അഭിലാഷ് കുര്യന് ജോര്‍ജ്, ഐടി വിദഗ്ധന്‍, ലണ്ടന്‍
‘ആര്‍ക്ക് വോട്ടുചെയ്യുമെടേയ്? എല്ലാവരുടെയും ചോദ്യമാണിത്. നമ്മളെല്ലാം കേട്ട് മടുത്ത ചോദ്യം. ഇക്കൊല്ലം ആര്‍ക്കാണ് വോട്ട് ചെയ്യുക?’
ഞാന്‍ അമേരിയ്ക്കയിലും യൂറോപ്പിലും കുറച്ചുകാലം ജീവിച്ചയാളാണ്. അമേരിക്കയില്‍ അല്ലെങ്കില്‍ യൂറോപ്പില്‍ എല്ലാ തിരഞ്ഞെടുപ്പുകളും നടത്തുമ്പോള്‍ ആരാണ് ആ നേതാവ് എന്നതിനെ ചുറ്റിപ്പറ്റിയാണ് കാര്യങ്ങള്‍ തീരുമാനിയ്ക്കപ്പെടുന്നത്. പലപ്പോഴും അവിടങ്ങളിലുള്ള പാര്‍ട്ടികളുടെ ആശയങ്ങളിലൊന്നും വലിയ വ്യത്യാസമൊന്നും കാണില്ല. പക്ഷേ ആ നേതാക്കളുടെ രീതികളിലുള്ള വ്യത്യാസം വലിയതായിരിയ്ക്കും. എന്നാല്‍ ഇന്ത്യയില്‍ നോക്കിയാല്‍ മുഖ്യമായും പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. അങ്ങനെ നോക്കിയാല്‍ ഇന്ത്യയിലിന്ന് ബിജെപി, ബിജെപിയെ എതിര്‍ക്കുന്നവര്‍ എന്നിവര്‍ തമ്മിലാണ് മത്സരം. ബിജെപിയെ എതിര്‍ക്കുന്നവര്‍ പലയിടത്തും ഇക്കാരണം കൊണ്ട് തന്നെ ഉണ്ടാക്കിയ തട്ടിക്കൂട്ട് ബന്ധങ്ങളായതിനാല്‍ തിരുവനന്തപുരത്ത് എതിര്‍ത്ത് വോട്ടുപിടിയ്ക്കുന്നവര് കന്യാകുമാരിയില്‍ കെട്ടിപ്പിടിച്ച് വോട്ടുപിടിയ്ക്കുന്ന നിലയിലുള്ള അപഹാസ്യതയുണ്ട്.അതിനേക്കാള്‍ ഉപരിയായി ബിജെപി എന്ന കക്ഷി ഭരണം പിടിക്കാന്‍ ശക്തിയുള്ളതായതുകൊണ്ട് മാത്രം അതിനെ എതിര്‍ത്ത് തങ്ങള്‍ക്ക് അധികാരം പിടിച്ചെടുത്ത് വിഭജിച്ച് കഴിയ്ക്കണം എന്ന ആഗ്രഹം മാത്രം വച്ച് കുറച്ചുപേര്‍ കൂടി ഓരോ മണ്ഡലം അടിസ്ഥാനത്തില്‍ തട്ടിക്കൂട്ട് മുന്നണിയുണ്ടാക്കുന്നതില്‍ എന്ത് നൈതികതയാണുള്ളത്?
