കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി മുന്നേറ്റത്തിന് കാരണമായത് ഇടത് അനുഭാവികളുടെ വോട്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തവരില്‍ വലിയൊരുവിഭാഗം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് അദ്ദേഹം വിലയിരുത്തി. പശ്ചിമ ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊല്‍ക്കത്തയില്‍ പറഞ്ഞു.
‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവരുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു ഇത്. മതേതര അടിത്തറ സംരക്ഷിക്കാന്‍ ആഗ്രഹിച്ചവര്‍ തൃണമൂലിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്റെ ഫലമാണ്. ഇതിന്റെ ഫലമായി മറ്റു പാര്‍ട്ടികളുടെ ഇടം തൃണമൂലും ബിജെപിയും കവര്‍ന്നെടുക്കുകയായിരുന്നു’ – യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇടത് അനുഭാവികളുടെ വോട്ട് നഷ്ടമായെങ്കിലും സിപിഎം പാര്‍ട്ടി അംഗങ്ങളുടെ വോട്ട് ബിജെപിക്ക് പോയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ‘സിപിഎം അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. ഇടതു അനുഭാവികളുടെ വോട്ട് മാത്രമാണ് ബിജെപിയിലേക്ക് പോയത്’ യെച്ചൂരി പറഞ്ഞു. ഇത്തവണ വോട്ട് രാമന്, ഇടതു പാര്‍ട്ടികള്‍ക്ക് പിന്നീട്, എന്ന മുദ്രാവാക്യം പോലും തെരഞ്ഞെടുപ്പിനിടെ കേട്ടിരുന്നു. ആരാണ് ഈ മുദ്രാവാക്യത്തിന് രൂപം നല്‍കിയതെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയതായിരുന്നു യെച്ചൂരി.
1977 മുതല്‍ 2011 വരെ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ ഇടതുവോട്ടുകള്‍ ബിജെപിക്ക് പോയെന്ന് സിപിഎം സമ്മതിക്കുന്നത് ഇതാദ്യമാണ്. ബംഗാളില്‍ ഇത്തവണ എക്കാലത്തെയും വലിയ വിജയമാണ് ബിജെപി നേടിയത്. 18 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു.
ബംഗാളില്‍ ഇത്തവണ 40 ഇടത് സ്ഥാനാര്‍ഥികളില്‍ 39 പേര്‍ക്കും കെട്ടിവച്ച് കാശ് നഷ്ടമായിരുന്നു.തെരഞ്ഞെടുപ്പിലെ എക്കാലത്തെയും മോശം പ്രകടനമായിരുന്നു ഇടതുപാര്‍ട്ടികളുടേത്. 7.46 ശതമാനമായിരുന്നു ഇടതുസ്ഥാനാര്‍ഥികളുടെ വോട്ട് വിഹിതം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 29.95 ശതമാനത്തില്‍ വലിയൊരു ശതമാനം ഇടതുപാര്‍ട്ടികള്‍ക്ക് നഷ്ടമായപ്പോള്‍ ബിജെപി ഇത്തവണ 40.25 ശതമാനം വോട്ടുകള്‍ നേടി. തൃണമൂല്‍ കോണ്‍ഗ്രസ് 43.28 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 5.61 ശതമാനം വോട്ടുകളാണ്.
വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള കേന്ദ്ര കമ്മിറ്റി യോഗം ജൂണ്‍ ഏഴിന് ചേരും. കേരളത്തിലും സിപിഎം കനത്ത തിരിച്ചടി നേടിയിരുന്നു. 20 ലോകസഭ സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇടത് മുന്നണി ജയിച്ചത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണിത്. ഹിന്ദു സമൂഹത്തെ അവഗണിച്ചതാണ് കേരളത്തിലും ബംഗാളിലും സിപിഎമ്മിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാന്‍ ഭൂരിപക്ഷത്തെ പിണക്കുന്ന നിലപാടാണ് കേരളത്തില്‍ സ്വീകരിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും, കേരള ഘടകവും സ്വീകരിച്ച നിലപാട് തിരിച്ചടിയായെന്ന സംസ്ഥാന കമ്മറ്റി വിലയിരുത്തലും കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും.
Discussion about this post