ചെന്നൈ: ഡിആര്‍ഡിഒ വികസിപ്പിച്ച ഉപഗ്രഹം ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് വിക്ഷേപണത്തോട് അടുക്കുന്നു. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. നാളെ രാവിലെ 9.30 ന് എമിസാറ്റിനെ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി റോക്കറ്റിന്റെ വിക്ഷേപണം നടക്കും. 749 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹം എത്തിക്കുക.
436 കിലോഗ്രാം ഭാരമുള്ളതാണ് എമിസാറ്റ്.
കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിര്‍മാണം ഡിഫന്‍സ് എലക്ട്രോണിക് റിസര്‍ച്ച് ലാബില്‍ നടന്നത്. 2013-14 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എമിസാറ്റിനെ പറ്റി പരാമര്‍ശം ഉണ്ടായിരുന്നത്.
സരള്‍ എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആര്‍ഡിഒയും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് എമിസാറ്റ് നിര്‍മിച്ചത്.ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഴുവന്‍ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും.
കെഎ ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടിമീറ്റര്‍ ആണ് എമിസാറ്റില്‍ ഉപയോഗിക്കുന്നത്. ആള്‍ട്ടിക എന്ന ഈ മീറ്റര്‍ വികസിപ്പിച്ചത് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയാണ്. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിലും തീരപ്രദേശങ്ങള്‍, കരപ്രദേശങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയവയിലും കാര്യക്ഷമമായി തടസങ്ങളില്ലാതെ നിരീക്ഷണം നടത്താന്‍ കെഎ ബാന്‍ഡ് ആള്‍ട്ട് മീറ്റര്‍ സഹായിക്കും. അതിര്‍ത്തികളില്‍ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും. ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും.
പിഎസ്എല്‍വിയുടെ 47ാമത്തെ ദൗത്യമാണ് ഇത്. എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുള്‍പ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും. ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതും, റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ പരീക്ഷണത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമവും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
Discussion about this post