ലക്ഷദ്വീപിലേക്കുള്ള വിവിധ സേവനങ്ങള്‍ക്കായി ദക്ഷിണ നാവിക സേന ഒരു കപ്പല്‍ വാടകയ്ക്ക് എടുത്തു. ചരക്ക് ഗതാഗതത്തിനും തിരക്കേറിയ സമയങ്ങളിലെ യാത്രയ്ക്കും , അടിയന്തര ദുരന്ത നിവാരണ സേവനങ്ങള്‍ക്കും ഈ കപ്പലിന്റെ സേവനമുണ്ടാകും .
ട്രൈടൺ മാരിടൈം പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് വിവിധോദ്ദേശ്യ കപ്പലായ എംവി ട്രൈടൺ ലിബേർട്ടി വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ഒരു വര്‍ഷത്തേക്കുള്ള കരാര്‍ ദക്ഷിണ നാവികസേന വിഎസ് എം ചീഫ് സ്റ്റാഫ് ഓഫീസര്‍ , കമഡോർ ദീപക് കുമാറും, ട്രൈടൺ മാരിടൈം കമ്പനി ഡയറക്ടർ ചേതൻ പരേഖും തമ്മിൽ ഒപ്പുവച്ചു. ദ്വീപിലെ നാവികസേനയുടെ ആവശ്യത്തിനു ഏറെ സഹായകരമാകുന്നതാണ് ഈ കരാര്‍ എന്ന് ദക്ഷിണ നാവികസേന വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ പറഞ്ഞു.
കപ്പലില്‍ അത്യാധുനിക അഗ്നിശമന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . ഏത് തരത്തിലുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും കപ്പല്‍ ഉപയോഗിക്കാന്‍ സാധിക്കും . മണ്‍സൂണ്‍ക്കാലത്ത് യാത്രാക്കപ്പലുകള്‍ സര്‍വീസ് നടത്താതിരിക്കുന്ന അവസരങ്ങളില്‍ ഈ കപ്പല്‍ ദ്വീപ് നിവാസികള്‍ക്ക് വലിയ സഹായമാകും . കൂടാതെ അവധിക്കാലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനായി ഈ കപ്പല്‍ യാത്രക്കപ്പലായി ഉപയോഗിക്കുകയും ചെയ്യും . കപ്പല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചരക്ക് ഗതാഗതത്തിനും മറ്റുമായി നാവികസേന ഉപയോഗിച്ചിരുന്ന കപ്പല്‍ പ്രത്യേക സേവനത്തില്‍ ഉള്‍ക്കൊള്ളിക്കും .
Discussion about this post