ജിതിന് ജേക്കബ് –In Facebook
‘ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന നാമജപം മുഖ്യനെ അസ്വസ്ഥനാക്കി. തുടര്‍ന്ന് സഖാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു’.
ഈ സംഭവം നടന്നത് ‘മതേതര’ കേരളത്തിലാണ്. ഇതാണോ സഖാക്കള്‍ മുന്നോട്ടുവെക്കുന്ന മതേതരത്വം? ഇതാണോ നിങ്ങളുടെ വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം? ഉത്തരം സിമ്പിള്‍ ആണ്, ഇതുതന്നെയാണ് സഖാക്കള്‍ മുന്നോട്ട് വെക്കുന്ന മതേതരത്വം. ഹിന്ദു വേട്ടയും, ന്യൂനപക്ഷ പ്രീണനവും, ഇതാണ് സഖാക്കളുടെ മതേതരത്വം !
ഹിന്ദുമതത്തെ വേട്ടയാടുക, പരിഹസിക്കുക, ആക്ഷേപിക്കുക, അപമാനിക്കുക അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കേരളത്തില്‍ മതേതരനായി. മതേതരത്വം എന്നുപറഞ്ഞു ഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും, അവരുടെ ആചാര്യന്മാരെയും ഹീനമായ രീതിയില്‍ ആക്ഷേപിച്ചും, അവഹേളിച്ചും നിങ്ങള്‍ക്ക് കേരളത്തില്‍ മതേതരനായി വിലാസം. പ്രതികരിച്ചാല്‍ അല്ലെങ്കില്‍ പ്രതിഷേധിച്ചാല്‍ എന്താണ് സംഭവിക്കുക? ഉടന്‍ സന്ഘിപട്ടം ചാര്‍ത്തി കൊടുക്കും, കുറെ കേസുകളും തലയില്‍ കെട്ടിവെക്കും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കപെട്ട സഖാക്കള്‍ അവശേഷിക്കുന്ന തുരുത്തില് നിലനില്‍പ്പിനായി കൈകാലിട്ടടിക്കുകയാണ്. അതിനുവേണ്ടി എന്ത് നാറിയ പണിയും കാണിക്കും. അവര്‍ കേരളത്തില്‍ ഇപ്പോള്‍ ചെയ്യുന്നത് മത ന്യൂനപക്ഷങ്ങളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ്.
മതഭ്രാന്തോ, കടുത്ത മത ചിന്തകളോ ഒന്നുമില്ലാത്ത, സഹിഷ്ണുതവാദികളായ ഹിന്ദുക്കളെ അതിനുവേണ്ടി അവര്‍ ഉപയോഗിക്കുന്നു. ഹിന്ദുക്കള്‍ ഒന്നായാല്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലാതാകും എന്നവര്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആക്കി നിലനിര്‍ത്തുന്നു.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന നാമജപം പോലും അവരെ അസ്വസ്ഥരാക്കുന്നു, തുടര്‍ന്ന് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു, ഒരു ഹൈന്ദവ ഇതര ആരാധനാലയം ആയിരുന്നു എങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ സഖാക്കളുടെ കൈ പൊങ്ങുമായിരുന്നോ?
നാമജപത്തിനുപകരം വിശുദ്ധ കുര്‍ബാനയോ, അല്ലെങ്കില്‍ ബാങ്ക് വിളിയോ ആയിരുന്നു എങ്കില്‍ അത് കഴിയുന്നതുവരെ നിശബ്ദരായി മാറി നില്ക്കുമായിരുന്നു. എന്നിട്ട് ആ വാര്‍ത്ത എല്ലാ ‘നിഷ്പക്ഷ’ മാധ്യമങ്ങളിലും എട്ടുകോളം വാര്‍ത്തയാക്കി കൊടുക്കുകയും ചെയ്ത് തങ്ങളുടെ മതേതരത്വം വാഴ്തത്തി പാടിച്ചേനെ.
സഖാക്കള്ക്കറിയാം ഹിന്ദു വേട്ട നടത്തിയാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം എന്ന്. ഇവര്‍ പ്രതീക്ഷിക്കുന്നത് എത്രത്തോളം ഹിന്ദു വേട്ട നടത്തുന്നുവോ അത്രത്തോളം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കും എന്നാണ്. കുറച്ച് നാളത്തേക്ക് ഈ തന്ത്രം വിജയിക്കുമായിരിക്കും, പക്ഷെ എല്ലാകാലത്തും ഇത് സാധിക്കില്ല സഖാക്കളേ.
വോട്ട് ബാങ്ക് സൃഷ്ട്ടിക്കാന്‍ വേണ്ടി സമൂഹത്തില്‍ നിങ്ങള്‍ സൃഷ്ട്ടിക്കുന്ന അസ്വസ്ഥതകള്‍ വളരെ വലുതാണ് എന്നോര്‍ക്കണം. ആദരണനീയനായ ശ്രീ കെ കെ മുഹമ്മദ് പറഞ്ഞതുപോലെ ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോഴാണ് ഹിന്ദുക്കള്‍ പ്രതികരിക്കുക. കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദുവേട്ട നടത്തുമ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ഒരുവിഭാഗം മത ഭ്രാന്തന്മാര് പെടച്ചുവിടുന്ന വര്‍ഗീയ സ്വഭാവമുള്ള പ്രതികരണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളൂ.
ഭൂരിപക്ഷമായിട്ടും തങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന തോന്നലില്‍ നിന്നും ഉയരുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ക്ക് പോലും കനത്ത വിലനല്‍കേണ്ടിവരും. അത് കൂടുതലായും ബാധിക്കുക ഇവിടുത്തെ ന്യൂനപക്ഷങ്ങളെ തന്നെയാകും.
