തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിനായകനു വഴിപാട്. സ്മൃതി ഇറാനി പതിനാലു കിലോമീറ്റര്‍ നഗ്നപാദയായി നടന്ന് സിദ്ധിവിനായക ദര്‍ശനം നടത്തി. മുംബൈയിലെ പ്രഭാദേവിയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലേക്കാണ് പതിനാലു കിലോമീറ്റര്‍ നഗ്നപാദയായി നടന്നുചെന്ന് സ്മൃതി ഇറാനി ദര്‍ശനം നടത്തിയത്.
നെഹ്രു കുടുംബം തലമുറകളായി വച്ചനുഭവിച്ചിരുന്ന അമേതി ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്ഗാന്ധിയ്ക്കെതിരേ അട്ടിമറിവിജയം കൈവരിച്ച ശേഷമാണ് സ്മൃതി തന്റെ ഇഷ്ടദേവനെ ദര്‍ശനം നടത്താനായെത്തിയത്. ദീര്‍ഘകാല സുഹൃത്തും ടെലിവിഷന്‍ നിര്‍മ്മാതാവുമായ എക്താ കപൂറും സ്മൃതിയോടോപ്പമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ എക്താ കപൂര്‍ തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
”ദയാവാനായ ഭഗവാന്റെ അനുഗ്രഹം! ‘ സ്മൃതി ഇറാനി ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചു. പതിനാലു കിലോമീറ്റര്‍ ചെരുപ്പിടാതെ നടന്നു എന്ന് തനിയ്ക്ക് വിശ്വസിയ്ക്കാനാകുന്നില്ല എന്നാണ് ഏക്താ കപൂര്‍ കുറിച്ചത്.
കുഞ്ഞുങ്ങളില്ലാതിരുന്ന ഏക്താ കപൂര്‍ നാലുമാസം മുന്‍പ് സറൊഗേറ്റ് ഗര്‍ഭത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു. നാലുമാസം പ്രായമുള്ള ആ കുഞ്ഞിനേയും എടുത്താണ് സ്മൃതി ഇറാനി ക്ഷേത്രത്തിലേക്ക് നടന്നത്. ”സ്മൃതിയുടെ ഒക്കത്തിരുന്ന് ഒരിക്കല്‍പ്പോലും അവന് കരഞ്ഞില്ല”. ഏക്ത കുറിച്ചു.
”ഇവന്റെ ആദ്യ സിദ്ധിവിനായകദര്ശനമാണിത്, ഒരു ജീവിതകാലം മുഴുവനുമുള്ള സിദ്ധിവിനായകദര്ശനം ഞങ്ങള്‍ക്ക് മുന്നിലുണ്ട്. ഇവന്റെ സ്പെഷ്യല്‍ അമ്മാവിയായിരിയ്ക്കും” താന്‍ എന്നാണ് സ്മൃതി മറുപടി നല്‍കിയത്.
അമേതിയിലെ വിജയത്തിനു പിന്നിലും ചെരുപ്പിടാത്ത ഗ്രാമീണരുടെ കഥയുണ്ട്. കേന്ദ്രമന്ത്രിയായപ്പോള്‍ മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ഗ്രാമങ്ങളില്‍ ചെരുപ്പുകളില്ലാതിരുന്ന ഗ്രാമീണര്‍ക്ക് ചെരുപ്പുകള്‍ നല്‍കിയത് ഗ്രാമീണരേയും അവിടുത്തെ എംപിയായിരുന്ന തന്റെ സഹോദരനേയും കളിയാക്കാനാണെന്ന നാടകവുമായി പ്രിയങ്ക വധേരയും ചില മാദ്ധ്യമങ്ങളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് കാലത്ത് വന്‍ വിവാദവുമായെത്തിയിരുന്നു.
അന്ന് ചെരുപ്പുകള്‍ നല്‍കുന്നതുള്‍പ്പെടെ അമേതിയിലെ ഗ്രാമങ്ങളുടെ വികസനത്തിന് പരീക്കറോടും സ്മൃതി ഇറാനിയോടുമൊപ്പം സജീവമായി പ്രവര്‍ത്തിച്ച് വന്ന ബിജെപി കാര്യകര്‍ത്താവായിരുന്ന സഞ്ജയ് സിംഗിനെ കഴിഞ്ഞ ദിവസം ചിലര്‍ വെടിവച്ചുകൊലപ്പെടുത്തി. സകല കീഴ്വഴക്കങ്ങളും മറികടന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ശ്മാശാനത്തിലേക്ക് തോളിലേറ്റാന്‍ മുന്നില്‍ നിന്നത് സ്മൃതി ഇറാനി തന്നെയായിരുന്നു.
ചെരുപ്പുകള്‍ ഉപേക്ഷിച്ച് പതിനാലുകിലോമീറ്റര്‍ നടന്ന് സിദ്ധിവിനായകദര്ശനത്തിനെത്തിയപ്പോള് സ്മൃതി ആ ഗ്രാമീണരുടെ ജീവിതത്തിനെയും അതിനെവച്ച് നാടകം കളിച്ചവരേയും ഓര്‍ത്തത് തന്നെയാവണം. ഒപ്പം സഞ്ജയ് സിംഗിന്റെ ക്രൂരമായ കൊലപാതകത്തിനു കാരണക്കാരായവര്‍ക്ക് താന്‍ പ്രതിജ്ഞയെടുത്തതുപോലെ തന്നെ വധശിക്ഷ വാങ്ങിക്കൊടുക്കും എന്ന നിശ്ചയം പരസ്യമായിത്തന്നെ ഓര്‍മ്മിപ്പിച്ചതുമാണ്.
Discussion about this post