നാല്‍പ്പതിലധികം സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ സൈന്യം വധിച്ചു. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് സജ്ജാദ് അഹമ്മദ് ഭട്ട് അടക്കം രണ്ടു ഭീകരരെ സൈന്യം വകവരുത്തിയത്.
ഫെബ്രുവരി 14 ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ച് കയറ്റി നടത്തിയ ചാവേറാക്രമണത്തില്‍ സജ്ജാദ് ഭട്ടിനും പങ്കുണ്ടായിരുന്നു. ഇയാളുടെ പേരിലുള്ള മാരുതി കാറാണ് ചാവേറാക്രമണത്തിന് ഉപയോഗിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
ജമ്മുകാശ്മീരിലെ അനന്ദ്നാഗില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ച 2 ഭീകരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് സഹായം ചെയ്യുകയും ചാവേറുകള്‍ക്ക് വാഹനം നല്‍കുകയും ചെയ്ത ഭീകരന് സജ്ജാദ് അഹമ്മദ് ഭട്ട് ആണെന്ന് സൈന്യം സ്ഥിരീകരിച്ചു. സജ്ജാദിന് വേണ്ടി സൈന്യം തെരച്ചില്‍ ശക്തമാക്കിയിരുന്നു.
മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരില്‍ തീവ്രവാദത്തിനെതിരെയുള്ള നടപടി സൈന്യം ഊര്‍ജ്ജിതമാക്കിയിരുന്നു.
Discussion about this post