കിഡ്നിയിലെ കല്ലുകൾക്ക് നാരങ്ങാവെള്ളം
“സ്വന്തമായി കല്ലുഫാക്ടറിയൊക്കെയായല്ലോ, ഇനി വീടുപണിയ്ക്ക് കല്ലൊന്നും അന്വേഷിയ്ക്കണ്ടല്ലോ”? കിഡ്നിയിൽ കല്ലുണ്ടെന്ന് പരിശോധനയിൽ മനസ്സിലാക്കുമ്പോൾ മണൽമാഫിയാക്കാലത്തെ മലയാളി സ്ഥിരം കേൾക്കുന്ന ഒരു തമാശയാണിത്. എന്നാൽ വൃക്കകളിലെ കല്ലുകൾ അത്ര ചില്ലറക്കാരനല്ല. അതുണ്ടാക്കുന്ന അതിതീവ്രമായ വേദന അനുഭവിച്ചവർക്കേ അതറിയൂ.
എന്താണ് വൃക്കയിലെ കല്ലുകൾ ?
വൃക്കകളാണ് നമ്മുടെ ശരീരത്തിൽ നിന്ന് ആവശ്യമില്ലാത്ത രാസവസ്തുക്കളെയൊക്കെ അരിച്ച് മൂത്രമായി പുറത്തുകളയുന്നത് എന്നറിയമല്ലോ. രക്തത്തിൽ നിന്നാണ് വൃക്കകൾ ഇങ്ങനെ മാലിന്യങ്ങളെ അരിച്ച് കളയുന്നത്. ഇങ്ങനെ പുറത്തുകളയുന്ന മൂത്രത്തിൽ 95 ശതമാനവും ജലം തന്നെയാണ്. അതിൽ അലിഞ്ഞു ചേർന്ന് യൂറിയ, കാൽസ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ ലവണങ്ങൾ, ക്രിയാറ്റിനിൻ എന്നിവയൊക്കെയാണ് ഉള്ളത്.
ഈ ലവണങ്ങൾ ചിലപ്പോൾ പരലുകളായി ഒരു കല്ലുപോലെ രൂപപ്പെടാം. ആവശ്യത്തിനു വെള്ളം കുടിയ്ക്കാതെ മൂത്രത്തിൽ ജലാംശം കുറയുമ്പോഴാണ് ഈ പരലുകൾ സാധാരണ ഉണ്ടാകുന്നത്. മിക്കവാറും ഈ ചെറുപരലുകൾ മൂത്രത്തിലൂടെ തന്നെ ഒഴുകിപ്പോകും. എന്നാൽ ചിലരിൽ ഈ കല്ലുകൾ ഒഴുകിപ്പോകാവുന്നതിനേക്കാൾ വലുതായി മാറിയേക്കാം.
ഈ കല്ലുകൾ മൂത്രക്കുഴലുകളിലൂടെ പുറന്തള്ളാനാകാതെ വരുമ്പോഴോ അല്ലെങ്കിൽ ഇത് മൂത്രനാളിയിൽ കുടുങ്ങിയാലോ ആണ് വലിയ വേദനയുണ്ടാകുന്നത്. മൂത്രനാളി എന്നത് എപ്പോഴും മൂത്രം ഒഴുകിക്കൊണ്ടിരിയ്ക്കുന്ന ഒരു ചെറുകുഴലാണ്. അപ്പോൾ ആ ഒഴുക്കിനൊപ്പം ഈ പരലുകളും ചിലപ്പോൾ മൂത്രനാളിയിലൂടെ അനങ്ങും. കൂർത്ത കല്ലുകൾ ആണെങ്കിൽ മൂത്രനാളിയിലോ, മൂത്രാശയത്തിലോ ഒക്കെ ചെറിയ മുറിവുകൾ ഉണ്ടാക്കിയേക്കാം. ചെറിയ മുറിവുകൾ ആണെങ്കിലും അത് വളരെ ലോലമായ, നാഡികൾ നിറഞ്ഞ അവയവങ്ങളിൽ ആയതുകൊണ്ട് സഹിയ്ക്കാനാവാത്ത വേദന വരും. വൃക്കയിലെ കല്ലുകൾ വേദനിപ്പിയ്ക്കുന്നത് ഇങ്ങനെയാണ്.
ഈ വേദനയും ചെറിയ മുറിവും ഒന്നും മാത്രമല്ല, കിഡ്നി സ്റ്റോണുകൾ വലിയ പ്രശ്നങ്ങളിലേക്കും വഴിതെളിച്ചേക്കാം. വൃക്കകൾ എന്നത് നിരന്തരമായി മൂത്രം ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്ന ഒരു അവയവമാണ്. ആ മൂത്രമെല്ലാം വളരെച്ചെറിയ കുഴലായ മൂത്രനാളിയിലൂടെ ഒഴുകിയാണ് മൂത്രസഞ്ചിയിൽ നിറയുന്നത്. മൂത്രനാളിയോളം വലുപ്പമുള്ള കല്ലാണെങ്കിൽ ചിലപ്പോൾ ഈ കല്ലുകൾ ഈ മൂത്രനാളിയിൽ കയറി അടഞ്ഞിരിയ്ക്കും. ഒരു ചെറിയ കല്ല് പൈപ്പിൽ കയറി അടഞ്ഞിരുന്നാൽ എന്ത് സംഭവിയ്ക്കും? അതിനു പിറകിൽ വലിയ സമ്മർദ്ദത്തിൽ വെള്ളം കെട്ടിനിൽക്കും അല്ലേ.
