Educated Fools എന്ന് മലയാളിയെ വിളിക്കുന്നത് എല്ലാം അറിയാമെന്ന ഭാവവും ഭൂലോക മണ്ടത്തരത്തില്‍ പോയി വീഴുകയും ചെയ്യുന്ന സ്വഭാവം കൊണ്ട് മാത്രമല്ല, അതിന് വേറെയും ചില കാര്യങ്ങള്‍ ഉണ്ട്. മലയാളി ജീവിക്കുന്നത് ഊതിപ്പെരുപ്പിച്ച മായാ ലോകത്ത് ആണ്.
ഏറ്റവും കൂടുതല്‍ സാക്ഷരത ഉള്ളവര്‍, ശുചിത്വം ഉള്ളവര്‍, സംസ്ക്കാര സമ്പന്നര്‍, ബുദ്ധിയുള്ളവര്‍ അങ്ങനെ പോകുന്നു മലയാളിയുടെ പൊങ്ങച്ചം.
തമിഴനെ കണ്ടാല്‍ പാണ്ടി, കുളിക്കാത്തവന്‍ എന്നൊക്കെ പരിഹസിക്കും. ഉത്തരേന്ത്യയിലെ കക്കൂസുകളുടെ എണ്ണം നോക്കി കളിയാക്കും. കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയത് മറച്ചുപിടിക്കും.
സാക്ഷരത എന്നാല്‍ ഇത്രയേ ഉള്ളൂ ‘The total percentage of the population of an area at a particular time aged seven years or above who can read and write with understanding’. സാക്ഷരതയുടെ കാര്യത്തില്‍ അടക്കം കേരളത്തേക്കാള്‍ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്നത് സൗകര്യപൂര്‍വം മറക്കുന്നു.
പിന്നെ സഖാക്കള്‍ കാരണമാണ് മലയാളി സാക്ഷരര്‍ ആയത് എന്ന് വിശ്വസിക്കുന്ന കുറെ വിഡ്ഢികള്‍ ഇപ്പോഴും ഉണ്ട്. 1817 കാലത്ത് തന്നെ തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പിന്നെ മതപരിവര്‍ത്തനത്തിനായി വന്ന മിഷനറിമാരുടെ സംഭാവനകളും എടുത്ത് പറയണം. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് തന്നെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുമ്പിലായിരുന്നു.
ഇപ്പോള്‍ അതല്ല വിഷയം. ആലപ്പുഴ നഗരത്തിലെ ശുചിത്വവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റില്‍ കമന്റ് ചെയ്തപ്പോള്‍ ഉണ്ടായ രസകരമായ മറുപടികള്‍ ആണ് ഈ പോസ്റ്റിന് ആധാരം. ‘Venice of the East’ എന്ന് Lord Curzon സായിപ്പ് ആലപ്പുഴയെ വിളിച്ചത് ഇറ്റലിയിലെ Venice നഗരത്തെ ഓര്‍ത്താണ്. സായിപ്പ് ആലപ്പുഴ സന്ദര്‍ശിച്ച സമയത്ത് ആലപ്പുഴയിലെ കനാലുകള്‍ വൃത്തിയുള്ളതായിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം ആലപ്പുഴയെ പുകഴ്ത്തിയത്.
ഇന്ന് ശുചിത്വത്തിന്റെ കാര്യത്തില്‍ ആലപ്പുഴ നഗരത്തിന്റെ അവസ്ഥ പരിതാപകരം ആണ്. പക്ഷെ പ്രബുദ്ധരായ മലയാളി സമ്മതിച്ചു തരില്ല കേട്ടോ. മാലിന്യം അടിഞ്ഞുകൂടിയ കുട്ടനാട് ശരിക്കും ഇന്ന് കേരളത്തിലെ ക്യാന്‍സര്‍ തലസ്ഥാനമാണ്. കോടികള്‍ മുടക്കി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട് എങ്കിലും നികുതിദായകരുടെ കോടികള്‍ ആവിയായി പോയതല്ലാതെ വേറൊന്നും സംഭവിച്ചിട്ടില്ല.
ഇന്ത്യയിലെ ശുചിത്വമുള്ള നഗരങ്ങളുടെ റാങ്ക് ലിസ്റ്റ് കേന്ദ്ര നഗരവികസന മന്ത്രാലയം 2017 മുതല്‍ നടത്തുന്നുണ്ട്. Swachh Survekshan എന്ന പേരിലുള്ള ഈ റാങ്കിങ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിചിത്വ സര്‍വ്വേ ആണ്. സംസ്ഥാനങ്ങള്‍ക്കും, നഗരങ്ങള്‍ക്കും എല്ലാം റാങ്ക് നല്‍കും.
2017 ലെ റാങ്കിങ് പ്രകാരം ഇന്ത്യയിലെ 434 നഗരങ്ങളില്‍ ഏറ്റവും മുന്നില്‍ വന്നത് ‘കക്കൂസ് ഇല്ലാത്ത’ ഉത്തരേന്ത്യന്‍ നഗരങ്ങളും നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന മൈസൂരും കോയമ്പത്തൂരും ഒക്കെയാണ്. കേരളത്തില്‍ ഒന്നാമതായി വന്നത് കോഴിക്കോട് നഗരം ആണ്. ദേശീയ തലത്തില്‍ കോഴിക്കോടിന്റെ റാങ്ക് 254 ആയിരുന്നു. കൊച്ചി 271, തിരുവനന്തപുരം 372 എന്നിങ്ങനെ ആയിരുന്നു ബാക്കി നഗരങ്ങളുടേത്.
