വാട്സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ എൻജിനീയറിങ് വിദ്യാർഥിക്ക് ഫെയ്സ്ബുക്കിന്റെ അംഗീകാരം. പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ ബി.ടെക്. വിദ്യാർഥി കെ.എസ്. അനന്തകൃഷ്ണ (19)നാണ് ഫെയ്സ്ബുക്ക് ഹോൾ ഓഫ് ഫെയിം ലഭിച്ചത്.
ഉപയോക്താവ് അറിയാതെ വാട്സ് ആപ്പ് ഫയലുകൾ മറ്റുള്ളവർക്ക് പൂർണമായും നീക്കാമെന്ന ഗുരുതരപ്രശ്നം പരിഹരിച്ചതിനാണ് അംഗീകാരം. പിഴവ് രണ്ടു മാസം മുൻപാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. തുടർന്ന് വേണ്ട ഭേദഗതികളോടെ ഫെയ്സ്ബുക്ക് അധികൃതരെ അറിയിച്ചു.
രണ്ടുമാസം നിരീക്ഷിച്ച് പിഴവുകൾ ബോധ്യപ്പെട്ട ഫെയ്സ്ബുക്ക് അധികൃതർ അനന്തകൃഷ്ണനെ ബന്ധപ്പെട്ട് ക്യാഷ് അവാർഡും ഹോൾ ഓഫ് ഫെയിം അംഗത്വവും നൽകുകയായിരുന്നു. 500 ഡോളർ അനന്തകൃഷ്ണന് ക്യാഷ് അവാർഡായി ലഭിച്ചു. ഈ വര്‍ഷത്തെ ഫെയ്സ്ബുക്ക് താങ്ക്സ് പട്ടികയിൽ 80-ാമതയാണ് അനന്തകൃഷ്ണന്റെ പേര് വന്നിട്ടുള്ളത്.ഇന്റർനെറ്റ് സാധ്യതകൾ വിനിയോഗിച്ച് പ്ലസ്ടു പഠന കാലയളവിൽത്തന്നെ എത്തിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരികയായിരുന്നു അനന്തകൃഷ്ണൻ.
ഫെയ്സ്ബുക്കിലും അനുബന്ധ ആപ്ലിക്കേഷനുകളിലും സംഭവിക്കുന്ന പിഴവുകൾ കണ്ടെത്തി വേണ്ട തിരുത്തലുകളോടെ അറിയിക്കുന്നവർക്ക് ക്യാഷ് അവാർഡും ഹോൾ ഓഫ് ഫെയിം പേജിൽ പ്രത്യേക ഇടവും നൽകാറുണ്ട്. ലോകമെങ്ങുമുള്ള ടെക്കികളുടെയും എത്തിക്കൽ ഹാക്കർമാരുടെയും സ്വപ്നമാണ് ഫെയ്സ്ബുക്ക് ഹോൾ ഓഫ് ഫെയിമിൽ ഇടം നേടുകയെന്നത്.
Discussion about this post