വര്ഗ്ഗീയതയ്ക്കെതിരേയാനെന്നാണ് പറയുന്നത്. ഈ പറയുന്നവരേക്കാള്‍ വര്ഗ്ഗീയതത എന്തായാലും അല്‍ഫോണ്‍സ് കണ്ണന്താനം മുതല്‍ നഖ്വി വരെയുള്ള നേതാക്കള്‍ നയിയ്ക്കുന്ന ബിജെപിയില്‍ നാം കണ്ടിട്ടില്ല. ഹിന്ദുത്വം എന്നത് ഒരു മതത്തേയുമല്ല, ഭാരതത്തിന്റെ സംസ്കാരത്തെയാണ് എന്ന് പലതവണ ബിജെപിക്കാര്‍ വ്യക്തമാക്കിയതാണ്. ആ അര്‍ത്ഥത്തില്‍ ഈ എഴുതുന്നവനും ഒരു ഹിന്ദു തന്നെയാണ്. അതേസമയം കൃസ്തുവിനെ ആരാധിയ്ക്കുന്ന ഒരു പാരമ്പര്യത്തിലാണ് ജനിച്ചതും വളര്‍ന്നതും തുടരുന്നതും. കമ്യൂണിസ്റ്റ് പാര്ട്ടിക്കാര് പണ്ട് കോണ്‍ഗ്രസ്സ് ഫാസിസം ആണ് അതിനെ തുരത്തണം എന്ന് പറഞ്ഞായിരുന്നു നില്‍പ്പ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാരനായിരുന്ന എന്റെ അപ്പനൊക്കെ സാമ്രാജ്യത്വ ഫാസിസത്തിന്റെ ഇന്ത്യയിലെ കരുക്കളും തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഒറ്റുകൊടുക്കലുകാരായിരുന്നു പണ്ട്. അന്ന് കോണ്‍ഗ്രസ്സ് ആയിരുന്നല്ലോ ഭരണവും ശക്തവും. ഇന്ന് ബിജെപി ശക്തമായപ്പോള്‍ ബിജെപി അവര്‍ക്ക് ഫാസിസ്റ്റായി. അത്രേ ഉള്ളൂ കാര്യം. എന്നും അവര്‍ക്ക് ഭരണം കൈയ്യിലെടുക്കാന്‍ തടയുന്നവര്‍ എല്ലാം അവര്‍ക്ക് ഫാസിസ്റ്റാണ്. എന്നാല്‍ അവര്‍ അധികാരത്തില്‍ വന്നയിടത്ത് കേരളത്തിലുള്‍പ്പെടെ കാട്ടിക്കൂട്ടിയത് നോക്കിയാല്‍ ഏറ്റവും വലിയ ഫാസിസ്റ്റുകള്‍ അവര്‍ തന്നെയാണ്, അവരേക്കാള്‍ ക്രൂരന്മാര് ഈ ലോകത്തുണ്ടായിട്ടില്ല എന്ന് പകല്‍ പോലെ വ്യക്തമാകും.
ഞാന്‍ നോക്കിയപ്പോള്‍ നമ്മുടെ രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്ന ഒരു നേതാവ് വേണം. രാജ്യത്തെ പുരോഗതിയിലേക്ക് നയിയ്ക്കുന്ന, ലക്ഷ്യബോധമുള്ള ഒരു നേതാവ് വേണം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വന്‍ ആക്രമണങ്ങളെ ധൈര്യമായി നിന്ന് എതിര്‍ക്കാനും തോല്പ്പിയ്ക്കാനുമുള്ള ശക്തിയുള്ള സ്ട്രാറ്റജിക് തീരുമാനങ്ങള്‍ നിമിഷനേരം കൊണ്ട് എടുക്കാന്‍ കഴിവുള്ള നേതാവാകണം. ഇന്ത്യയെന്ന രാജ്യത്തിനായി എന്നും പ്രയത്നിയ്ക്കുന്ന ആളാവണം. ബ്രാന്‍ഡ് ഇന്ത്യ എന്നതിനെ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വില്ക്കാന് കഴിയുന്ന മികച്ച സെയില്സ്മാന് ആകണം.