എക്കാലത്തും ലോകത്തെ ക്രിക്കറ്റ് ആരാധകരെ ഏറ്റവുമധികം ത്രസിപ്പിക്കുന്ന പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. മത്സരം കാണുന്നതിനായി മൈതാനത്തും ടിവിയ്ക്ക് മുന്നില്‍ എത്തുന്നവരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഈ സമര്‍ദ്ദം കളിക്കളത്തിലെ താരങ്ങളും നല്ലരീതിയില്‍ അനുഭവിക്കാറുണ്ട്. അത്തരമൊരു സമ്മര്‍ദ്ധത്തിന് മുകളില്‍ സംഭവിച്ച അബദ്ധത്തിന്റെ കഥയാണ് ഹര്ഭജന് സിംഗിന് പറയാനുള്ളത്.
16 വര്‍ഷം മുന്‍പ് 2003 ലെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയ സമയത്താണ് സംഭവം നടക്കുന്നത്. അന്നത്തെ മത്സരം എക്കാലവും ഓര്‍മിപ്പിക്കുന്ന ഒന്നാക്കി മാറ്റിയത് സച്ചിന് നേടിയ 98 റണ്‍സിന്റെ ഇന്നിംഗ്സായിരുന്നു. എന്നാല്‍ അധികമാരും അറിയാത്ത മോശമായ സംഭവം വിവരിക്കുകയാണ് ഹര്ഭജന് സിംഗ്.
ഹര്‍ഭജനും പാക്കിസ്ഥാന് താരമായ മുഹമ്മദ് യൂസഫും പരസ്പരം ആക്രമിക്കാന്‍ ഒരുങ്ങിയ സംഭവമാണ് ഇത്. ഇന്ന് അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും മുതിര്‍ന്ന കളിക്കാര്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ അതൊരു വലിയ പ്രശ്നമായി തീര്‍ന്നേനെ എന്ന് ഹര്ഭജന് പറയുന്നു.
‘ വെറുമൊരു തമാശയായാണ് എല്ലാത്തിന്റെയും തുടക്കം . പക്ഷെ അത് കൈവിട്ട് പോവുകയായിരുന്നു. അന്നത്തെ മത്സരത്തില്‍ ഞാന്‍ ടീമിലുണ്ടായിരുന്നില്ല. എനിക്ക് പകരം ടീമില്‍ ഇടം കണ്ടെത്തിയത് കുംബ്ലെ ആയിരുന്നു. അതെന്ന വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്ലെയിംഗ് ഇലവനില്‍ ഇല്ലെങ്കില്‍ സ്വഭാവികമായും അങ്ങനെ തോന്നും ‘
‘ ലഞ്ചിനിടയിലാണ് സംഭവം, ഞാനൊരു ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നേരെ എതിര് മേശയില്‍ ആയിരുന്നു യൂസഫും ഷൊയബ് അക്തറും ഇരുന്നിരുന്നത്. ഞങ്ങള്‍ പരസ്പരം പഞ്ചാബിയില്‍ സംസാരിക്കുകയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങള്‍ രണ്ട് കൂട്ടരും കളിയാക്കി. യൂസഫ് ഇതിനിടയില്‍ വ്യക്തിപരമായ ഒരു കമന്റ് എന്നെക്കുറിച്ച് പറഞ്ഞു. പുറകെ എന്റെ മതത്തെക്കുറിച്ചും. ഞാന്‍ ശക്തമായി തിരിച്ചടിച്ചു. മറ്റുള്ളവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുന്‍പ് തന്നെ ഞങ്ങള്‍ രണ്ടും കയ്യില്‍ ഫോര്‍ക്കുമായി ഇരിപ്പിടത്തില്‍ നിന്നും എണീറ്റു. ഞങ്ങള്‍ പരസ്പരം ആക്രമിക്കാന്‍ തയ്യാര്‍ ആയിരുന്നു ‘ ഹര്ഭജന് പറഞ്ഞു.
ഉടന്‍ തന്നെ രാഹുലും , ശ്രീനാഥും എന്നെ തടഞ്ഞു, വസിം ഭായിയും , സയ്യിദ് ഭായിയും യൂസഫിനെ വിളിച്ച് കൊണ്ടുപോയി. മുതിര്‍ന്ന കളിക്കാര്‍ ഞങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യപ്പെട്ടു. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞു. സംഭവം കഴിഞ്ഞിട്ട് 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ യൂസഫിനെ കാണുമ്പോള്‍ ഞങ്ങള്‍ ഈ കഥ പറഞ്ഞ് ചിരിക്കാറുണ്ട് . ഹര്ഭജന് ചിരിച്ചുകൊണ്ട് പറഞ്ഞു.
Discussion about this post