ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി . അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത പുതിയ വാഹനങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്ന് മുതല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് തീരുമാനമെടുത്തു .
വാഹനം വാങ്ങിയതിന് ശേഷം രജിസ്ട്രേഷന് നമ്പര്‍ വാങ്ങിയ ശേഷം ഡീലറെ അറിയിക്കുകയും മുന്‍കൂട്ടി സമയം വാങ്ങി പ്ലേറ്റ് ഘടിപ്പിക്കാന്‍ ഷോറൂമില്‍ ചെല്ലേണ്ടതാണ് . തീര്‍ത്തും സൗജന്യമായിട്ടാണ് ഡീലര്‍മാര്‍ – നിര്‍മ്മാതാക്കള്‍ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കേണ്ടത് . പുതുതായി എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും സമയബന്ധിതമായി പ്ലേറ്റ് ഘടിപ്പിച്ച് കൊടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഡീലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട് .
ഒരു തവണ ഘടിപ്പിച്ചാല്‍ സ്ക്രൂ അഴിച്ച് ഇളക്കി മാറ്റാന്‍ കഴിയാത്ത തരത്തിലാണ് പുതിയ നമ്പര്‍ പ്ലേറ്റ് . അഴിക്കാന്‍ ശ്രമിച്ച് കഴിഞ്ഞാല്‍ പുനരുപയോഗിക്കാന്‍ സാധിക്കാത്ത ക്രോമിയം ഹോളോഗ്രാം സ്റ്റിക്കര്‍ , രെജിസ്ട്രേഷന് നടത്തിയ ഓഫീസ് , രെജിസ്ട്രേഷന് നമ്പര്‍ , ലേസര്‍ ഉപയോഗിച്ച് പതിപ്പിച്ച സ്ഥിര നമ്പര്‍ , എഞ്ചിന് നമ്പര്‍ , ചേസ് നമ്പര്‍ എന്നീ വിവരങ്ങള്‍ പ്ലേറ്റിലുണ്ടാകും . അഞ്ച് വര്‍ഷത്തേക്ക് ഗ്യാരന്റിയുള്ളതാണ് പുതിയ പ്ലേറ്റുകള്‍
വാഹനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ രെജിസ്ട്രേഷന് സോഫ്റ്റ്വെയറായ വാഹന്‍ സാരഥിയിലേക്ക് ഡീലര്‍മാര്‍ അപ്ലോഡ് ചെയ്യുകയും വേണം .
വിന്‍ഡ്ഷീല്‍ഡില്‍ വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് മനസിലാക്കാന്‍ കഴിയുന്ന കളര്‍ കോഡും , വാഹനത്തിന്റെ ഉത്പാദനതിയതി അടക്കമുള്ളവ രേഖപ്പെടുത്തുകയും ചെയ്യും . ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ പഴയ വാഹനങ്ങളിലും സുരക്ഷാ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണം .
Discussion about this post