ഓരോ മണ്ടന്‍ ആശയസംഹിതകള്‍ കൊണ്ട് പുരോഗതിയെ തുരങ്കം വയ്ക്കാതെ എക്കോണമി വളര്‍ത്താന്‍ കഴിവുള്ള ഒരാളാവണം. നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്കായി വേണ്ട പദ്ധതികള്‍ കൃത്യമായി ആവിഷ്കരിച്ച് നടപ്പാക്കാനും അവരെ കൈപിടിച്ചുയര്‍ത്താനും വിഷന്‍ ഉള്ള ഭരണാധികാരിയാവണം. അഴിമതി ഇല്ലാത്ത, സ്വന്തകാരും മാമന്മാരും ചിറ്റപ്പന്മാരും ഒക്കെയായി ബന്ധുക്കളേയും സ്വന്തക്കാരേയും തിരുകിക്കയറ്റി ഗവണ്മെന്റിനേയും ജനങ്ങളേയും കട്ടുമുടിക്കാത്ത ആളാവണം.സര്‍വോപരി നമ്മള് ജീവിയ്ക്കുന്ന രാജ്യം ഇങ്ങനെതന്നെ നില്‍ക്കണം എന്നൊരു താല്‍പ്പര്യമുള്ള ആളാവണം. ഒരു ദേശീയതയും വേണ്ട. പക്ഷേ സമാധാനപരമായി ഈ രാജ്യത്ത് പിഴച്ച് പോകണം എങ്കില്‍ അതിനെ തുരങ്കം വയ്ക്കുന്നവരെ എങ്ങനെ അനുകൂലിയ്ക്കും. പാകിസ്ഥാനും ചൈനയ്ക്കും ഒക്കെ വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ എത്തിനോക്കാന്‍ പോലും സമ്മതിക്കരുത്.എല്ലാ രാഷ്ട്രീയകക്ഷികളിലും വച്ച് ആരാണ് ഇന്നീ ഇന്ത്യയില്‍ അങ്ങനെ ഒരാളുള്ളത്? നിഷ്പക്ഷമായിത്തന്നെ ആലോചിയ്ക്കുക. ബിജെപി എന്ന രാഷ്ട്രീയ കക്ഷിയോട് പൂര്‍ണ്ണമായും യോജിക്കാനാവാത്ത ചുരുക്കം ചില മേഖലകള്‍ ഉണ്ടെങ്കിലും നരേന്ദ്രമോദി മാത്രമാണിന്ന് അങ്ങനെയുള്ളത്. അതുകൊണ്ടുതന്നെ വീണ്ടും വരണം മോദി ഭരണം എന്നതില്‍ എനിയ്ക്ക് ഒരു സംശയവുമില്ല.
.മോദിയുടെ ഗവണ്മെന്റ് അക്കാര്യങ്ങളില്‍ ചെയ്ത ചില കാര്യങ്ങള്‍ കൂടി പറയാം. എന്തുകൊണ്ട് മോദി ഭരണം എന്നതിന് വ്യക്തമായ കാരണങ്ങള്‍ തന്നെ നിരത്താം.
1-പ്രതിരോധ മേഖലയിലെ പദ്ധതികള്‍
ശക്തമായ സുരക്ഷാസേനകള്‍. സുശക്തമായ തീരുമാനങ്ങള്‍ മോദി ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു ഇത്. മേക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം പ്രതിരോധത്തിനായുള്ള ആയുധങ്ങളും സാങ്കേതികവിദ്യകളും വിദേശ കമ്പനികള്‍ ഇന്ത്യയിത്തന്നെ നിര്‍മ്മിയ്ക്കാനുള്ള സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് മോഡല്‍ വന്നതോടുകൂടി വന്‍ കുതിച്ചുകയറ്റമാണ് ഡിഫന്‍സ് സാ!ാങ്കേതികവിദ്യയില് ഇന്ത്യയിലുണ്ടായത്. L&T തുടങ്ങിയ കമ്പനികള്‍ വന്‍ ഫാക്ടറി സമുച്ചയങ്ങള്‍ വരെ പണിത് ആയിരക്കണക്കിനാള്‍ക്കാര്‍ക്ക് തൊഴില്‍ നല്കി. സാങ്കേതികവിദഗ്ധര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ഇന്ന് ഡിഫന്‍സ് രംഗത്ത് വലിയ സാദ്ധ്യതകളാണ് തുറന്നത്. ഇവരെല്ലാം കുറ്റം പറയുന്ന റാഫേല്‍ റിലയന്‍സ് സംയുക്ത സംരംഭം മുതല്‍ ടാറ്റ അഡ്വാന്‍സ് സിസ്റ്റവും ലോക്ഹീഡ് മാര്‍ട്ടിനും തമ്മില്‍ ഉണ്ടാകാന്‍ പോകുന്ന ബന്ധം വരെ വന്‍ സാദ്ധ്യതകളാണ് ഇന്ത്യയില്‍ തുറക്കാന്‍ പോകുന്നത്. ഒപ്പം സായുധസേനകള്‍ക്ക് അത്യന്താധുനികമായ ആയുധങ്ങളും. സിഗ് സോയര്‍ മുതല്‍ കലാഷ്നിക്കോഫ് വരെയുള്ള അസോള്‍ട്ട് റൈഫിളുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിയ്ക്കുന്നു. ഏറ്റവും പുതിയ ആര്‍ട്ടിലറി ഗണ്ണുകള്‍ ഹവിറ്റ്സാര് ആര്‍ട്ടിലറി ഗണ്ണുകള്‍, ഇസ്രേയലില്‍ നിന്നുള്ള അത്യാധുനിക ആളില്ലാ വിമാനങ്ങള്‍, പുതിയ ടാങ്കുകള്‍, വായുസേനയ്ക്കായി റാഫേല്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍…രാജ്യത്തെ അതിശക്തമായ നിലയിലുള്ള മിലിറ്ററി നവീകരണമാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ഒരിയ്ക്കലും നടന്നിട്ടില്ലാത്ത നിലയില്‍. ഒപ്പം വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി വന്നതോടെ വിമുക്തഭടന്മാര്ക്ക് വലിയ ആശ്വാസമാണുണ്ടായിരിയ്ക്കുന്നത്.
2. സ്ത്രീ ശാക്തീകരണം
മോദി മന്ത്രിസഭയിലെ ഏറ്റവും ശക്തരായ മൂന്ന് മന്ത്രിമാര്‍ സ്ത്രീകളാണ്. അതും ആരുടെയും നിഴലിലല്ലാതെ, ആരുടെയും സ്വന്തക്കാരല്ലാതെ സ്വപ്രയത്നം കൊണ്ട് ഉയര്‍ന്ന് വന്ന നേതാക്കള്‍. സുഷ്മാ സ്വരാജും, നിര്‍മ്മലാ സീതാരാമനും, സ്മൃതി ഇറാനിയുമൊക്കെ ഈ രാജ്യത്ത് വരുത്തിയ മാറ്റങ്ങള്‍ ശരിയ്ക്കും എല്ലാവരും ശ്രദ്ധിയ്ക്കേണ്ടതാണ്. ലോകത്തെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നിന്റെ മന്ത്രിയായും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാരസ്ഥാനങ്ങളിലൊന്നായ വിദേശകാര്യം എന്ന പോര്‍ട്ട്ഫോളിയോ നോക്കിയും ഒക്കെ പ്രധാനമന്ത്രിയോളം തിളങ്ങിയ ആ സ്ത്രീരത്നങ്ങള്‍ തന്നെമതി ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തെപ്പറ്റി തെളിവു കാട്ടാന്‍. ബേട്ടീ ബചാവോ ബേട്ടീ പഠാവോ മുതല്‍ സൗഭാഗ്യ, സുകന്യ മുതലായ പദ്ധതികള്‍, ഗര്‍ഭകാല ലീവ് വര്‍ദ്ധിപ്പിച്ചത്, സേനകളില്‍ സ്ത്രീ ഓഫീസര്‍മാര്‍ക്ക് അവസരങ്ങള്‍, പെര്‍മനന്റ് കമ്മീഷന് ഉള്‍പ്പെടെ നല്കാന് തീരുമാനിച്ചതൊക്കെ ഈ നാട്ടില്‍ സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയിലുണ്ടാക്കിയിരിയ്ക്കുന്ന വ്യത്യാസം അളവറ്റതാണ്. എന്തിന് പറയുമ്പോള്‍ സ്ത്രീവിരുദ്ധം എന്ന് ഏസിയില്‍ സുഖിച്ചിരിയ്ക്കുന്ന ലിബറാല് ആണ് ഫെമിനിസ്റ്റുകള്‍ തര്‍ക്കിക്കും എങ്കിലും അടുപ്പിലെ ചൂടിലും പുകയിലും കരിഞ്ഞിരുന്ന ലക്ഷക്കണക്കിനു പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യ ഗാസ് കണക്ഷന് നല്‍കിയത് മാത്രം ആലോചിച്ചാല്‍ ഈ ഗവണ്മെന്റ് വരുത്തിയ വ്യത്യാസം മനസ്സിലാകും.
