മഞ്ജു ദാസ്
ജനങ്ങള്‍ കൈകാര്യം ചെയ്ത് ഇല്ലാതാക്കും മുമ്പേ പേടിച്ച് മരിച്ചേക്കാവുന്ന പാര്‍ട്ടി. സിപിഎമ്മിനെ അങ്ങനെ വിശേഷിപ്പിച്ചാല്‍ കടുത്ത യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകളൊഴികെ മറ്റെല്ലാവരും അത് ഒരു പരിധിവരെ സമ്മതിച്ച് തരും. ലോകസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ അങ്കലാപ്പും, പരിഭ്രമവും ഇപ്പോള്‍ മനോനില തെറ്റിക്കുന്ന അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു. ‘മാറി നില്‍ക്കങ്ങോട്ട്’ എന്ന് മുഖ്യന്റെ നിലവിളി കേട്ടത് കൊണ്ട് മാത്രം പറയുന്നതല്ല, പലയിടത്തും വോട്ട് മറിച്ചു എന്ന് കരഞ്ഞു കൊണ്ടേയിരിക്കുന്ന ഇടത് നേതാക്കളെ കാണുമ്പോഴും, മാധ്യമസംവാദങ്ങളില്‍ ആത്മവിശ്വാസത്തിന്റെ ലാഞ്ചന അഭിനയിപ്പിച്ച് പ്രകടിപ്പിക്കാന്‍ പോലും കഴിയാതെ റഹീമിനെ പോലുള്ള യുവനടന്മാര് പോലും പരാജയപ്പെടുമ്പോഴും പാര്‍ട്ടി ഇല്ലാതാവുമോ എന്ന സഖാക്കളുടെ പേടി സൈക്കോസിസിന്റെ എല്ലാ അവസ്ഥാന്തരങ്ങളും പിന്നിട്ട് വല്ലാത്ത അവസ്ഥയിലാണെന്ന് മനസിലാക്കി തരുന്നു.
‘മാറി നിക്കങ്ങോട്ട്’ എന്ന പിണറായി സഖാവിന്റെ അല്ല മുഖ്യമന്ത്രിയുടെ വാക്കുകളില്‍ എന്ത് പുതുമ എന്ന മട്ടില്‍ ന്യായീകരണ തൊഴിലാളികള്‍ മുറുമുറുക്കുന്നുണ്ട്. പിണറായിയുടെ മാനസീകാവസ്ഥയുടെ അവസ്ഥാന്തരങ്ങള്‍ അപ്പോഴാണ് നിലതെറ്റുക എന്നറിയാവുന്ന പലര്‍ക്കും ഇതില്‍ അത്ഭുതമൊന്നും തോന്നാനിടയില്ല. കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിലതെറ്റിയപ്പോഴും, കടക്കു പുറത്ത് എന്ന് ആക്രോശിച്ചപ്പോഴുമെല്ലാം അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പിണറായിയ്ക്ക് എതിരായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അതായത് സഖാവ് മാധ്യമങ്ങളെ ഇട്ട് ചവിട്ടുന്നത് നില തെറ്റുമ്പോഴാണ് എന്നതിന് മുന്‍കാലഅനുഭവങ്ങള്‍ സാക്ഷി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേദിവസം പോളിംഗ് ഉയര്‍ന്നതിന് കുറിച്ചു ചോദിക്കാനാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സഖാവിന് ദേഷ്യമൊന്നുമുണ്ടാവാനിടയില്ല. പക്ഷേ പാര്‍ട്ടി പെട്ട അവസ്ഥയില്‍ അതിന് മുഖ്യ കാരണക്കാരനായ വ്യക്തിയുടെ അന്നത്തെ മാനസീകാവസ്ഥ മാധ്യമങ്ങള്‍ പരിഗണിക്കാതിരുന്നതാണ് പ്രശ്നമായത്.. ഈ മാനസീകാവസ്ഥ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞില്ല എന്നത് പോകട്ടെ, കൂടെയുണ്ടായിരുന്ന ഉപദേശികളെങ്കിലും മനസിലാക്കണ്ടേ…സാഖാവ് ഇപ്പോള്‍ പ്രതികരിക്കില്ല, ചോദ്യമൊന്നും വേണ്ട എന്ന് മുന്‍കൂറായി പറഞ്ഞാല്‍ വന്ന വഴി മിണ്ടാതെ പോകുന്ന പാവാടാ മാധ്യമക്കാരാണ് അധികവും, ചീത്ത പറഞ്ഞാല്‍ പോലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കേട് പറ്റണ്ടാ എന്ന് ചിന്തിച്ച് മുട്ടലിഴയാന് മടിയില്ലാത്തവരാണ് അധികവും.
ഒരു വര്‍ഷം മുമ്പേ തുടങ്ങിയ പേടി എങ്ങനെ നില തെറ്റുന്ന അവസ്ഥയിലേക്ക് എത്തി എന്ന് നോക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം മനസിലാക്കിയ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഏകീകരിക്കപ്പെടുന്ന ന്യൂനപക്ഷ വോട്ടുകളാണ് ഇനി കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസിനെ മൂലക്കിരുത്തി അന്ന് മുതലെ കളി തുടങ്ങി. പക്ഷേ കാര്യം കണ്ടാല്‍ പിന്നെ മിണ്ടാതെ പോവുന്ന ന്യൂനപക്ഷം ചതിക്കുമെന്ന് മനസിലാക്കാന്‍ പിന്നെയും കാലമേറെയെടുത്തു. ഈ ഘട്ടത്തില്‍ കൂടെ നിന്നില്ലെങ്കില്‍ കൂടെ നിര്ത്താനെന്ത് വഴി എന്ന ചിന്ത ഉടലെടുക്കുന്നത് ന്യൂനപക്ഷം കൈവിടുമോ എന്ന ആ പേടിയില്‍ നിന്നാണ്.
