അഭിലാഷ് കുര്യന് ജോര്‍ജ്
റഷ്യയുടെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍ ഇത്തവണ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചപ്പോഴാണ് ഒരു വലിയ ചരിത്രം ആ പുരസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന് എല്ലാവരേയും അറിയിക്കണം എന്ന് തോന്നിയത്. റഷ്യയുടെ ഒരു വെറും പരമോന്നത ബഹുമതി ആയി മാത്രമല്ല എല്ലാവരുമറിയേണ്ടുന്ന ഒരു വലിയ ചരിത്രം- ഇരുണ്ട ചരിത്രം- ആ പുരസ്കാരത്തിനുണ്ട്.
അപ്പോസ്തലനായ വിശുദ്ധ ആന്‍ഡ്രൂസ് റഷ്യയുടെ പാട്രന്‍ സെയിന്റ് ആണെന്നാണ് വിശ്വാസം. ഗ്രീക്ക് ഓര്‍തഡോക്സ് ക്രിസ്ത്യാനിറ്റിയാണ് റഷ്യയിലെ ഏറ്റവും വലിയ മതം. കേരളത്തിലും ഭാരതത്തിലും ഉള്ള ഓര്‍തഡോക്സ് സഭാ പാരമ്പര്യത്തിനോട് വളരെയടുത്ത് നില്‍ക്കുന്നതാണ് റഷ്യയിലെ ഗ്രീക്ക് ഓര്‍തഡോക്സ് സഭയും.
1917 വരെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍ റഷ്യന്‍ ഭരണാധികാരികള്‍ അവിടത്തെ പരമോന്നത ബഹുമതിയായി നല്കി വന്നു. കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തതോടെ സകലതും അവര്‍ നിര്‍ത്തലാക്കി.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതോടെ വന്‍ ആക്രമണമാണ് ഗ്രീക്ക് ഓര്‍തഡോക്സ് സഭക്കെതിരെ അഴിച്ചുവിട്ടത്. അന്നത്തെ റഷ്യയിലെ പാര്‍ത്രിയാര്‍ക്കീസ് വിശുദ്ധ തീക്കോണ് പല തവണ വീട്ടുതടങ്കലിലാക്കപ്പെട്ടു. സഭയുടെ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുക ബോള്ഷെവിക്കുകാരുടെ വിനോദമായിരുന്നു. വിശ്വാസികളേയും പുരോഹിതരേയും ആയിരക്കണക്കിനാള്ക്കാരെ കൊന്നൊടുക്കി. ലക്ഷക്കണക്കിന് പേരെ ജയിലുകളിലും സൈബീരിയയിലെ കൊടും തണുപ്പില്‍ കോണ്‍സട്രേഷന്‍ ക്യാമ്പുകളിലും അടച്ചു.
ഏറ്റവും വലിയ ശിക്ഷ മതം എന്നത് ഭ്രാന്താണെന്ന് പറഞ്ഞ് പുരോഹിതരെ മെന്റല്‍ ഹോസ്പിറ്റലില്‍ അടക്കുകയും ഷോക്ക് ട്രീറ്റ്മെന്റ് നല്‍കലും ഒക്കെ ആയിരുന്നു. മനസ്സ് നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് അവരെ വിധേയരാക്കി. മയക്ക് മരുന്നുകള്‍, മറ്റ് മനോരോഗമരുന്നുകള്‍ എന്നിവ നല്കി പുരോഹിതരെ ‘ചികിത്സിച്ചു ‘. അധികാരത്തില്‍ കയറിയപ്പോള്‍ തന്നെ ഒരു കാരണവുമില്ലാതെ ഓര്‍തഡോക്സ് സഭയുടെ തലപ്പത്തുള്ള 28 ബിഷപ്പുമാരെയും 1800 പുരോഹിതരെയുമാണ് ബോള്‍ഷെവിക്കുകളും ലെനിനും കൊന്നത് .
1921ല്‍ മതപരമായ ആരാധന അനുവദിക്കണം എന്ന് പറഞ്ഞതിന് കിയിവില് 28 ബിഷപ്പുമാരേയും 7000 പുരോഹിതരേയും കൊലപ്പെടുത്തി. ഇങ്ങനെ സ്റ്റാലിന് വീഴുന്നത് വരെ ദിവസക്കണക്ക് പറയാം എന്നേ ഉള്ളൂ. സ്റ്റാലിന് കഴിഞ്ഞതോടെ കൊലപാതകങ്ങള്‍ക്ക് ഒരല്‍പ്പം ഇളവ് വന്നു.