3. കക്കൂസുകള്‍. സ്വച്ഛ് ഭാരത്
മോദി ഗവണ്മെന്റിനെ കളിയാക്കുന്ന ആദ്യത്തെ കാര്യം. മോദി കക്കൂസ് പണിയുന്നു. ആരാണ് പറയുന്നത്, വെളുപ്പിനു കക്കൂസില്‍ പോകാന്‍ വെളിയിലിരുന്ന് പട്ടികടിച്ചുകൊന്ന നാട്ടിലെ ദന്തഗോപുര ട്രോളന്മാരുടെ കളിയാക്കലാണ്. ആ കളിയാക്കല്‍ കണ്ട് അതിന്പ്പറ്റി വായിച്ചുനോക്കിയപ്പോഴാണ് ആ പദ്ധതിയുടെ വ്യാപ്തി മനസ്സിലായത്. ഓരോ സെക്കന്‍ഡിലും ഒരു ടൊയ്ലറ്റ് ആയിരുന്നു ഉണ്ടാക്കിയത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കക്കൂസുണ്ടാക്കല് മഹാമഹം എന്നാണ് യൂകെയിലെ പ്രമുഖ പത്രമായ ഇന്‍ഡിപ്പെന്‍ഡന്റ് ഇതിനെ വിശേഷിപ്പിച്ചത്. നൂറു ദശലക്ഷം വീടുകളിലാണ് കക്കൂസെത്തിയത്. തന്റെ കക്കൂസില്‍ ബാത്ടാബ് മാറ്റി സ്വിമ്മിങ്ങ് പൂള് ആക്കാം എന്ന് കരുതുന്നവര്‍ക്ക് ചിലപ്പോള്‍ ഇതൊന്നും രസിക്കണമെന്നില്ല. പക്ഷേ ഒന്ന് കക്കൂസില്‍ പോകാന്‍ ഇരുട്ടാവുവോളം കാത്തിരിയ്ക്കേണ്ടി വരുന്നവര്‍ക്ക് കക്കൂസിന്റെ വില മനസ്സിലാകും. ഇന്ത്യമുഴുവന്‍ സന്യാസിയെപ്പോലെ അലഞ്ഞതുകൊണ്ട ്കൂടിയാവണം മോദിയ്ക്ക് ഇത് മനസ്സിലായത്.
4. മേക് ഇന്‍ ഇന്ത്യ, മുദ്ര യോജന
ആപ്പിളും സാംസങ്ങും മുതല്‍ ചൈനീസ് കമ്പനിയായ Mi വരെ ഇന്ത്യയില്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ചേര്‍ന്ന് കഴിഞ്ഞു. പ്രതിരോധരംഗത്ത് മേക് ഇന്‍ ഇന്ത്യയും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് മോഡലും അവതരിപ്പിച്ചതിന്റെ ഗുണം ഞാന്‍ നേരത്തേ എഴുതി. മുദ്ര ലോണുകള്‍ ചെറുകിടമേഖലയില്‍ വരുത്തിയ മാറ്റം ആര്‍ക്കും ചിന്തിയ്ക്കാവുന്നതല്ല. ഈ എഴുതുന്നയാളുടെ പല ബന്ധുക്കളും മുദ്ര ലോണുകള്‍ എടുത്ത് ബിസിനസുകള്‍ തുടങ്ങി പച്ചപിടിച്ചവരാണ്. വന്‍ ദീര്‍ഘദൃഷ്ടിയോടെ ഡിസൈന്‍ ചെയ്ത സാമ്പത്തികപരിഷ്കരണമായിരുന്നത്.
