സിജു ഗോപിനാഥ്
ഫേസ്ബുക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു എന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനും തോന്നിത്തുടങ്ങിയിരിക്കുന്നു. വെറുതെ സ്ക്രോള്‍ ചെയ്തുപോകുന്ന, ഫ്രണ്ട്സിന്റെ ബോറടിപ്പിക്കുന്ന അപ്ഡേറ്റുകള് മാത്രം കാണുന്ന ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം എന്ന പരാതിമാറ്റാനായി അടിമുടി പരിഷ്കാരങ്ങളുമായിയാണ് പുതിയ ഫേസ്ബുക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഫേസ്ബുക്ക് F8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഈ മാറ്റം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് 5 അഥവാ FB5 എന്ന് പേരിട്ടിരിക്കുന്ന അപ്ഡേറ്റ് ആന്‍ഡ്രോയിഡില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റുള്ള പ്ലാറ്റുഫോമുകളില്‍ ഉടന്‍തന്നെ ലഭ്യമായി തുടങ്ങും.
സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കളര്‍ ബ്ലൈന്‍ഡ് ആയതുകൊണ്ടാണ് ഫേസ്ബുക്കിന് ആ പ്രസിദ്ധമായ നീല നിറം ലഭിച്ചത്. കാലങ്ങളായി നമ്മള് കണ്ടുശീലിച്ച ആ നീലനിറം ഒഴിവാക്കി മെസെഞ്ചറിനോട് സാമ്യമുള്ള രീതിയില്‍ വെള്ള നിറത്തിലായിരിക്കും പുതിയ ഡിസൈന്‍. മിനിമല്‍ ഡിസൈനാണ് ആപ്പിന് ഉള്ളത്. ഇത് കൂടാതെ ഡിസൈന്‍ മുഴുവന്‍ കറുത്ത പ്രതലത്തിലാക്കുന്ന ഡാര്‍ക്ക് മോഡും ഉണ്ടാവും.
ഏറ്റവും വലിയ അപ്ഡേറ്റ് [[[[ FIGURE 2 Update ]]]]
ഇതുവരെ ഫേസ്ബുക്കിന് ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മാറ്റങ്ങളായിരിക്കും FB5 ല്‍ ഉണ്ടാവുക.
ഡിസൈനിനു പുറമെ അല്‍ഗോരിതത്തിലും ഫേസ്ബുക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കളില്‍ കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍ കൊണ്ടുവരിക, സ്വകാര്യത വര്‍ധിപ്പിക്കുക, സോഷ്യല്‍ മീഡിയയും സാമൂഹിക ജീവിതവും തമ്മിലുള്ള അന്തരം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പുതിയ അപ്ഡേറ്റ് ഊന്നല്‍ നല്‍കുന്നത്.
സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കാതെ ഇനി മുന്നോട്ട് പോകാനാവില്ല എന്ന സമീപകാല സംഭവ വികാസങ്ങളില്‍ നിന്ന് മനസിലായതുകൊണ്ടാവും ‘The future is private!’ എന്ന ആപ്തവാക്യത്തോടെ മുന്നോട്ട് പോകാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. സ്വകാര്യതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയായിരിക്കും ഈ അപ്ഡേറ്റ് പുറത്തിറങ്ങുക. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനും തങ്ങളുടെ സ്വകാര്യ വിവരങ്ങളിന്മേല് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഈ അപ്ഡേറ്റിലൂടെ കഴിയും. എന്നാല്‍
ഉപയോക്താക്കളുടെ താല്പര്യങ്ങള് അറിഞ്ഞ് പരസ്യങ്ങള്‍ അവരിലേക്ക് എത്തിക്കുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാവാന്‍ ഇടയില്ല.
ഒരേ അഭിരുചിയുള്ള കൂട്ടുകാര്‍ കൂട്ടം കൂടി ഇരുന്ന് കത്തിവയ്ക്കുന്ന അത്രയും രസമുള്ള കാര്യം വേറെ എന്തുണ്ട്? ഇനി അത്തരത്തിലുള്ള ഗ്രൂപ്പുകള്ക്കാവും ഫേസ്ബുക്ക് മുന്‍ഗണന നല്‍കുക.
ഉപയോക്താക്കളുടെ സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇപ്പോള്‍ തന്നെ ഏതാണ്ട് 400 മില്യണ്‍ ഗ്രൂപ്പുകള്‍ ഫേസ്ബുക്കിലുണ്ട്.
