കല്‍ക്കത്ത: മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനുമെതിരെ ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗാളില്‍. ബിജെപി ഭരണത്തിലെത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ക്രിമിനലുകളെ യുപി മോഡലില്‍ നേരിടും. എസ്പിയിലെയും ബിഎസ്പിയിലെയും ഗുണ്ടകള്‍ യുപിയില്‍ ചെയ്തത് പോലെ തൃണമൂലിന്റെ ഗുണ്ടകള്‍ ഇവിടെ തങ്ങളുടെ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് പ്ലക്കാര്‍ഡുകള്‍ കഴുത്തിലണിഞ്ഞ് നടക്കും.
നിരവധി രഹസ്യങ്ങള്‍ തൃണമൂല്‍ ഒളിപ്പിച്ചിട്ടുണ്ട്. ബിജെപി ഭരണത്തില്‍ ഇതെല്ലാം പുറത്തുവരും. പുരുലിയയില്‍ നടന്ന റാലിയില്‍ യോഗി വ്യക്തമാക്കി.
നേരത്തെ ബംഗാളില്‍ റാലി നടത്താനിരുന്ന യോഗിക്ക് ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് മമത അനുമതി നിഷേധിച്ചിരുന്നു. മമതയെ വെല്ലുവിളിച്ച് അയല്‍ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ്മാര്‍ഗ്ഗമാണ് യോഗി റാലിക്കെത്തിയത്.
അഴിമതിക്കാരെ സംരക്ഷിക്കാന്‍ ഒരു മുഖ്യമന്ത്രി ധര്‍ണ ഇരിക്കുന്നതിലും വലിയ നാണക്കേട് ജനാധിപത്യത്തില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മമതാ ഭരണം ജനാധിപത്യ വിരുദ്ധവും അഴിമതി നിറഞ്ഞതുമാണ്. അരാജകവാദിയായ മമതക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും യോഗി വ്യക്തമാക്കി.
Discussion about this post