ദേവീകുളം സബ്കളക്ടര്‍ രേണുരാജിനെതിരെ മോശമായ പരാമര്‍ശം നടത്തിയ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനിതാ കമ്മീഷന് വ്യക്തമാക്കി. എം.എല്‍.എ മോശം പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും വനിതാ കമ്മീഷന് പറഞ്ഞു. ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ മോശമായ ഭാഷയില്‍ പരാമര്‍ശം നടത്തിയിട്ടും സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.
മൂന്നാറിലെ പഞ്ചായത്ത് അനധികൃതമായി നിര്‍മ്മിച്ച് കൊണ്ടിരുന്ന കെട്ടിടത്തിന് എന്‍.ഒ.സിയില്ലായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സബ്കളക്ടര്‍ രേണുരാജ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം പഞ്ചായത്ത് നിര്‍ത്തിവെച്ചിരുന്നില്ല. നിര്‍മ്മാണം തടയാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ എം.എല്‍.എ എസ്.രാജേന്ദ്രന് തടഞ്ഞിരുന്നു. സബ്കളക്ടര്‍ക്ക് ബോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഐ.എ.എസ് കിട്ടിയെന്ന് വെച്ച് ഇതൊക്കെ അവള് മനസ്സിലാക്കണ്ടതല്ലെയെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണത്തില്‍ പഞ്ചായത്തിനാണ് അധികാരമെന്നും ഇതില്‍ സബ്കളക്ടര്‍ക്ക് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തില്‍ സബ്കളക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ജോലി എം.എല്‍.എ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്.
Discussion about this post