ഒരു പമ്പിൽ നിന്ന് നിരന്തരമായി വെള്ളം വന്നുകൊണ്ടേയിരിയ്ക്കുന്ന കുഴലാണെങ്കിലോ? വൃക്കകളിൽ നിന്ന് നിരന്തരമായി മൂത്രം ഉണ്ടായിക്കൊണ്ടിരിയ്ക്കുകയാണെന്ന് മറക്കരുത്.
അങ്ങനെവന്നാൽ അവസാനം മൂത്രം പുറത്തേക്ക് ഒഴുകിപ്പോകാതെ വൃക്കയിൽ കെട്ടിനിൽക്കും. ഇങ്ങനെ കെട്ടിനിൽക്കുന്നതൊന്നും വൃക്കകൾക്ക് അറിയണ്ട, അവ വീണ്ടും മൂത്രം ഉൽപ്പാദിപ്പിച്ചുകൊണ്ടെയിരിയ്ക്കും. അവസാനം ആ അതീവ സമ്മർദ്ദത്തിൽ മൂത്രം കെട്ടിനിന്ന് വൃക്കകൾ നശിയ്ക്കാൻ വരെ കാരണമായേക്കാം. വൃക്കയിലെ കല്ലുകൾ, അഥവാ കിഡ്നി സ്റ്റോണുകൾ അത്ര ലളിതമായി കാണേണ്ടവയല്ലെന്ന് സാരം.
അപ്പോൾ കല്ലുകൾക്ക് കാരണമെന്താണ് ?
ശരീരത്തിൽ ജലാംശം കുറയുന്നത് തന്നെയാണ് മുഖ്യ കാരണം. വെള്ളം ആവശ്യത്തിനു കുടിയ്ക്കുന്നവരിൽ വൃക്കയിലെ കല്ലുകളുണ്ടാവാനുള്ള സാദ്ധ്യത വളരെ വിരളമാണ്. ഒപ്പം പഞ്ചസാര ഉപ്പ് എന്നിവയുടെയെല്ലാം അമിതമായ ഉപയോഗം, കോളകൾ, മറ്റ് പഞ്ചസാര കലർന്ന പാനീയങ്ങൾ എന്നിവയുടെ അമിതമായ ഉപയോഗം, അമിതവണ്ണം ഒക്കെ വൃക്കയിലെ കല്ലുകൾക്ക് കാരണമാവാം. വിയർക്കുന്ന ജോലികൾ ചെയ്യുന്നവർ ആവശ്യത്തിനു വെള്ളം കുടിക്കാത്തതും കാരണമാണ്.
കല്ലുകൾ കണ്ടെത്തിയാൽ എന്ത് ചെയ്യണം ?
നല്ലൊരു യൂറോളജിസ്റ്റോ, നെഫ്രോളജിസ്റ്റോ ഉള്ള ആശുപത്രിയിൽ പോയി മറ്റു കുഴപ്പങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.വൃക്കയിലെ കല്ലുകൾ റിസ്കെടുക്കേണ്ട രോഗമല്ല. കിഡ്നി മാറ്റിവയ്ക്കേണ്ടി വരുന്ന നിലയിൽ എത്തുന്ന ക്രോണിക് റീനൽ ഡിസീസ് ഒക്കെ വരാൻ ഈ കല്ലുകൾ കാരണമായേക്കാം. അതുകൊണ്ട് വിദഗ്ധനായ ഒരു ഡോക്ടറെ കാണുക. വലിയ ചിലവില്ലാത്ത ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്താൽ കിഡ്നിയിൽ വെള്ളക്കെട്ടുണ്ടോ, അപകടസാദ്ധ്യതയുണ്ടോ എന്നൊക്കെ ഡോക്ടർമാർക്ക് മനസ്സിലാക്കാനാകും.(യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത പരിശോധനയാണിത്) വലിയ കല്ലുകൾ ആണെങ്കിൽ ചില പ്രത്യേക തരംഗങ്ങൾ ഉപയോഗിച്ച് അവ പൊടിച്ച് കളയേണ്ടി വരും. ചില വലിയ കല്ലുകൾ ശസ്ത്രക്രീയ നടത്തി എടുത്തു കളയേണ്ടിയും വന്നേക്കാം
അത്ര വലിയ കല്ലൊന്നും അല്ലെങ്കിൽ അവ മൂത്രത്തിലൂടെ തന്നെ തനിയേ പൊയ്ക്കോളും എന്ന് പറഞ്ഞ് മരുന്നുകളൊക്കെ തന്ന് ഡോക്ടർമാർ വീട്ടിൽ വിടും. ആയൂർവേദത്തിലും സിദ്ധവൈദ്യത്തിലും എല്ലാം കല്ലുകൾക്ക് ചില ചികിത്സകൾ ഉണ്ട്. പക്ഷേ അതെല്ലാം ഈ കല്ലുകൾ കൊണ്ട് കിഡ്നിയ്ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയിട്ടേ ആകാവൂ. വിദഗ്ധ പഠനം നടത്തിയ ആയൂർവേദ വൈദ്യന്മാർ എപ്പോഴും അതെല്ലാം പരിശോധിച്ചിട്ടേ ചികിത്സകൾ നിർദ്ദേശിയ്ക്കാറുള്ളൂ.
