മൂന്നാറിന്റെ കുളിര്‍മയിലേക്ക് വീണ്ടും ചൂളംവിളിയുമായി തീവണ്ടിയെത്തുന്നു. ട്രെയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെനേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മൂന്നാറില്‍ പരിശോധന നടത്തി. ട്രെയിനെന്ന മൂന്നാറിന്റെ സ്വപ്നം വീണ്ടും യാഥാര്‍ത്ഥ്യമായാല്‍ ടൂറിസം മേഖലയ്ക്കും അത് കൂടുതല്‍ കരുത്ത് പകരും.
മൂന്നാറിലേക്ക് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിന്റെ സാധ്യതകള്‍ ഡിറ്റിപിസി സെക്രട്ടറി ജയന് പി വിജയന്, കണ്ണന്‍ദേവന്‍ പ്ലാന്റേഷന് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥന് അജയന് എന്നിവരുള്‍പ്പെട്ട സംഘം വിലയിരുത്തി. പൊതു സ്വകാര്യ പങ്കാളിത്ത പ്രകാരമായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക.
ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശദമായ പഠനം നടത്തും. ഹിമാലയം റെയില്‍വേ മാതൃക പോലെ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും എസ് രാജേന്ദ്രന് എം.എല്‍.എ പറഞ്ഞു.
1924 ലുണ്ടായ വെള്ളപ്പൊക്കത്തിന് മുന്‍പ് വരെ മൂന്നാറില്‍ നിന്നുമുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി മോണോ റെയില്‍ സംവിധാനം ഉപയോഗിച്ചിരുന്നു. പിന്നീട് ആവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും സര്‍വീസ് നടത്തിയിരുന്നു. 1924 ലെ പ്രളയത്തില്‍ ഈ സംവിധാനം തകരുകയായിരുന്നു.
Discussion about this post