5. നയതന്ത്രബന്ധങ്ങളും ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളും
മോദിയെ കളിയാക്കിയ മറ്റൊരു കാര്യമായിരുന്നത്. ലോകം മുഴുവന്‍ കറങ്ങുന്നു, ഇന്ത്യയിലില്ല തുടങ്ങി പലതും. എന്നാല്‍ മന് മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ സമയത്ത് പോയത്രയേ മോദിയും പോയുള്ളൂ. പക്ഷേ ഒരു വ്യത്യാസമുണ്ട്. പോയിടത്തെല്ലാം സ്വന്തം മുദ്ര പതിപ്പിക്കാനും അവിടങ്ങളില്‍ ഉള്ളവരുമായെല്ലാം ഊഷ്മളമായ വ്യക്തിബന്ധങ്ങളുണ്ടാക്കുവാനും മോദിയ്ക്ക് കഴിഞ്ഞു.കളിയാക്കല്‍ വന്നത് മറ്റൊന്നും കൊണ്ടല്ല, മറ്റു പ്രധാനമന്ത്രിമാര്‍ പോകുമ്പോലെ പത്രപ്രവര്‍ത്തകരെ എഴുന്നള്ളിച്ച്കൊണ്ട് പോകാതെ ഒന്നോ രണ്ടോ ദൂരദര്ശന് ആകാശവാണി ജേര്‍ണലിസ്റ്റുകളേയും പിന്നെ ന്യൂസ് ഏജന്‍സികളിലെ ഒന്ന് രണ്ടാള്ക്കാരെയുമാണ് മോദിയുടെ സംഘത്തിലുള്ളത്. പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ സൗജന്യമായി യാത്രയും താമസവും ഭക്ഷണവും വിരുന്നുമൊക്കെയുണ്ട് സുഖിച്ചിരുന്ന ആര്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ പോകാനാകില്ല. അതിന്റെ വിഷമം അവര്‍ക്ക് ഉണ്ടാകും. പക്ഷേ വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുണ്ടാക്കുന്ന ബന്ധങ്ങള്‍ പഴയപോലെയല്ല. പരസ്പരം കൊല്ലാന്‍ നില്ക്കുന്ന ട്രമ്പും പുടിനും ആയും ഇസ്രേയലും ഇറാനുമായാലും ഒരുപോലെ ബന്ധമുള്ള ഒരൊറ്റ ലോകനേതാവ് മോദി മാത്രമാണ്. പുല്‍വാമ ഭീകരാക്രമണം നടന്നപ്പോല്‍ പാകിസ്ഥാനെതിരേ ഇന്ത്യയെപ്പോലെ ഇറാനും ശക്തമായി പ്രതികരിച്ചെന്നത് മറക്കാനാകില്ല. 2009ല്‍ മസൂദ് അസറിനെ അന്താരാഷ്ട്രഭീകരവാദിയായി പ്രഖ്യാപിക്കണം എന്ന് പറഞ്ഞ് പ്രമേയം അവതരിപ്പിച്ചത് ഇന്ത്യ ഒറ്റയ്ക്കായിരുന്നു. പക്ഷേ 2019ല്‍ ചൈന ഒഴിച്ച് സെക്യൂരിറ്റി കൗണ്‍സിലിലെ സകല രാജ്യങ്ങളും നമ്മുടെ കൂടെയുണ്ടായിരുന്നു. അതാണ് മോദിയുടെ യാത്രകളുടെ ഗുണം.
