ഒളിക്യാമറാ വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. നടക്കാവ് പൊലീസാണ് കേസെടുത്തത്.
എം കെ രാഘവനെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ടില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ കേസെടുക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആധികാരികത തെളിയിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി കേസെടുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് എ.സി.പി പി വാഹിദ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി എം.ആര് അജിത്കുമാറാണ് ഡി.ജിപി ലോക്നാഥ് ബെഹ്റക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാഘവന്റെ മൊഴിയും, ഒളിക്യാമറ ഓപ്പറേഷന് നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന് ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി.
Discussion about this post