സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യയുടെ പ്രതിരോധ സൈബര്‍ ഏജന്‍സി (Defence Cyber Agency) അടുത്തമാസം തന്നെ പ്രവര്‍ത്തനസജ്ജമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അതിനായുള്ള അനുമതിപത്രം ഒപ്പുവച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
മാറിയകാലത്ത് യുദ്ധങ്ങളുടെയും ആക്രമണങ്ങളുടേയും രീതിയും മാറുകയാണ്. ചൈനയിലേയും പാക്കിസ്ഥാനിലേയും ഗവണ്മെന്റുകള് തന്നെ സൈബര്‍ കുറ്റവാളികളേക്കൊണ്ട് മറ്റു രാഷ്ട്രങ്ങളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ ആക്രമിയ്ക്കുന്നത് മുതല്‍ ഭീകരവാദികള്‍ നടത്തുന്ന സൈബര്‍ ആക്രമണം വരെ ഇപ്പോള്‍ കൂടിവരികയാണ്.
ദശലക്ഷക്കണക്കിനു രൂപയുടെ നാശമുണ്ടാക്കാന്‍ സാദ്ധ്യതയുള്ളതാണ് ഈ ആക്രമണങ്ങള്‍. പ്രതിരോധ രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതു വഴി രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകാവുന്ന തരത്തില്‍ ഗുരുതരമാണ് സൈബര്‍ ആക്രമണങ്ങള്‍.
ഡല്ഹിയിലായിരിയ്ക്കും ഈ ഏജന്‍സിയുടെ മുഖ്യകേന്ദ്രം പ്രവര്‍ത്തനസജ്ജമാവുന്നത്. മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥനായ റിയര്‍ അഡ്മിറല്‍ മോഹിത് ഗുപ്തയാവും ഇതിന്റെ ആദ്യത്തെ മേധാവി. ഇപ്പോള്‍ തന്നെ സുരക്ഷാസേനകളിലും ഡി അര് ഡി ഓയിലും പ്രവര്‍ത്തിയ്ക്കുന്ന സൈബര്‍ വിഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടാവും ആദ്യകാലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സൈബര്‍ ഏജന്‍സിയോടൊപ്പം സ്പെഷ്യല്‍ ഫോഴ്സസ് ഏജന്‍സി, പ്രതിരോധ ബഹിരാകാശ ഏജന്‍സി എന്നീ രണ്ട് ഏജന്‍സികള്‍ കൂടെ തുടങ്ങാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. ബഹിരാകാശയുദ്ധമുള്പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിയ്ക്കുകയാണ്ണ് ഡിഫന്‍സ് സ്പേസ് ഏജന്‍സിയുടെ ചുമതല. ഇന്ത്യയുടെ ഉപഗ്രഹവേധമിസൈല്‍ ഉള്‍പ്പെടെയുള്ള ബഹിരാകാശമേഖലയിലെ പ്രതിരോധസംവിധാനങ്ങള്‍ ഇപ്പോള്‍ വിവിധ ഏജന്‍സികളുടേയും സുരക്ഷാ സേനകളുടെയും കൂട്ടുത്തരവാദിത്തത്തിലാണുള്ളത്.
വിവിധ സുരക്ഷാ സേനകളുടെ കീഴിലുള്ള സ്പെഷ്യല്‍ ഫോഴ്സുകളെ കൂട്ടിയോജിപ്പിക്കുകയാണ് സ്പെഷ്യല്‍ ഫോഴ്സസ് ഏജന്‍സിയുടെ ഉദ്ദേശം. കരസേനയുടെ കീഴിലുള്ള പാരാ കമാന്‍ഡോസ്, നാവികസേനയുടെ കീഴിലുള്ള മറീന്‍ കമാന്‍ഡോസ്, വ്യോമസേനയുടേ ഗരുഡ് കമാന്‍ഡോസ് എന്നീ പ്രത്യേക സേനാവിഭാഗങ്ങളുടെ ഓപ്പറേഷനുകള്‍ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിപ്പിയ്ക്കുകയാണ് അതിന്റെ ഉദ്ദേശം. ആഗ്രയിലാവും ഇതിന്റെ ഹെഡ്ക്വാട്ടേഴ്സ് എന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്.
ഈ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ പ്രതിരോധസേനകളുടെ ഏകോപനത്തിലും നിയന്ത്രണത്തിലും വലിയതോതിലുള്ള കാര്യക്ഷമതാ മുന്നേറ്റമാണുണ്ടാകുക എന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post