6. പാവങ്ങള്‍ക്കായുള്ള പദ്ധതികള്‍
ആയുഷ്മാന്‍ ഭാരത് കിട്ടിയതുകൊണ്ട് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ആണ് പാവങ്ങള്‍ക്ക് ലഭിച്ചത്. ലോകത്ത് ഇതുപോലെ വിപ്ളവകരമായ ഒരു പദ്ധതി വേറേ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പ്രധാനമന്ത്രി ജന്‍ ധന് യോജന. 30ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. പ്രധാനമന്ത്രി ആവാസ് യോജന വഴി പത്ത് ലക്ഷം അക്കൗണ്ടുകളാണ് തുറന്നത്. അടല്‍ പെന്ഷന് യോജന മുതല്‍ അനേകം പദ്ധതികള്‍. ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ഇതിലും കൂടുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയ മറ്റൊരു ഗവണ്മെന്റ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
7. സാമ്പത്തികപരിഷ്കാരങ്ങള്‍
സത്യം പറഞ്ഞാല്‍ സാമ്പത്തിക പരിഷ്കരണവും നോട്ടുകള്‍ പിന്‍വലിയ്ക്കലും അതീവ ധൈര്യമുള്ള ഒരു ഭരണാധികാരിയ്ക്ക് മാത്രമെടുക്കാന്‍ കഴിയുന്ന ഒരു തീരുമാനമായിരുന്നു. ഒരു കലാപത്തിലേക്ക് അതിനെ നയിയ്ക്കാന്‍ പലരും ശ്രമിയ്ക്കുന്നത് കണ്ടപ്പോഴാണ് നരേന്ദ്രമോദിയെന്ന നേതാവിനോടുള്ള ഒരു പൗരനെന്ന നിലയില്‍ ആരാധനതോന്നിയതും ഇന്ത്യയെത്തന്നെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന എതിരാളികളോട് അതികഠിനമായ വെറുപ്പ് തോന്നിയതും. ആ ഒരൊറ്റ തീരുമാനത്തിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കില്‍ അതിനുശേഷം സാമ്പത്തികരംഗത്ത് വന്ന സ്ഥിരമായ വളര്‍ച്ച, ഇന്ഫ്ളേഷന്റെ കുറവ്, കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റേയും നിയന്ത്രണം ഒക്കെ നോക്കിയാല്‍ മതി. ജിഎസ് ടിയും കൂടിച്ചേര്ന്നതോടേ ഒരു വന്‍ കുതിപ്പിനു വേണ്ട സകല സാമ്പത്തിക പരിഷ്കരണങ്ങളും ഒറ്റ കുടക്കീഴിലായി.
8. പൊതുമരാമത്ത്, ഗതാഗതം
നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയില്‍ ഏറ്റവും മിടുക്കനായ മന്ത്രിയായിരുന്നു. ആ മനുഷ്യന്റെ ഗുണം മനസ്സിലാക്കണമെങ്കില്‍ കേരളത്തിനു പുറത്തുള്ള ദേശീയപാതകള്‍ നോക്കിയാല്‍ മതി. കേരളത്തിലെ കൊല്ലം ബൈപ്പാസ് ഉള്‍പ്പെടെ പല പദ്ധതികളുണ്ടെങ്കിലും പല കോണുകളില്‍ നിന്നുള്ള അനാസ്ഥ നമ്മുടെ നാടിനെ പിറകോട്ടടിയ്ക്കുന്നുണ്ട്. ബോഗീബില് പാലം മുതല്‍ പാലങ്ങള്‍, റെയില്‍വേ വികസനം, വന്ദേഭാരത് എക്സ്പ്രസ്സ് തുടങ്ങി അനേകം വന്‍ മാറ്റങ്ങളാണ് ഉണ്ടായത്. നമാമി ഗംഗേ മുതല്‍ ഓരോ സംസ്ഥാനങ്ങളിലും ഉയരുന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വരെ. കുറച്ചുവരികളിലൊതുക്കാവുന്നതല്ല ഈ കാര്യങ്ങള്‍
അധികം പറയാനില്ല. മോദിയ്ക്ക് മാത്രമാണ് ഈ വോട്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ തുടര്‍ച്ചയ്ക്കായി ഇന്ത്യയെ സ്നേഹിയ്ക്കുന്ന എല്ലാവരും ഇത്തവണ വോട്ട് നല്‍കണം. ആ വോട്ട് ആര്ക്കെന്നല്ല, എല്ലാ വോട്ടും മോദിയ്ക്കാണ്.
ഇന്ത്യയെ മുന്നോട്ട് നയിയ്ക്കാനുള്ള ആ ത്യാഗത്തിനും സമര്‍പ്പണത്തിനുമാണ് വോട്ട്. 2019ല്‍ വീണ്ടും മോദി ഭരണം വരേണ്ടത് ഇന്ത്യയെ സ്നേഹിയ്ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.
Discussion about this post