ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന ജവഹര്‍ ചൗഡ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബി.ജെ.പിയിലേക്ക് ചേര്‍ന്നു. ഗാന്ധിനഗറില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ജവഹര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
വെള്ളിയാഴ്ച തന്നെ ജവഹര്‍ ചൗഡ തന്റെ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ യോഗം മാര്‍ച്ച് 12ന് നടക്കാനിരിക്കെയാണ് എം.എല്‍.എ രാജിവെച്ചത്.
4 തവണ ഗുജറാത്തിലെ മാനവദാര്‍ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന വ്യക്തിയായിരുന്നു ജവഹര്‍ ചൗഡ. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ജവഹര്‍ ചൗഡ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. രാജിക്ക് പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നും ജവഹര്‍ പറഞ്ഞിരുന്നില്ല.
കഴിഞ്ഞ മാസം ഉന്‍ഝ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ആശാ പട്ടേല്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2018 ജൂലൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്നു കുന്‍വര്‍ജി ബാവലിയയും എം.എല്‍.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ അദ്ദേഹം ഒരു ക്യാബിനറ്റ് മന്ത്രിയാണ്.
Discussion about this post