കിഡ്നിയിലെ കല്ലുകൾ എങ്ങനെ പ്രതിരോധിയ്ക്കാം .?
ധാരാളം വെള്ളം കുടിയ്ക്കുക തന്നെയാണ് ആദ്യത്തെ പ്രതിരോധമാർഗ്ഗം. മുത്രം എപ്പോഴും തെളിഞ്ഞിരിയ്ക്കത്തവിധം വെള്ളം കുടിയ്ക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. മിതമായ വ്യായാമം ചെയ്യുക.
എന്നാൽ കോളകൾ, സോഫ്റ്റ്ഡ്രിങ്ക്സ്, പഞ്ചസാര, അമിതമായ ഉപ്പ് ഒക്കെയടങ്ങിയ പാനീയങ്ങൾ പൂർണ്ണമായും ഉപേക്ഷിയ്ക്കണം. കാപ്പിയും ചായയും മിതമായി മാത്രമേ ഉപയോഗിയ്ക്കാവൂ. മാംസം, മത്സ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഉപ്പ് കുറച്ച് മാത്രം ഉപയോഗിയ്ക്കുക.
കിഡ്നി സ്റ്റോണുകളിൽ കാൽസ്യം പരലുകൾ കാണാറുണ്ട്. പാലിൽ കാൽസ്യം ഉള്ളതുകൊണ്ട് കിഡ്നി സ്റ്റോൺ രോഗികൾ പാൽ ഉപയോഗിയ്ക്കുന്നത് കുറയ്ക്കണം എന്ന് ചിലരൊക്കെ പറയാറുണ്ട്. അത് ശരിയല്ല. കാൽസ്യം ശരീരത്തിന് ആവശ്യമായ വസ്തുവാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. കാൽസ്യം ശരീരത്തിൽ കൂടുതലായതുകൊണ്ടല്ല, മറ്റു കാരണങ്ങളോടൊപ്പം ജലാംശം ശരീരത്തിൽ കുറയുന്നതുകൊണ്ടാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. സ്വാഭാവിക കാൽസ്യം അടങ്ങിയ പാൽ വൃക്കയിലെ കല്ലുകൾ കൂട്ടുന്നതായി ഒരു തെളിവും ഇല്ല. അതുകൊണ്ടുതന്നെ പാൽ ഉപയോഗിയ്ക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
നാരങ്ങാനീർ
കിഡ്നിയിലെ കല്ലുകൾ അലിച്ച് കളയാനും പുറന്തള്ളാനും ഒക്കെ അനേകം ആയൂർവേദമരുന്നുകളും ഒറ്റമൂലികളും ഒക്കെ പറയാറുണ്ട്. വിദഗ്ധ പഠനം നടത്തിയ ഒരു വൈദ്യന്റെ ഉപദേശപ്രകാരം മാത്രമേ ഇവയൊക്കെ ഉപയോഗിയ്ക്കാവൂ. വാഴപ്പിണ്ടിനീർ കുടിയ്ക്കുന്നത് വൃക്കയിലെ കല്ലുകൾക്ക് വളരെ ഫലപ്രദമാണെന്ന് ചില പഠനങ്ങൾ പറയുന്നു. ആധുനികവൈദ്യശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാൽ ഇതിനു പൂർണ്ണമായ തെളിവുകൾ ഇല്ലെങ്കിലും വാഴപ്പിണ്ടിനീർ എന്നത് ശരീരത്തിന് എല്ലാവിധത്തിലും ഗുണകരമായതുകൊണ്ടും മറ്റു ദോഷങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടൂം രോഗികൾക്ക് അത് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഫലം ലഭിച്ച അനേകം രോഗികളുണ്ട്.
അതോടൊപ്പം കിഡ്നിയിലെ കല്ലുകൾ ഉണ്ടാവുന്നത് പ്രതിരോധിയ്ക്കും എന്ന് അനേകം പഠനങ്ങൾ തെളിയിച്ചിട്ടുള്ള ഒന്നാണ് നാരങ്ങാവെള്ളം.
Discussion about this post