2018 ലെ Swachh Survekshan റാങ്ക് പ്രകാരം കേരളത്തില്‍ ഒന്നാമതായി വന്നത് പാലക്കാട് നഗരം ആയിരുന്നു. പാലക്കാട് നഗരത്തിന്റെ ദേശീയ റാങ്ക് 211. ആലപ്പുഴ 219, കൊല്ലം 247 എന്നിങ്ങനെ ആയിരുന്നു കേരളത്തിലെ മറ്റു ചില നഗരങ്ങളുടെ റാങ്ക്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം 19 ആയിരുന്നു.
2019 ലേക്ക് വന്നാല്‍ സംസ്ഥാങ്ങളുടെ റാങ്കില്‍ കേരളം 21 ആം സ്ഥാനത്തേക്ക് വീണു. ഇത്തവണ 425 നഗരങ്ങളാണ് മൊത്തം ലിസ്റ്റില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ ഒന്നാമതായി വന്നത് ആലപ്പുഴ ആണ്. ദേശീയ റാങ്ക് 256, കോഴിക്കോട് 299, പാലക്കാട് 334 എന്നിങ്ങനെയാണ്.
അതായത് ദേശീയ തലത്തില്‍ നോക്കിയാല്‍ ശിചിത്വത്തിന്റെ കാര്യത്തില്‍ ആദ്യ 250 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഒരു നഗരം പോലുമില്ല എന്നതാണ് വാസ്തവം. പക്ഷെ നമ്മള് ജീവിക്കുന്നത് മായാലോകത്ത് ആയതുകൊണ്ട് ഈ കണക്കൊന്നും അംഗീകരിച്ചു കൊടുക്കാനാകില്ലല്ലോ. യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയാല്‍ സംസ്ഥാന ദ്രോഹി, ചാണകം, സംഘി, വര്‍ഗീയവാദി. പിന്നെയും നമ്മള് മറുപടി കൊടുത്താല്‍ ഉടന്‍ വരും ഗുജറാത്ത്, ശൂലം, ഗര്‍ഭിണി..
ആലപ്പുഴ നഗരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവം ആണ്. ദിവസങ്ങളോളം കുടിവെള്ളം ലഭിക്കില്ല. പക്ഷെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെയും ബൂര്‍ഷ്വാ കുത്തകകള്‍ക്കെതിരെയും തെരുവുകളില്‍ ആഞ്ഞടിക്കും. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന കോളേജുകളില്‍ സമരം, അക്രമം പക്ഷെ നേതാവിന്റെ മക്കള്‍ ജീവിക്കുന്നത് അമേരിക്കയില്‍, മരുമകനും അമേരിക്കക്കാരന്. കുടുംബത്തെ കാണാന്‍ ഇടയ്ക്കിടെ അമേരിക്കയില്‍ പോകുമെങ്കിലും നേതാവിന് അമേരിക്കയോട് എന്നും വെറുപ്പാണ്. നേതാവ് അമേരിക്കക്കെതിരെ ആലപ്പുഴയുടെ തെരുവുകളില്‍ തീപ്പന്തമാകും കേട്ടോ.
കേരളത്തിന് പുറത്ത് വികസനം നോക്കി ജനം വോട്ട് ചെയ്യുമ്പോള്‍ മലയാളി ജാതി മത സംഘടനകളുടെ ആഹ്വനം അനുസരിച്ച് സഭയുടെ മകളെയും മകനെയും തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ വോട്ട് ചെയ്യും, എന്നിട്ട് കേരളത്തിന് പുറത്തെ ജാതി രാഷ്ട്രീയത്തിനെതിരെ പത്ത് പേജ് ഉപന്യാസം എഴുതും.
മലയാളിക്ക് മാത്രമേ വിവരമുള്ളൂ, അതുകൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടാതിരുന്നത് എന്ന് വീമ്പ് പറയുമ്പോള്‍ ഓര്‍ക്കണം കേരളത്തില്‍ ബിജെപിക്ക് 32 ലക്ഷം വോട്ടുണ്ട്, MLA ഉണ്ട്, നഗരസഭ ഭരിക്കുന്നുമുണ്ട്.
വിദ്യാസമ്പന്നര്‍ അധിവസിക്കുന്ന ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഇന്ത്യയുടെ തലസ്ഥാനവും, സാമ്പത്തീക തലസ്ഥാനമായ മുംബൈയും അടക്കം ബിജെപി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി എങ്കില്‍ ഇവിടെ ശരിക്കും ആരാണ് വിഡ്ഢികള്‍?
അതാണ് പറഞ്ഞത് ഏതോ മായാ ലോകത്ത് ജീവിക്കുന്ന എഡ്യൂക്കേറ്റഡ് ഫുള്‍സ് ആണ് മലയാളി എന്ന്.
Discussion about this post