ചൈനയുടെ നിലപാടുകളെ വെല്ലുവിളിച്ചുകൊണ്ട് യു.എസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈനീസ് കടലിലെ തര്‍ക്ക ഭൂമിയായ ദ്വീപുകളുടെ സമീപത്ത് കൂടി കടന്ന് പോയി. തിങ്കളാഴ്ച സ്പ്രാറ്റ്ലി ദ്വീപുകളുടെ 12 നോട്ടിക്കല്‍ മൈല്‍ അടുത്തു കൂടിയായിരുന്നു യു.എസിന്റെ യുദ്ധക്കപ്പലുകളായ യു.എസ്.എസ് സ്പ്രുവന്സും യു.എസ്.എസ് പ്രെബിളും കടന്ന് പോയത്. കടല്‍ പ്രദേശത്തെ ചൈനയുടെ അനധികൃത അവകാശവാദങ്ങളെ ചെറുക്കാന്‍ വേണ്ടിയാണിതെന്ന് യു.എസ് നാവികസേനയുടെ 7ാം ഫ്ളീറ്റിന്റെ വക്താവ് ക്ലെ ഡോസ് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സഞ്ചരിക്കാന്‍ സാധ്യമാകുന്ന പ്രദേശങ്ങളിലൂടെയെല്ലാം യു.എസ് നാവികസേനയുടെ കപ്പലുകള്‍ സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് ജനുവരിയില്‍ ദക്ഷിണ ചൈനീസ് കടലിലെ പാരസല്‍ ദ്വീപുകള്‍ക്ക് സമീപത്ത് കൂടി യു.എസിന്റെ യുദ്ധക്കപ്പലായ യു.എസ്.എസ് മക്ക്യാംപ്ബെല് സഞ്ചരിച്ചിരുന്നു.
ദക്ഷിണ ചൈനീസ് കടല്‍ പ്രദേശം മുഴുവനും ചൈനയുടേതാണെന്ന വാദമാണ് ചൈനീസ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഈ പ്രദേശത്ത് യു.എസിന്റെ നാവിക നീക്കങ്ങള്‍ അനുവദിക്കില്ലെന്നാണ് ചൈന പറയുന്നത്.
Discussion about this post