ജയപ്രദയ്ക്കെതിരായ വിവാദ പരാമർശം ; അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം
ന്യൂഡൽഹി : സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ വിവാദ പ്രസ്താവന നടത്തിയതിന് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസം ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. എസ്പി വിട്ട് ബിജെപിയിലേക്ക് എത്തി റാം പൂരില്‍ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് വിവാദ പ്രസ്താവന നടത്തിയത്.
‘ റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ,എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’ ഇതായിരുന്നു ജയപ്രദയ്ക്കെതിരായ അസംഖാന്റെ പ്രസ്താവന. ഇതിൽ അസംഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീതും നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അസം ഖാന്റെ നിരവധി പ്രസംഗങ്ങള്‍ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്ത്രീകളെപ്പറ്റി മോശം പരാമര്‍ശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നല്‍കിയിരുന്നു. 2014 ൽ ഉത്തർപ്രദേശിൽ നടന്ന പ്രചാരണത്തിനിടയിലും അസംഖാൻ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു.
Discussion about this post