തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയിലും കാറ്റിലും 102 വീടുകള്‍ പൂര്‍ണമായും 3725 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 4268.51 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി.
തിരുവനന്തപുരത്ത് കിള്ളിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇത്തവണ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 29 ആയി.
തൃശൂരില്‍ 5 പേരും ഇടുക്കിയിലും കണ്ണൂരിലും 4 പേര് വീതവും പത്തനംതിട്ടയിലും കാസര്‍കോട്ടും 3 പേര് വീതവും ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മഴക്കെടുതികളില്‍ മരിച്ചത്.
മഴക്കെടുതി രൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ശാസ്തമംഗലം എല്‍.പി.എസിലും ആലപ്പുഴയിലും ഇന്നലെ ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വയനാട്7, പാലക്കാട്2, ആലപ്പുഴ 3, കൊല്ലം2 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.
അമ്പലപ്പുഴ പറവൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ 214 ഏക്കറുള്ള പൂന്തുരം പാടശേഖരത്തില്‍ മട വീഴ്ചയില്‍ 60 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ജില്ലയിലെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്.
തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ നഷ്ടം നാലുകോടിയിലേറെ. മൂന്നുകോടിയുടെ കൃഷി നാശമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്.25 വീട് പൂര്‍ണമായും 200 വീട് ഭാഗികമായും തകര്‍ന്നു. മുന്നൂറോളം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു.
കോട്ടയം ജില്ലയില്‍ നാല് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി നല്കി.കനത്ത മഴയില്‍ മൂവാറ്റുപുഴയില്‍ എം.സി റോഡിനോട് ചേര്‍ന്നുള്ള മലയിടിഞ്ഞ് രണ്ടുനില കെട്ടിടം തകര്‍ന്നു. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കോതമംഗലം മേഖലയില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും കൂത്താട്ടുകുളം മേഖലയിലും വ്യാപകമായി കൃഷിനാശം സംഭവിച്ചു.
കാലവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കിജില്ല ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്.ഇടുക്കി ജില്ലയിലെ ഉപ്പുതറ പശുപ്പാറയിലും, രാജാക്കാട് മുട്ടുകാടും കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. ജില്ലയിലെ 64 വില്ലേജുകളില്‍ 57ഉം ഉരുള്‍പൊട്ടല്‍ മേഖലയിലാണ്. ഇതില്‍ 47 വില്ലേജുകളില്‍ ഏതു സമയത്തും ഉരുള്‍പൊട്ടാം.ഉപ്പുതറ പശുപ്പാറയിലും, രാജാക്കാട് മുട്ടുകാടും ഉരുള്‍പൊട്ടി കഴിഞ്ഞദിവസം മൂന്നേക്കറോളം കൃഷിയിടം ഒലിച്ച് പോയി.
Discussion about this post