍ധ സെഞ്ചുറിയാണിത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. അതും വെറും 10 ഓവറില്‍ 18 റണ്‍സ് നേടി നില്ക്കുന്ന വേളയില്‍. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, എം.എസ്.ധോണി എന്നിവരായിരുന്നു പുറത്തായത്.
Discussion about this post