പുതിയ വേര്‍ഷനില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഒരു ഗ്രൂപ്പ് ടാബ് ഉണ്ടാകും. ഇതില്‍നിന്ന് നമ്മള് അംഗങ്ങളായിട്ടുള്ള എല്ലാ ഗ്രൂപ്പുകളിലേക്കും നിന്നുള്ള വിവരങ്ങള്‍ കാണാനും നേരിട്ട് പോസ്റ്റുകള്‍ ചെയ്യാനും സാധിക്കും. ആരോഗ്യ സംബന്ധമായാത് പോലെയുള്ള ചില കാറ്റഗറിയിലുള്ള ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ anonymous ആയി പോസ്റ്റുകള്‍ ചെയ്യാനുള്ള സൗകര്യവും, ഗ്രൂപ്പിനുള്ളില്‍ തന്നെ സ്വകാര്യ സംഭാഷങ്ങള്‍ നടത്താനുള്ള സൗകര്യവും ഉണ്ടാവും. തങ്ങളുടെ അഭിരുചി അനുസരിച്ച് ഗ്രൂപ്പുകള്‍ കാണിച്ചുതരാനുള്ള ഒരു Grouprecommending tool പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ അപ്ഡേറ്റില്‍ ഇവെന്റുകള്ക്കായി പ്രത്യേകം ഒരു ടാബ് നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ ജന്മദിന പാര്‍ട്ടികള്‍ പോലെയുള്ള പരിപാടികള്‍ ഒരിക്കലും ഇനി മിസ്സായി പോകില്ല. ഈ ഫീച്ചറും സാമൂഹിക ഇടപെടലുകള്‍ കൂട്ടാനായി ആണ്.
പുതിയ സുഹൃത്തുക്കളെ കണ്ടെത്താം
പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ പുതിയ ഒരു ഓപ്ഷനും ഫേസ്ബുക് അവതരിപ്പിച്ചിട്ടുണ്ട്.
Meet New Friends എന്ന ഓപ്ഷന് ഓണ്‍ ആക്കി വച്ചാല്‍ നമ്മുടെ സമീപത്തുള്ള പുതിയ കൂട്ടുകാരെ കണ്ടെത്താനും സൗഹൃദം സ്ഥാപിക്കാനും കഴിയും. ഈ ഓപ്ഷന് ഓണ്‍ ആക്കിയിട്ടിട്ടുള്ള ആളുകളെ മാത്രമേ ഇത്തരത്തില്‍ നമുക്ക് കാണാന്‍ കഴിയൂ.
ഡേറ്റിംഗിനായി ഇനി വേറെങ്ങും പോകേണ്ട
നമ്മുടെ നാട്ടിലും അത്ര വലിയ പുതുമയൊന്നുമില്ല ഫേസ്ബുക്ക് പ്രണയങ്ങള്‍. ആരെയെങ്കിലും ‘വളയ്ക്കാന്‍’ നോക്കുന്നവരുടെ ആദ്യപടി ഫേസ്ബുക്ക് തന്നെ. ഇത് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് പുതിയ അപ്ഡേറ്റില്‍ ഫേസ്ബുക്ക് ചെയ്തിരിക്കുന്നത്. Secret Crush എന്ന ഓപ്ഷനിലൂടെ നമ്മുടെ 9 സുഹൃത്തുക്കളെ വരെ നമുക്ക് ഡേറ്റിംഗിനായി സെലക്ട് ചെയ്ത് ലിസ്റ്റ് ചെയ്ത് വയ്ക്കാം. അവരും നമ്മളെ ഇത്തരത്തില്‍ ലിസ്റ്റ് ചെയ്താല്‍ അത് ഒരു മാച്ചിങ്ങ് ആയി. ബാക്കി എല്ലാം നേരിട്ട്. പക്ഷെ കൊതിക്കേണ്ട ഈ ഫീച്ചര്‍ ഇന്ത്യയിലില്ല!!
ലോഡ് കുറച്ച് സ്പീഡ് കൂട്ടി എത്തുന്ന മെസെഞ്ചറിലും അല്പം മാറ്റാനാണ് ഫേസ്ബുക്ക് വരുത്തിയിട്ടുണ്ട്.
അടുത്ത സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഉള്ള ഒരു പ്രത്യേക ഏരിയ മെസഞ്ചറില്‍ ഉണ്ടാവും.
സുഹൃത്തുക്കളുമൊന്നിച്ച് വീഡിയോ കാണാനും ഗ്രൂപ്പ് വീഡിയോ കാള്‍ ചെയ്യാനുമുള്ള സൗകര്യങ്ങള്‍ വരും.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഉള്ള സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനായി ഇനി മെസ്സഞ്ചര്‍ ഉപയോഗിക്കാം.
അതുപോലെ വിവരങ്ങള്‍ ചോരാതിരിക്കാനായി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യും
Discussion about this post