ഡല്‍ഹി: ബാന്ദ്രയിലെ മക് ഡൊണാള്‍ഡ്സിന്റെ ഔട്ട്ലറ്റില് ജോലിക്കാരിയായിരുന്ന സമയത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പി എഫ് സര്‍ട്ടിഫിക്കേറ്റ് ലേലത്തിന്. നിലം തുടച്ചും, ടേബിള്‍ ക്ലീന്‍ ചെയ്തും, ഭക്ഷണം വിളമ്പിയും ഉള്ള ജോലിക്കാലം അഭിമാനം പകരുന്നതും, മാതൃകയുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ ലേലം നടത്തുന്നത് കോട്ടണ്‍ ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ആണ് . ഇതിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി മന്ത്രാലയം വ്യക്തമാക്കി.
എയര്‍ ഹോസ്റ്റസ് ആകാനായിരുന്നു സ്മൃതി ഇറാനിക്ക് ഇഷ്ടം. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുത്ത സ്മൃതി ഇറാനിയെ വ്യക്തിത്വം പോരെന്ന കാരണത്താല്‍ എയര്‍ ഇന്ത്യ ജോലിക്കെടുത്തില്ല . എന്നാല്‍ നിരാശയാകാതെ നേരെ മക് ഡൊണാള്‍ഡ്സിന്റെ ഔട്ട്ലറ്റില് സ്മൃതി ജോലിക്കാരിയായി. ടേബിള്‍ വൃത്തിയാക്കുക, നിലം തുടയ്ക്കുക, ഭക്ഷണം വിളമ്പുക ഇതൊക്കെയായിരുന്നു ജോലി. അവിടെ നിന്നാണ് സ്മൃതി ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സ്മൃതി ഇറാനിയുടെ കാലമായിരുന്നു. 2004 ല്‍ ബി ജെ പി യില്‍ ചേര്‍ന്ന സ്മൃതി ഇറാനി അടല്‍ബിഹാരി വാജ്പേയിയുടെ വിശ്വസ്തയായി. പാര്‍ട്ടിക്കുള്ളില്‍ അനിഷേധ്യയായതിന് പിന്നാലെ മോദി മന്ത്രിസഭയില്‍ രണ്ടാം തവണയും മന്ത്രിയായി.
സാഹചര്യങ്ങളോട് പടപൊരുതി മന്ത്രിപദത്തിലെത്തിയ സ്മൃതി ഇറാനിയുടെ ജീവിതം എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും അതിനാലാണ് ലേലം മന്ത്രാലയം മുന്‍കൈയെടുത്ത് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post