ഉയ്ഗുര് മുസ്ലീങ്ങള്‍ക്കെതിരെ ചൈന നടത്തി വരുന്ന പീഡനപ്രവര്ത്തനങ്ങള്ക്കെതിര വിമര്‍ശനവുമായി തുര്‍ക്കി രംഗത്ത്. ഉയ്ഗുര് മുസ്ലീങ്ങളോട് ചൈന പെരുമാറുന്ന രീതി മനുഷ്യത്വത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹമി അക്സോയ് പറഞ്ഞു. 10 ലക്ഷത്തില്‍ പരം ഉയ്ഗുര് മുസ്ലീങ്ങളെ ചൈനീസ് അധികൃതര്‍ തടവിലിട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇവരെ അനധികൃത തടങ്കല്‍ പാളയങ്ങളില്‍ കൊണ്ടുപോയി പാര്‍പ്പിക്കുന്നുണ്ടെന്നും ഇവരുടെ രാഷ്ട്രീയ ചായ്വുകള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും ഒരു രഹസ്യമല്ലെന്നും ഹമി അക്സോയ് പറഞ്ഞു. ഉയ്ഗുര് മുസ്ലീങ്ങളുടെ മനുഷ്യാവകാശത്തെ ചൈന അംഗീകരിക്കണമെന്നും തടങ്കല്‍ പാളയങ്ങള്‍ അടച്ച് പൂട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിന് മുന്‍പ് ചൈനയുടെ പെരുമാറ്റത്തിനെതിരെ തുര്‍ക്കിയുടെ പ്രസിഡന്റ് റെസപ്പ് തയ്യിപ് എര്ഡൊഗാനും രംഗത്തെത്തിയിരുന്നു. ചൈന വംശഹത്യ നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയുടെ ഷിന്‍ജിയാങ് പ്രദേശത്ത് ഒരു കോടി ഉയ്ഗുര് മുസ്ലീങ്ങള്‍ ജീവിക്കുന്നുണ്ട്. ഷിന്‍ജിയാങ് പ്രദേശത്തെ ജനസംഖ്യയുടെ 45 ശതമാനവും ഉയ്ഗുര് മുസ്ലീങ്ങളാണ്.
അതേസമയം തുര്‍ക്കിയുടെ ആരോപണങ്ങളെ ചൈന തള്ളിയിട്ടുണ്ട്. തുര്‍ക്കിയുടെ ആരോപണങ്ങള്‍ക്ക് അടിസ്്ഥാനമില്ലെന്ന് തുര്‍ക്കിയിലുള്ള ചൈനീസ് എംബസി പ്രതികരിച്ചു.
Discussion about this post