പാക്കിസ്ഥാനെതിരായ നടപടിക്ക് തടയിട്ട ചൈനയുടെ നീക്കത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിര്‍ റഹ്മാന് ലഖ്വിയെ മോചിപ്പിച്ചതിനു പാക്കിസ്ഥാനെതിരെ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഉന്നയിച്ച ആവശ്യത്തെ ഇന്നലെ ചൈന തടഞ്ഞിരുന്നു. ഇന്ത്യ സമര്‍പ്പിച്ച വിവരങ്ങള്‍ പര്യാപ്തമല്ല എന്ന് ചൂണ്ടക്കാട്ടിയാണ് ആവശ്യം ചൈന തള്ളിയത്.
ജപ്പാനും യുഎസുമടക്കമുള്ള രാഷ്ട്രങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തിയ പാക്കിസ്ഥാന്റെ തീരുമാനത്തിനെതിരെയാണ് ഇന്ത്യ നടപടി ആവശ്യപ്പെട്ടത് എന്ന് മോദി ചൈനയെ അറിയിച്ചു.
ആദ്യമായല്ല ചൈന തീവ്രവാദ വിഷയങ്ങളില്‍ നടപടി നേരിടുന്നതില്‍ നിന്നും പാക്കിസ്ഥാനെ രക്ഷിക്കുന്നത്. പാക്കിസ്ഥാന് തീവ്രവാദിയായ ഹിസ്ബുള്‍ മുജാഹിദ്ദിന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനെതിരെ ഇന്ത്യ യുഎന്‍ രക്ഷാ സമിതിയില്‍ നടത്തിയ നീക്കത്തിന് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന തടയിട്ടിരുന്നു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ നീക്കത്തിന് അംഗീകാരം നേടാനായിരുന്നെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള വലിയ മുന്നേറ്റമാകുമായിരുന്നു.
എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ചരിത്രം ഭാവിയില്‍ ഭീഷണി ആകുമെന്ന് അറിഞ്ഞിരുന്നിട്ടും പാക് അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. തീവ്രവാദപ്രവര്ത്തനത്തിനെതിരായ നീക്കങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം പ്രവര്‍ത്തിക്കാമെന്ന പ്രതിജ്ഞ ലംഘിച്ചുകൊണ്ടാണ് ചൈന നിലപാടെടുത്തിരിക്കുന്നത്.
ഉഭയകക്ഷി ബന്ധങ്ങളില്‍ ചൈന നടത്തുന്ന സംയുക്ത പ്രസ്താവനകളും പ്രഖ്യാപനങ്ങളും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ മാറ്റിമറിക്കുന്ന തരത്തിലാണ് ചൈനയുടെ നീക്കം. സാമ്പത്തിക മേഖലയില്‍ പാക്കിസ്ഥാനോടുള്ള പ്രതിബദ്ധതയാണ് ഇത്തരത്തി പാക് അനുകൂല നിലപാടെടുക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകമെന്നും വിലയിരുത്തപ്പെടുന്നു.
തെക്കന്‍ ചൈന കടലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ എതിരിടാനുള്ള ശ്രമങ്ങളാണ് ചാന നടത്തുന്നതെന്നും വിലയിരുത്തലുകളുണ്ട്.
Discussion about this post