പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കലാകാരന്മാരെ ഇന്ത്യ വിലക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന ബോളിവുഡ് നടി ഷബാനാ ആസ്മിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണാ റാവത്ത്. പാക് കലാകാരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ എന്തിന് പാക്കിസ്ഥാനില്‍ തന്നെ പോയി കലാപരിപാടികളില്‍ പങ്കെടുക്കുന്നുവെന്ന് കങ്കണാ റാവത്ത് ചോദിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ ഷബാനാ ആസ്മിയും ഭര്‍ത്താവ് ജാവേദ് അഖ്തറും പങ്കെടുക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തിന് ശേഷം അവര്‍ തീരുമാനം മാറ്റുകയായിരുന്നു.
ഇവര്‍ സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക് യാത്ര പോകാതിരിക്കുന്നതെന്ന് കങ്കണാ റാവത്ത് ചൂണ്ടിക്കാട്ടി. ഇവരെ പോലുള്ള ദേശ വിരുദ്ധരാണ് സിനിമാ ലോകത്തുള്ളതെന്നും കങ്കണാ റാവത്ത് പറഞ്ഞു. ഉറി ആക്രമണത്തിന് ശേഷം പാക് കലാകാരന്മാരെ ഇന്ത്യ വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കറാച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ച ഇവര്‍ ദേശ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നവരാണെന്നും കങ്കണ പറഞ്ഞു. ഇപ്പോള്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കേണ്ട സമയമാണെന്നും പാക്കിസ്ഥാന്റെ തകര്‍ച്ചയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും കങ്കണ പറഞ്ഞു.
ആക്രമണത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കങ്കണ തന്റെ ചിത്രമായ ‘മണികര്‍ണ്ണിക’യുടെ വിജയാഘോഷം വേണ്ടായെന്ന് വെച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യ നടപടിയെടുത്തില്ലെങ്കില്‍ അത് നമ്മുടെ ഭീരുത്വമായി കണക്കാക്കപ്പെടുമെന്നും കങ്കണ പറഞ്ഞു.
അതേസമയം കങ്കണയുടെ വിമര്‍ശനത്തെ ഷബാനാ ആസ്മി തള്ളിക്കളഞ്ഞു. രാജ്യത്തിനെതിരെ വലിയൊരു ആക്രമണം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ തനിക്കെതിരെ ഒരു വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് കൊണ്ട് ഒന്നും സംഭവിക്കുന്നില്ലായെന്ന് ഷബാനാ ആസ്മി പ്രതികരിച്ചു.
Discussion about this post