പള്ളികള്‍ ഒക്കെ തകര്‍ത്ത് കളഞ്ഞു. അതിനും കണക്കൊന്നുമില്ല. ഓര്‍തഡോക്സ് സഭയുടെ ഏറ്റവും മുഖ്യമായ പള്ളി, മോസ്കോയിലെ പ്രശസ്തമായ അതിപുരാതനമായ കത്തീഡ്രല്‍ ക്രൈസ്റ്റ് ദ സേവ്യര്‍ ഡൈനമെറ്റ് വച്ച് തകര്‍ത്തു കളഞ്ഞു. ആകാശത്തോട്ട് കൈ പൊക്കി നില്ക്കുന്ന ലെനിന്റെ പടുകൂറ്റന്‍ പ്രതിമയോടെ വലിയ പാലസ് ഓഫ് സോവിയറ്റ് ഉണ്ടാക്കുകയായിരുന്നു ഉദ്ദേശം.
പക്ഷേ അത് പൊളിച്ചയന്ന് മുതല്‍ പിന്നീട് ഒന്നും നടന്നിട്ടില്ല. വെള്ളപ്പൊക്കവും രണ്ടാം ലോകയുദ്ധവും ഒക്കെ കാരണം അവിടം വെറും ഒരു കുഴിയായി തന്നെ കിടന്നു. ഒരു കമ്യൂണിസ്റ്റ് കൊട്ടാരവും അവിടെ പണിയാനായില്ല. പിന്നീട് പത്ത് മുപ്പത് കൊല്ലം കഴിഞ്ഞ് ക്രൂഷ്ചേവ് അവിടെ നീന്തല്‍ക്കുളം പണിതു. 1998 ല്‍ കമ്യൂണിസം തകര്‍ന്നടിഞ്ഞപ്പോള്‍ പഴയ കാല മഹിമയോടെ അവിടെ കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദ സേവ്യര്‍ പുതിയതായി പണിതു.
1988ല്‍ ചെറിയ മതസ്വാതന്ത്യം ഒക്കെ ഗോര്‍ബച്ചേവിന്റെ കീഴില്‍ ലഭിച്ച് തുടങ്ങിയതോടെ ഗ്രീക് ഓര്‍തഡോക്സ് സഭ തന്നെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍ എന്ന ബഹുമതി വീണ്ടും നല്കാന് തുടങ്ങി. കമ്യൂണിസം തകര്‍ന്നടിഞ്ഞ് ജനാധിപത്യം പുനസ്ഥാപിച്ചപ്പോള്‍ റഷ്യ 1998 ജൂണ്‍ ഒന്നാം തീയതി റഷ്യന്‍ ഫെഡറേഷനിലെ പരമോന്നത ബഹുമതിയായി ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍ തിരികെ കൊണ്ടുവന്നു.
ആ ബഹുമതി റഷ്യയുടെ മാത്രമല്ല ഗ്രീക്ക് ഓര്‍തഡോക്സ് സഭയുടെ കൂടെ ചരിത്രമാണ്. അത് ഇപ്പോള്‍ തന്നെ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയത് സത്യം പറഞ്ഞാല്‍ ഒരു നിമിത്തമാണ്.
തങ്ങളുടെ വിശ്വാസത്തില്‍ പെട്ട സഹോദരങ്ങളെ റഷ്യയില്‍ കൂട്ടക്കൊല നടത്തിയവരുടെ ഫോട്ടോയും വച്ച് പൂജിക്കുന്ന മാര്‍ക്സിസ്റ്റുകാരുടെ കൈയ്യും പിടിച്ച് ചിലര്‍ രാഷ്ട്രീയ ലാഭം നോക്കി നടക്കുന്നുണ്ട്. റഷ്യയില്‍ റഷ്യന്‍ ഓര്‍തഡോക്സ് സഭ ഏത് പോലെ ആണോ അതുപോലെ ഭാരതത്തിലെ അടിസ്ഥാന ജനവിഭാഗമായ ഹിന്ദുക്കളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്ന ഒരു മര്‍ദ്ദക ഭരണകൂടത്തോടൊപ്പം തെരുവില്‍ മതിലു കെട്ടാന്‍ ഇവിടത്തെ ചില അന്ത്യോക്യന്‍ സഭ മക്കളും വരെ ഉണ്ടായിരുന്നു. അവരുടെ മുന്നിലേക്ക് സാക്ഷാല്‍ വിശുദ്ധ ആന്‍ഡ്രൂസ് പുണ്യാളന് തന്നെ തിരിച്ച് വച്ച കണ്ണാടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഈ ബഹുമതി.
പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.
Discussion about this post