വോട്ട് കിട്ടാന്‍ വേണ്ടി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന ഈ ഏര്‍പ്പാട് നിങ്ങളുടെ തന്നെ അടിവേരിളക്കും. ന്യൂനപക്ഷവും, ഭൂരിപക്ഷവുമല്ല സമൂഹത്തിന്റെ ആകെ ഉന്നമനത്തിനുവേണ്ടിയാണ് ഒരു ഭരണാധികാരി പ്രവര്‍ത്തിക്കേണ്ടത്.
കേരളത്തിലെ ഭൂരിപക്ഷം ന്യൂനപക്ഷ വിഭാഗങ്ങളും സമാധാനകാംക്ഷികളാണ്. ഉത്തരേന്ത്യന്‍ സംസ്ക്കാരത്തില്‍ നിന്നും വിഭിന്നമായി അവര്‍ ഹിന്ദു സംസ്ക്കാരത്തോട് ഒന്നുചേര്‍ന്നാണ് അവര്‍ ഇക്കാലമത്രയും ജീവിക്കുകയും ചെയ്തത് . ആ അവസ്ഥക്ക് വലിയ മാറ്റമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങള്‍ അപകടത്തില്‍, ഹിന്ദു ഒരുമിക്കുന്നു എന്നൊക്കെയുള്ള പ്രചാരണം ന്യൂനപക്ഷങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നു എന്നത് വാസ്തവമാണ്.
നിലനില്‍പ്പ് അപകടത്തിലായാല്‍ ഹിന്ദുക്കള്‍ പ്രതികരിച്ചു തുടങ്ങും. അപ്പോള്‍ പിന്നെ സഹിഷ്ണുത, മതേതരത്വം എന്നൊന്നും പറഞ്ഞുവന്നാല്‍ അത് ഏല്‍ക്കില്ല. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ അത്രയ്ക്ക് അകറ്റിക്കഴിഞ്ഞു.
ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിച്ച് നിലനില്‍പ്പിന് ശ്രമിക്കുന്ന ഈ ചെന്നായ്ക്കളെ നമ്മുടെ സമൂഹം തിരിച്ചറിഞ്ഞു പ്രതികരിക്കണം. ഈ നാട്ടിലെ ഹിന്ദുക്കളുടെ സഹിഷ്ണുതയാണ് ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചക്കും, സമാധാനജീവിതത്തിനും മറ്റും ഇടയാക്കിയത് എന്നോര്‍ക്കണം. ഹിന്ദുക്കള്‍ അല്ലായിരുന്നു ഈ രാജ്യത്ത് ഭൂരിപക്ഷം എന്നിരുന്നെകില് ന്യൂനപക്ഷങ്ങളുടെ ജീവിതം ഏത് രീതിയിലാകുമായിരുന്നു എന്നതും ന്യൂനപക്ഷങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
ജാതിമത ഭേദമന്യേ ഇന്ത്യ ഒന്നായി നിലനിന്നാലേ നമ്മുക്ക് മുന്നേറാനാകൂ. ന്യൂനപക്ഷങ്ങളിലെ മതഭ്രാന്തന്മാരെ അതാത് മത സംഘടനകള്‍ തന്നെ കണ്ടെത്തുകയും അവരെ നേര്‍വഴിക്കു നടത്തുകയും വേണം. വോട്ട് ബാങ്കിന് വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു വേട്ട നടത്തുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് കടുത്ത നന്ദികേടാണ്. അത് കാലക്രമത്തില്‍ നമ്മുടെ തന്നെ സമാധാന ജീവിതത്തിന് ഭീഷണി ആകുമെന്ന് തീര്‍ച്ച.
ഇന്ത്യയില്‍ ശേഷിക്കുന്ന സഖാക്കളെ ജനം അറബിക്കടലില്‍ തട്ടിയിട്ട് കഴിഞ്ഞാലും നമ്മുക്ക് സമാധാനമായി ഈ രാജ്യത്ത് ജീവിക്കണം. നിലനില്‍പ്പിന് വേണ്ടി ഇവര്‍ സൃഷ്ട്ടിക്കുന്ന ഈ വര്‍ഗീയ ചേരിതിരിവ് നമ്മുടെ തലമുറകളെ ബാധിക്കരുത്.
ന്യൂനപക്ഷങ്ങള്‍ തന്നെ ഈ ഹിന്ദു വേട്ടക്കെതിരെ മുന്നോട്ട് വന്ന് പ്രതികരിക്കണം. അത് നമ്മുടെ കടമയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള് ഈ രാജ്യത്ത് സമാധാനപരമായി ജീവിച്ചത് ഈ മാക്രികള്‍ ഉണ്ടായിരുന്നത് കൊണ്ടല്ല.
1939 നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പും നമ്മുടെ പൂര്‍വികര്‍ ഈ നാട്ടില്‍ ഉണ്ടായിരുന്നു. നമ്മുടെ ആചാരങ്ങളും അനുഷ്ട്ടങ്ങളും എല്ലാം പാലിച്ചുകൊണ്ടുതന്നെ നമ്മള് ഈ മണ്ണില്‍ ജീവിച്ചെങ്കില്‍ അതിന് നാം കടപ്പെട്ടിരിക്കുന്നത് ഇവിടുത്തെ ഹിന്ദുക്കളോടാണ്. അതുകൊണ്ടാണ് പറയുന്നത് ഈ ഹിന്ദു വേട്ടക്കെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന്.
വോട്ട് ബാങ്കിനും നിലനില്‍പ്പിനുമായി ഈ ചെന്നായ്ക്കള്‍ ചെയ്തുകൂട്ടുന്ന കുതന്ത്രത്തില്‍ നമ്മള് വീണുപോകരുത്.
Discussion about this post