ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയുടെ അയല്‍രാജ്യത്തിന് ഇന്ത്യയോട് ശത്രുതയുണ്ടെങ്കിലും അവര്‍ക്ക് യുദ്ധം നടത്താനുള്ള കഴിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് മൂലം ഇന്ത്യയെ ഉള്ളില്‍ നിന്നും തകര്‍ക്കാന്‍ വേണ്ടി അവര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഗാസിയാബാദില്‍ സി.ആര്.പി.എഫിന്റെ 50ാം സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തില്‍ സി.ആര്.പി.എഫിന്റെ നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഭീകരവാദത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് നാം കാണുന്നത്. അപ്പോള്‍ രാഷ്ട്രത്തെ സംരക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറുന്നു,’ മോദി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ സി.ആര്.പി.എഫ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ‘ഒരാളെ സംരക്ഷിക്കാന്‍ എളുപ്പമാണ്. എന്നാല്‍ എല്ലാ ദിവസവും 30 ലക്ഷം പേര് എത്തുന്ന സ്ഥാപനത്തെ സംരക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ പ്രവൃത്തിയാണ്,’ അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രകൃതി ദുരന്തങ്ങള്‍ വന്നപ്പോള്‍ സി.ഐ.എസ്.എഫ് വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. 2018ല്‍ കേരളത്തില്‍ മഹാപ്രളയം സംഭവിച്ചപ്പോള്‍ ആയിരക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ സി.ഐ.എസ്.എഫിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചപ്പോഴും സി.ഐ.എസ്.എഫ് സഹായം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് നിലനില്‍ക്കുന്ന വി.ഐ.പി സംസ്കാരം സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ചിലപ്പോള്‍ തടസ്സമായി വരാറുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരന്മാര് സഹകരിച്ചില്ലെങ്കില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നത് ശ്രമകരമാകുമെന്നും അത് കൊണ്ട് പൗരന്മാര്ക്കും സുരക്ഷയില്‍ പരിശീലനം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post