ഇന്ത്യ – പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി റഷ്യയും രംഗത്ത് . റഷ്യന്‍ നിലപാടിനെ പാക്കിസ്ഥാന് സ്വാഗതം ചെയ്തു . തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് വ്യക്തമാക്കിയിരുന്നു . പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനമറിയിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യയ്ക്കും പക്കിസ്ഥാനുമിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന റഷ്യയുടെ വാഗ്ദാനം .
ഇരു രാജ്യങ്ങള്‍ക്ക് ഇടയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന സന്നദ്ധത അറിയിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപേയോയും രംഗത്ത് എത്തിയിരുന്നു . ഇരുരാജ്യങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുമെന്നും ഇതിനായി ഇരു രാഷ്ട്രങ്ങളിലെ നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തി വരികയാണ് എന്നുമായിരുന്നു മൈക്ക് പോംപെയോ അറിയിച്ചത് .
എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ രാജ്യങ്ങള്‍ സന്നദ്ധത അറിയിക്കുമ്പോഴും പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് പോലെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ റഷ്യയും അമേരിക്കയും എടുത്തിരിക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ് .
തീവ്രവാദത്തെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ ഏതു തരത്തിലുമുള്ള സഹായ സഹകരണങ്ങള്‍ നല്കാന് തയ്യാര്‍ ആണെന്ന് അമേരിക്ക അറിയിച്ചിരുന്നു .
Discussion about this post