നെഹ്റു കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്ന അമേതിയില്‍ ഇത്തവണ കാറ്റ് മാറി വീശുമെന്ന് ബിജെപിയും, സ്മൃതി ഇറാനിയും പറയുന്നത് വെറുതെയല്ല, പ്രത്യേകിച്ചു രാഹുല്‍ മറ്റൊരു സുരക്ഷിത മണ്ഡലം കൂടി മത്സരിക്കാനായി തേടുന്നു എന്ന് കൂടി വരുമ്പോള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തില്‍ നിന്ന് രാഹുലിന്റെ ഭൂരിപക്ഷം ഒറു ലക്ഷമാക്കി കുറച്ച് സ്മൃതി ഇറാനി അഞ്ച് വര്‍ഷമായി രാഹുലിനെയും അമേതിയേയും നോട്ടമിട്ട് പ്രവര്ത്തന് നടത്തുകയായിരുന്നു.
ദേശീയതലത്തില്‍ മോദിയ്ക്കും, ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, അധ്യക്ഷന്‍ എന്ന നിലയില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുമ്പോള്‍ അതിന് മറുപടി പറയാന്‍ ബിജെപി നിോയഗിച്ചിരുന്നത് സ്മൃതി ഇറാനിയെ ആയിരുന്നു. രാഹുലിനെ വായടപ്പിക്കുന്ന മറുപടി നല്കുന്ന സ്മൃതി ഒരോ തവണയും വാര്‍ത്തയിലിടം പിടിച്ചു. രാഹുലിന് മറിപടി നല്കാന് സ്മൃതി ധാരാളം എന്ന രീതിയില്‍ ബിജെപി നീക്കത്തെ പലരും വിലയിരുത്തിയെങ്കിലും, സ്മൃതി രാഹുലിന് ഉണ്ടാക്കിയ തലവേദന ചെറുതല്ല.
തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥി ഒരു മണ്ഡലത്തോടും കാണാക്കാത്ത ശ്രദ്ധയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം സ്മൃതി ഇറാനി അമേഠിയില്‍ ചെലുത്തിയത്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ അതിനായി ഫലപ്രദമായി വിനിയോഗിച്ചെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചു വര്‍ഷത്തിനിടെ രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പതിനാറോ പതിനേഴോ തവണ മാത്രം എത്തിയപ്പോള്‍ സ്മൃതി 35 തവണ എത്തിയെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ അവകാശവാദം. ഇക്കാലയളവിനിടെ മണ്ഡലത്തിലെ ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കാന്‍ അവര്‍ക്കായെന്ന് അമേഠിയിലെ ജനങ്ങള്‍ പറയുന്നു.
”ഓരോ സന്ദര്‍ശനത്തിലും ആളുകളുമായി അടുത്ത് ഇടപഴകാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്, ഇത് ജനങ്ങളില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടാവാം” ജില്ലാ ആസ്ഥാനമായ ഗൗരിഗഞ്ചിലെ അലോക് ധാബ നടത്തുന്ന പ്രതാപ് സിംഗ് പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അന്‍പതിനായിരം പേരെയെങ്കിലും അംഗങ്ങളാക്കാന്‍ സ്മൃതി ഇറാനിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.ഇക്കുറി പ്രചാരണത്തിനായി മണ്ഡലത്തില്‍ താമസമാക്കുകയാണ് സ്മൃതി ഇറാനി. ഗൗരിഗഞ്ചില്‍ അഞ്ചു മുറികളുള്ള അപ്പാര്‍ട്ട്മെന്റ് സ്മൃതിക്കും സംഘത്തിനുമായി തയാറായിക്കഴിഞ്ഞു. ഒന്നര മാസം സ്മൃതി മണ്ഡലത്തില്‍ തന്നെയുണ്ടാവുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ പുതിയ സ്കൂളുകള്‍ കൊണ്ടുവന്നതും കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങിയതും മണ്ണു പരിശോധനാ കേന്ദ്രം ആരംഭിച്ചതുമെല്ലാം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രകൃതി ക്ഷോഭത്തില്‍ വിളയും വീടും നഷ്ടമായവരെ സ്മൃതി വ്യക്തിപരമായി ഇടപെട്ടു സഹായിച്ചിട്ടുണ്ടെന്നും ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷകള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേതിയില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമ സഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോറ്റിരുന്നു. നാലിടത്ത് ബിജെപിയാണ് ജയിച്ചത്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂ്ന്നാംസ്ഥാനത്തേക്ക് പോയി. ഇത്തവണ അതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന് രാഹുലിനും കോണ്‍ഗ്രസിനും അറിയാം. ഒരട്ടിമറി ജയത്തിനായി ബിജെപി വട്ടമിടുമ്പോള്‍ സുരക്ഷിത മണ്ഡലം തേടി പലായനം ചെയ്യാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് രാഹുല്‍.
Discussion about this post