കേരള കോൺഗ്രസിലെ തര്‍ക്കം തെരുവിലേക്കും പടരുന്നു. മാണി വിഭാഗം ശനിയാഴ്ച കോട്ടയത്ത് ജോസഫിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രമുഖ നേതാക്കളുടെ അറിവോടെയായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിൽ പാലായിലും തൊടുപുഴയിലും ചെറുതോണിയിലും കടുത്തുരുത്തിയിലും ചേരിതിരിഞ്ഞ് കോലം കത്തിച്ചിരുന്നു. വരുംദിവസങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങിയേക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്. ഇരു വിഭാഗവും നേതാക്കളെ അസഭ്യം പറഞ്ഞും മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ട്.
ഇരുപക്ഷവും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന താക്കീതുമായി ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫ്. ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് പരസ്യമുന്നറിയിപ്പുമായി ജോസ് കെ. മാണിയും രംഗത്തുവന്നതോടെ സ്ഥാനമാനങ്ങളെച്ചൊല്ലി കേരള കോൺഗ്രസിൽ ആരംഭിച്ച കലാപം നേർക്കുനേർ പോരാട്ടമായി. സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിച്ച് ജനാധിപത്യപരമായി തീരുമാനം എടുക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഒരുമയോടെ മുന്നോട്ടു പോകാനുള്ള ഏകവഴി സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
താല്‍ക്കാലിക ചെയർമാൻ താനാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയതിന് പിന്നാലെ പാർട്ടിയിൽ പിടിമുറുക്കാനാണ് ജോസഫിന്റെ നീക്കം. എന്നാൽ, അച്ചടക്ക നടപടി ഉണ്ടായാൽ പാർട്ടി എപ്പോൾ പിളർന്നുവെന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് എതിർപക്ഷത്തിന്റെ മുന്നറിയിപ്പ്. ആദ്യം സമവായം, പിന്നീട് സംസ്ഥാന കമ്മിറ്റി എന്ന നിലപാടിലാണു ജോസഫ്. പ്രതിസന്ധി പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വം നടത്തുന്ന നീക്കങ്ങളും ഫലം കണ്ടിട്ടില്ല. മുസ്ലിംലീഗ്-കോൺഗ്രസ് നേതൃത്വവും സമവായ നീക്കങ്ങളിൽ സജീവമാണ്. ഈ മാസം ഒമ്പതിന് മുമ്പ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്നാണ് സ്പീക്കറുടെ നിർദേശം.
Discussion about this post