ഈ സമയത്താണ് ശബരിമല വിഷയം വീണ് കിട്ടുന്നത്. അത്രയൊന്നും പ്രശ്നമില്ലാതെ പരിഹരിക്കാവുന്ന വിഷയം സംഘര്ഷത്തിലെത്തിക്കാന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു. സുപ്രിം കോടതി വിധി ഏത് വിധേനയും നടപ്പിലാക്കുമെന്ന് ദൃഡപ്രതിജ്ഞ കണ്ട് സഖാക്കള്‍ വരെ ഞെട്ടി..ചര്‍ച്ച, സാവകാശം, സമവായം ഇത്തരം പദങ്ങള്‍ക്ക് പകരം ഹിന്ദുനവോത്ഥാനത്തിന് യുവതികളെ മലകയറ്റണമെന്ന വിശ്വാസികള്‍ക്കെതിരായ നിലപാടാണ് മുഖ്യനും സംഘവും എടുത്തത്. അതേസമയം പള്ളി തര്‍ക്കത്തിലും മുത്തലാഖിലും ന്യൂനപക്ഷ വോട്ടിനൊപ്പം നിന്ന് ഞങ്ങളിതാ നിങ്ങള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ ജോഷി ചതിച്ചാശാനെ എന്ന പറഞ്ഞ പോലെയായി മുഖ്യന്റെ പദ്ധതികള്‍. ന്യൂനപക്ഷം സഖാക്കളുടെ കെണിയില്‍ വീണില്ല, ഒപ്പം കൂടെയുണ്ടായിരുന്ന ഭൂരിപക്ഷസമുദായത്തിലെ കുറെയേറെ പേര് കൈവിടുകയും ചെയ്തു. കടിച്ചതും പിടിച്ചതും പോയി എന്ന മട്ടിലായി കാര്യങ്ങള്‍. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിശ്വാസികളുടെ മൂക്കിനിട്ട് കുത്തി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും ന്യൂനപക്ഷം സഖാക്കളെ നമ്പിയില്ല. വോട്ടെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് കൂടിയായതോടെ നിലതെറ്റി. ബിജെപിയെ വളര്ത്തിയായാലും ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താമെന്നുള്ള സ്വപ്നം മലര്പൊടിക്കാരന്റേത് പോലെയായി.
ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുകയും, യുഡിഎഫ് നേട്ടമുണ്ടാക്കുകയും ചെയ്തതോടെ ഉള്ള ചങ്ക് തകരുന്ന റിസല്റ്റാവും ഉണ്ടാവുക എന്ന് വ്യക്തമായി. ഇതിനിടയിലാണ് മാധ്യമങ്ങള്‍ മുന്നില്‍ പെടുന്നതും, മാറി നില്‍ക്കങ്ങോട്ട് എന്ന ആക്രോശമായി മനോനില പ്രതിഫലിക്കുന്നതും. ജനങ്ങള്‍ മാറി നില്‍ക്കങ്ങോട്ട് എന്ന് പറഞ്ഞതിനാണ്.. ഈ അങ്ങാടിയില്‍ തോറ്റാല്‍ മാധ്യമങ്ങളോട് എന്ന മട്ടിലുള്ള പിണറായി വിജയന്റെ പ്രകടനം. പിന്നാലെ വോട്ട് മറിച്ചു, എന്നായി കൂടെയുള്ളവര്‍, ഫലം വന്നാല്‍ വോട്ടിംഗ് മെഷീന് ചതിച്ചുവെന്നാവും ബിജെപി മുന്നേറ്റ മണ്ഡലങ്ങളിലെ വിലയിരുത്തല്‍. മറ്റുള്ള മണ്ഡലങ്ങളിലെന്തേ അട്ടിമറി നടക്കില്ലേ എന്ന ചോദ്യവുമായൊന്നും വന്നേക്കരുത്..സന്ദേശത്തിലെ ശങ്കരാടി കഥാപത്രം മോഡല്‍ വിശകലനം കേട്ട് ചിരിച്ച് ഊപ്പാടിളകേണ്ടി വരും.
ദേശീയ പദവി പോവുമോ, മോദിയെ ആരിന് താഴെയിറക്കും എന്നിങ്ങനെ വിലപിച്ചും കണ്ടറ അണിയാപ്പിസ് ഭരണ വരെ നഷ്ടപ്പെടുമോ എന്ന പേടിയില്‍ ഉറക്കം നഷ്ടപ്പെട്ടും വരുമ്പോള്‍ ഇപ്പോഴത്തെ ഈ അവസ്ഥ എന്തില്‍ ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയണം. ജനങ്ങള്‍ മാറി നില്ക്ക് എന്ന പറഞ്ഞാല്‍ ഉടനങ്ങ് അറബി കടലില്‍ ചാടുകയാണോ? നിയമസഭ പോട്ട് സംഹകരണസംഘങ്ങളും, അണ്ടിയാപ്പിസുമകളുമായി ഭരണം എത്ര കിടക്കുന്നു വിശാലമായ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കേരളത്തില്‍..!
Discussion about this post