ഫേസ്ബുക്കിന്റെ കുത്തക അവസാനിപ്പിയ്ക്കാന്‍ സമയമായെന്ന് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സഹമുറിയനും സ്ഥാപകരിലൊരാളുമായിരുന്ന ക്രിസ് ഹ്യൂസ്.
നീതിയുക്തമായ മത്സരം നടത്താന്‍ കഴിയാത്ത വിധത്തില്‍ ഒരു കുത്തകയായിക്കൊണ്ടിരിയ്ക്കുകയാണ് ഫേസ്ബുക്ക് എന്നാണ് ഹ്യൂസിന്റെ അഭിപ്രായം. ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ഒരു ലേഖനത്തിലാണ് ക്രിസ് ഹ്യൂസ് താന്‍ കൂടി സ്ഥാപിച്ച സ്ഥാപനത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരോടൊപ്പം ചേര്‍ന്നത്.
ശേഖരിയ്ക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഉപയോഗിയ്ക്കുന്ന രീതികളെപ്പറ്റി ലോകമെങ്ങുമുള്ള ഗവണ്മെന്റുകളും മറ്റു നീതിന്യായസ്ഥാ!പനങ്ങളും ഫേസ്ബുക്കിനെതിരെ നിയമനിര്‍മ്മാണം കൊണ്ടൂവരണമെന്ന് ശബ്ദമുയര്‍ത്തുന്ന സമയമാണിത്. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിയ്ക്കുകയും അത് ജനങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന രീതിയില്‍ ഉപയോഗിയ്ക്കുകയും ചെയ്യുകയാണ് ഫേസ്ബുക്ക് എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.
കുത്തകകളെ മൂക്കുകയറിടുന്ന ഒരു സാമ്പത്തികവ്യവസ്ഥയാണ് അമേരിക്കയിലുള്ളത്. എത്ര നല്ല നേതൃത്വം ഉണ്ടെന്ന് വന്നാലും എത്ര നല്ല ആള്‍ക്കാരാണ് തലപ്പത്തുള്ളതെന്നാലും അധികാരം ഒരു ഒരു പരിധിയിലപ്പുറം കേന്ദ്രീകരിയ്ക്കുന്നത് ജനാധിപത്യപരമല്ല. മാര്‍ക് സുക്കര്‍ബര്‍ഗിന്റെ അധികാരം ലോകത്ത് മറ്റാര്ക്കുമില്ലാത്തതും ജനാധിപത്യത്തിനു വിരുദ്ധമാണെന്നുമാണ് ക്രിസ് ഹ്യൂസ് പറയുന്നത്.വാട്സാപ്പ്, ഇസ്റ്റഗ്രാം തുടങ്ങിയ കമ്പനികളെ ഫേസ് ബുക്ക് വിഴുങ്ങിയതും കുത്തകകളെ നിയന്ത്രിയ്ക്കുന്ന അമേരിയ്ക്കന്‍ നിയമങ്ങള്‍ക്കെതിരാണ് എന്നാണ് ക്രിസ് ഹ്യൂസിന്റെ അഭിപ്രായം.
ക്രിസ് ഹ്യൂസും ഫെയിസ്ബുക്കിന്റെ സഹ സ്ഥാപകരായ മാര്‍ക് സുക്കര്‍ബര്‍ഗ്, ഡസ്റ്റിന് മോസ്കൊവിസ് എന്നിവരും ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠിയ്ക്കുമ്പോഴാണ് ഫേസ്ബുക്ക് സ്ഥാപിച്ചത്. 2007ല്‍ ക്രിസ് ഹ്യൂസ് ് രാജിവയ്ക്കുകയായിരുന്നു.
കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയ്ക്ക് വേണ്ടി ഫേസ്ബുക്കില്‍ നിന്ന് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ പല രാജ്യങ്ങളിലേയും തിരഞ്ഞെടുപ്പുകള്‍ പോലും അട്ടിമറിയ്ക്കാന്‍ ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു. 87ദശലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകള്‍ നടത്താന്‍ ദുര്‍വിനിയോഗം ചെയ്തെന്നായിരുന്നു അന്ന് കണ്ടെത്തിയിരുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി കേംബ്രിഡ്ജ് അനലറ്റിക്കയുടെ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നതും വിവാദമായിരുന്നു.
Discussion about this post