ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സല്യൂട്ട് ചെയ്തില്ലെന്നുള്ള വിവാദം സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രപതി വിശിഷ്ടാതിഥി അല്ലെങ്കില്‍ ദേശീയ ഗാനത്തിന് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു.
ദേശീയഗാനം ആലപിക്കുമ്പോള്‍, വിശിഷ്ടാതിഥിയും യൂണിഫോമിലുള്ള ആളുകളും സല്യൂട്ട് ചെയ്യണം. സിവില്‍ ഡ്രസിലുള്ള ആളുകള്‍ അറ്റെന്‍ഷനായി നില്‍ക്കണം. പ്രോട്ടോക്കോള്‍ പ്രകാരം പട്ടാളത്തിന്റെ പരമാധികാരി രാഷ്ട്രപതിയാണ്, അതുകൊണ്ട് സല്യൂട്ട് സ്വീകരിക്കേണ്ടതും ചെയ്യേണ്ടതും അദ്ദേഹമാണ്. ഉപരാഷ്ട്രപതി അറ്റെന്‍ഷനായി നില്‍ക്കുകയാണ് ചെയ്യേണ്ടത്.
ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകുമ്പോള്‍ മാത്രമെ അദ്ദേഹത്തിന് സല്യൂട്ട് ചെയ്യേണ്ടതായുള്ളുവെന്നും ഉപരാഷ്ട്രപതിയുടെ ഓഫിസ് വിശദീകരിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പരേഡ് നടക്കുന്ന സമയത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതായും ഹാമിദ് അന്‍സാരി അറ്റെന്‍ഷനായി നില്‍ക്കുന്നതുമായ ചിത്രം ട്വിറ്ററില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
Discussion about this post